നിർദിഷ്ട കുറ്റിപ്പുറം-ഗുരുവായൂർ റെയിൽപാത:പരിഗണനയിലുണ്ടെന്ന് ഡി.ആർ.എം
text_fieldsകുറ്റിപ്പുറം: നിർദിഷ്ട കുറ്റിപ്പുറം -ഗുരുവായൂർ റെയിൽപാത പരിഗണനയിലുണ്ടെന്നും ഇനി സർക്കാർതല രാഷ്ട്രീയ തീരുമാനമാണ് വേണ്ടതെന്നും റെയിൽവേ പാലക്കാട് ഡിവിഷനൽ മാനേജർ അരുൺകുമാർ ചതുർവേദി പറഞ്ഞു. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ വികസന പ്രവൃത്തികൾ വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ വികസനം ദ്രുതഗതിയിൽ പൂർത്തിയാക്കുന്നതിന് കർമപദ്ധതി തയാറാക്കും. തിരൂർ റോഡിലേക്കോ വൺവേ റോഡിലേക്കോ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽനിന്ന് റോഡ് നിർമിക്കുന്നത് സംബന്ധിച്ച് ഉടൻ പ്രവൃത്തി തുടങ്ങാനും നിർദേശമുണ്ട്.
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന സമഗ്രവികസന പദ്ധതി 2024 മാർച്ചിനു മുമ്പ് പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് ഡി.ആർ.എം അവലോകന സന്ദർശനം നടത്തിയത്. വിപുലീകരിച്ച പാർക്കിങ് ഏരിയകളുടെ നിർമാണവും മുഖ്യകവാടത്തിൽ നിർമിച്ച റിങ് റോഡ് പദ്ധതിയും യാത്രക്കാർക്കുള്ള പ്രത്യേക പാത്ത് വേയും ഉൾപ്പെടെ ഡി.ആർ.എം നയിച്ച ഉന്നതതല സംഘം പരിശോധിച്ചു. പുതുതായി നിർമിച്ച പാർക്കിങ് ഏരിയയിൽനിന്ന് പഴയ ഇടവഴി വൺവേ റോഡിലേക്കും റെയിൽവേ മേൽപാലത്തിന് ചുവട്ടിലൂടെ തിരൂർ റോഡിലേക്കും പ്രവേശിക്കാനുള്ള റോഡ് നിർമിക്കാനുള്ള നടപടികൾക്കും ഡി.ആർ.എം നിർദേശം നൽകി.
നിലവിലെ റെയിൽവേ റോഡ് വീതികൂട്ടാൻ പഞ്ചായത്ത് ബങ്കുകൾ മാറ്റി സ്ഥാപിക്കാൻ നിരവധി തവണ നോട്ടീസ് നൽകിയിട്ടും കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കാത്തതിനാലാണ് ബദൽ റോഡ് മാർഗം തേടുന്നത്. കുറ്റിപ്പുറം റെയിൽവേ പാസഞ്ചേഴ്സ് യൂനിയൻ പ്രതിനിധികളായ കെ.പി. അശോകൻ, എൻ.വി. കുഞ്ഞിമുഹമ്മദ്, നാമ്പർ പൊറ്റാരത്ത്, പാറക്കൽ അബു, തയ്യിൽ ഹുസൈൻ, വി. ദേവരാജൻ, എ.കെ. ഇഖ്ബാൽ തുടങ്ങിയവർ ഡി.ആർ.എമ്മിന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.