വ്യാജ നമ്പർ പ്ലേറ്റുമായി കക്കൂസ് മാലിന്യം തള്ളൽ; ടാങ്കർ ലോറി പിടികൂടി
text_fieldsകുറ്റിപ്പുറം: വ്യാജ നമ്പർ പ്ലേറ്റുമായി കക്കൂസ് മാലിന്യം ഉൾപ്പടെയുള്ളവ തള്ളുന്ന വാഹനം നാട്ടുകാർ പിടികൂടി. എടപ്പാൾ നടക്കാവിലാണ് സംഭവം. കുറച്ച് കാലമായി സ്വകാര്യ സ്കൂളിന് താഴെയുള്ള സ്ഥലത്താണ് ഇത്തരത്തിൽ മാലിന്യം തള്ളുന്നത്. മാലിന്യം ഒഴുകിയെത്തുന്നതും അസഹ്യ ദുർഗന്ധവും മൂലം നാട്ടുകാർ ദുരിതത്തിലായിരുന്നു.
ചുറ്റുവട്ടങ്ങളിലെ നിരീക്ഷണ കാമറകൾ പരിശോധിച്ചപ്പോൾ മാലിന്യം തള്ളാനെത്തിയ ഒരു വാഹനത്തിന്റെ ദൃശ്യം ലഭിച്ചിരുന്നു. പരിശോധിച്ചപ്പോഴാണ് വാഹനത്തിന്റെ മുന്നിലും പിന്നിലും രണ്ട് രജിസ്ട്രേഷൻ നമ്പറുകളാനെന്നും ഇവ വ്യാജമാണെന്നും കണ്ടെത്തിയത്.
തുടർന്ന് പൊന്നാനി പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടു. എന്നാൽ, പിന്തുടർന്ന നാട്ടുകാർക്കുനേരെ വാഹനം ഓടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച് രക്ഷപ്പെടുകയായിരുന്നു.
എന്നാൽ, നാട്ടുകാർ കുറ്റിപ്പുറത്ത് ഈ വാഹനം കണ്ടെത്തുകയും പൊന്നാനി പൊലീസിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. കുറ്റിപ്പുറം അത്താണി ബസാർ സ്വദേശിയുടെ ഉടസ്ഥതയിലുള്ളതാണ് ടാങ്കർ ലോറി. എടപ്പാൾ, കുമ്പിടി, കുറ്റിപ്പുറം ഭാഗങ്ങളിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് പതിവാണ്. എന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.