സുഗമമായി കയറിയിറങ്ങാം; കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിൽ ലിഫ്റ്റ് റെഡി
text_fieldsകുറ്റിപ്പുറം: റെയില്‍വേ സ്റ്റേഷനിൽ കോണിപ്പടി കയറി മറു പ്ലാറ്റ് ഫോമിൽ എത്താൻ പ്രയാസപ്പെടുന്നവർക്ക് ഇനി മുതൽ സുഗമമായി ലിഫ്റ്റുകൾ കയറിയിറങ്ങാം. 86,54, 000 രൂപ ചെലവിലാണ് ലിഫ്റ്റിന്റെ നിർമാണം പൂർത്തീകരിച്ചത്. 2022 ഒക്ടോബറിൽ ആരംഭിച്ച പ്രവൃത്തി 2023 നവംബറിൽ സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിഞ്ഞു. പ്ലാറ്റ്ഫോമുകളില്‍ ഷെല്‍ട്ടറുകളുടെ നിര്‍മാണവും പൂർത്തിയായിട്ടുണ്ട്.
രണ്ട് പ്ലാറ്റ്ഫോമുകളിലും ഷെല്‍ട്ടറുകൾ നിര്‍മിക്കാൻ 1.5 കോടി രൂപയും കെട്ടിടം പുനര്‍നിര്‍മിക്കാൻ ഒരു കോടി രൂപയാണ് റെയില്‍വേ അനുവദിച്ചിരുന്നത്. പ്ലാറ്റ് ഫോം രണ്ടില്‍ ആറ് ഷെല്‍ട്ടറുകളും പ്ലാറ്റ് ഫോം ഒന്നില്‍ രണ്ട് ഷെല്‍ട്ടറുകളുമാണ് നിര്‍മിച്ചത്. മൊത്തം 3.5 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടന്നത്.
ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിയുടെ നിരന്തര ഇടപെടലിന്റെ ഫലമായാണ് കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ 3.5 കോടിയുടെ വികസന പദ്ധതികള്‍ യഥാർഥ്യമാക്കാനായത്. റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് റെയില്‍വേ ജനറല്‍ മാനേജര്‍ വിളിച്ചുചേര്‍ത്ത എം.പിമാരുടെ യോഗത്തിൽ എം.പി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. അമൃത് ഭാരത് പദ്ധതിയിൽ റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന വികസന പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്. പാർക്കിങ് സൗകര്യം വിപുലീകരിക്കുന്നതിന്റെ പ്രവൃത്തികളും നടന്നുവരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.