കാങ്കപുഴ റെഗുലേറ്റർ കം ബ്രിഡ്ജ് സാമൂഹികാഘാത പഠനം; കരട് റിപ്പോർട്ട് ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ രോഷപ്രകടനം
text_fieldsകുറ്റിപ്പുറം: കാങ്കപുഴ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമാണവുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനം സംബന്ധിച്ച കരട് റിപ്പോർട്ട് ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ സ്ഥല ഉടമകൾ രോഷാകുലരായി. ഒരു വർഷം മുമ്പ് കല്ലിട്ട് പോയതല്ലാതെ യാതൊന്നും ജനങ്ങളെ അറിയിക്കുന്നില്ലെന്ന് സ്ഥല ഉടമകൾ പറഞ്ഞു. എത്ര ഭൂമി ഏറ്റെടുേക്കണ്ടി വരുമെന്നതിൽ യാതൊരു വിവരവും അധികൃതരിൽനിന്ന് ലഭ്യമായിട്ടില്ല. റോഡിന്റെ വീതിയും നീളവും സംബന്ധിച്ചും കൃത്യമായ അറിയിപ്പില്ല. സ്ഥലത്തിന്റെ തെറ്റായ സർവേ നമ്പറാണ് സർവേ സംഘം രേഖപ്പെടുത്തിയതെന്നും സ്ഥല ഉടകേളോട് പറയാതെയാണ് പല വീടുകൾക്കും മുന്നിൽ കുറ്റിയടിച്ചതെന്നും ചർച്ചയിൽ സ്ഥല ഉടമകൾ പറഞ്ഞു.
ജലനിധി പദ്ധതിയുടെ പുഴയിലെ കിണറും പമ്പ് ഹൗസും അടക്കം നഷ്ടപ്പെടുന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ കൈമാറണമെന്ന് ജലനിധി കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. അല്ലാത്ത പക്ഷം 500 കുടുംബങ്ങളുടെ കുടിവെള്ളം മുട്ടും. അപ്രോച്ച് റോഡ് 23 മീറ്റർ 18 മീറ്ററാക്കി കുറക്കണമെന്ന് ആവശ്യമുയർന്നു. അപ്രോച്ച് റോഡിനായി ഏട്ട് കുടുംബങ്ങളുടെ കൂടുതൽ സ്ഥലം നഷ്ടമാകും. 18 മീറ്ററാക്കിയാൽ വലിയ നഷ്ടം ഒഴിവാക്കും. അഞ്ച് സെന്റിൽ താമസിക്കുന്നവരുടെ രണ്ട് സെന്റ് മാത്രം ഏറ്റെടുത്താൽ ബാക്കി സ്ഥലത്ത് വീട് വെക്കാൻ കഴിയില്ലെന്നും മറ്റു ആനുകുല്യങ്ങൾ ലഭിക്കില്ലെന്നും സ്ഥല ഉടമകൾ പറഞ്ഞു. ഇതിന് പരിഹാരമായി അഞ്ച് സെന്റിൽ താമസിക്കുന്നവരുടെ മുഴുവൻ സ്ഥലവും ഏറ്റെടുക്കണമെന്നും ആവശ്യമുയർന്നു.
ആനക്കര വില്ലേജിലെ 64 സർവേ നമ്പറിലും കുറ്റിപ്പുറം പഞ്ചായത്തിൽ 65 സർവേ നമ്പറിലുമായി 98 വ്യക്തികളുടേതായി 170.52 സെൻറ് സ്ഥലമാണ് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമാണത്തിനായി ഏറ്റെടുക്കേണ്ടത്.
ഏറ്റെടുക്കുന്ന ഭൂമിയിൽ വീടുകളും കെട്ടിടങ്ങളുമായി 10 എണ്ണവും 49 മതിൽ, ഗേറ്റ് എന്നിവയും മൂന്നു കിണറുകളും പൊളിച്ചുനീക്കേണ്ടിവരും. പാലത്തിന്റെ അപ്രോച്ച് റോഡ് വരുന്ന കുമ്പിടി ഭാഗത്ത് പ്രധാനമായും കച്ചവട സ്ഥാപനങ്ങളാണ് പൊളിച്ചുനീക്കേണ്ടിവരുക.
കുറ്റിപ്പുറം ഭാഗത്ത് പുഴയിലേക്കുള്ള സർവീസ് റോഡിന്റെ വിതി അഞ്ചുമീറ്ററിൽനിന്ന് നാലു മീറ്ററിലേക്ക് കുറച്ചാൽ വീടുകളും കിണറുകളും പൊളിക്കുന്നത് ഒരു പരിധിവരെ ഒഴിവാക്കാൻ കഴിയുമെന്നാണ് പരിസരവാസികളുടെ നിർദേശം.
അടുത്ത ആഴ്ച റവന്യൂ ഉദ്യോഗസ്ഥർ വീണ്ടും സ്ഥലം സന്ദർശിക്കും. കുറ്റിപ്പുറം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ റവന്യൂ ഉദ്യോഗസ്ഥർ, സാമൂഹികാഘാത പഠന സംഘം, മെമ്പർ സി.കെ. ജയകുമാർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.