കുറ്റിപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു
text_fieldsകുറ്റിപ്പുറം: കുറ്റിപ്പുറം മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു. നൂറോളം പേർക്ക് രോഗം സ്ഥിരീകരിച്ചത്. കുറ്റിപ്പുറം പഞ്ചായത്തിലെ ഒന്ന്, രണ്ട്, 21, 22 എന്നീ വാർഡുകളിലുള്ളവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
നടുവട്ടം മേഖലയിലെ ആളുകൾക്കാണ് മഞ്ഞപ്പിത്തം കണ്ടെത്തിയത്. ലക്ഷണങ്ങൾ കണ്ട ആളുകളെ വിവിധ ആശുപത്രിയിൽ പ്രവേശിച്ചു. കല്യാണം നടന്ന ഓഡിറ്റോറിയത്തിൽ നിന്നാണ് രോഗബാധയുണ്ടായതെന്ന് സംശയിക്കുന്നു.
രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പുറത്തുനിന്നും ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ മലിനമായ കുടിവെള്ള ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണത്തിന്റെയും ശീതള പാനീയങ്ങളുടെയും ഉപയോഗം, ശീതളപാനീയങ്ങളിലും മറ്റും വ്യാവസായിക അടിസ്ഥാനത്തില്‍ ശുദ്ധമല്ലാത്ത വെള്ളത്തില്‍ നിര്‍മ്മിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നീ കാരണങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്.
വിവാഹങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും തിളപ്പിക്കാത്ത വെള്ളത്തില്‍ തയാറാക്കുന്ന വെല്‍ക്കം ഡ്രിങ്കുകള്‍ നല്‍കുന്നത്, ചൂട് വെള്ളത്തോടൊപ്പം പച്ച വെള്ളം ചേര്‍ത്ത് നല്‍കുന്നത് എന്നിവ രോഗബാധക്ക് കാരണമാകുന്നുണ്ട്. മഞ്ഞപ്പിത്തം പടരാതിരിക്കാന്‍ വ്യക്തി ശുചിത്വം, ആഹാര ശുചിത്വം, കുടിവെള്ള ശുചിത്വം, പരിസര ശുചിത്വം എന്നിവ ഉറപ്പാക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.