മാമാങ്കം നാൾ മരംമുറി നടന്നു
text_fieldsകുറ്റിപ്പുറം: ചരിത്രത്തിെൻറ പുനരാവിഷ്കരണത്തിന് മാങ്കുളം വേദിയായി. തവനൂരിലെ മറവഞ്ചേരി മാങ്കുളത്താണ് ചരിത്രത്തിെൻറ പുനഃസൃഷ്ടിയായി 'നാൾ മരംമുറി' നടന്നത്. 25 ആചാര വെടിയും ചെണ്ടമേളയും വല്ലഭട്ട കളരിയിലെ ആയുധ അഭ്യാസികളുടെ അകമ്പടിയോടെ ഉത്സവ ഛായയിൽ നടന്ന ചടങ്ങിലാണ് രണ്ടര നൂറ്റാണ്ടിന് ശേഷം വീണ്ടുമൊരു നാൾ മരംമുറിക്ക് അരങ്ങൊരുങ്ങിയത്.
മാമാങ്ക മഹോത്സവത്തിന് സാമൂതിരിയുടെ താൽക്കാലിക കോവിലകവും ഷാബന്ദർ കോയയുടെ കോശ വീടുമുൾപ്പെടെയുള്ളവ നിർമിക്കുന്നതിന് മരങ്ങൾ മുറിച്ചിരുന്നത് ഈ ഗ്രാമത്തിൽ നിന്നായിരുന്നു. ഇതിനെ അനുസ്മരിച്ചാണ് നാൾ മരംമുറി വീണ്ടും നടത്തിയത്.
ജനുവരി 20, 21, 22 തീയതികളിൽ തിരുനാവായയിൽ നടക്കുന്ന മാമാങ്ക മഹോത്സവത്തിെൻറ ഭാഗമായി സാംസ്കാരിക സംഘടനയായ റീ എക്കൗയും മാമാങ്ക മെമ്മോറിയൽ ട്രസ്റ്റും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. സാമൂതിരിയുടെ പിന്തുടർച്ചാവകാശിയായ മൂന്നാൾപ്പാട് മുഖേന മറവഞ്ചേരി മാങ്കുളത്ത് അധിപനായ ചെറിയാണത്ത് ഇളയതിനെയായിരുന്നു മരംമുറിയുടെ ചുമതല ഏൽപ്പിച്ചിരുന്നത്. ഈ ചരിത്ര മൂഹർത്തത്തെ സ്മരിച്ച് പിൻതലമുറക്കാർ ഒത്തുകൂടി. പറനിറക്കലിനു ശേഷം ഉളളാട്ടിൽ കുടുംബാംഗമായ ഉളളാട്ടിൽ രവീന്ദ്രനിൽ നിന്നും സാമൂതിരിയുടെ കൊട്ടാര ജോത്സ്യനായിരുന്ന ആലൂർ കണികരുടെ പിൻതലമുറക്കാരനായ ആലൂർ കളരിക്കൽ മനോജ് പണിക്കർ ദക്ഷിണ സ്വീകരിച്ചതോടെ തുടങ്ങിയ ചടങ്ങുകൾ ഉച്ചവരെ നീണ്ടു.
ചരിത്ര കുടുംബാംഗങ്ങളായ വല്ലഭട്ട ഹരിഗുരുക്കൾ, അശ്വയ് വയ്യവിനാട് ഗുരുക്കൾ, ജയപ്രകാശ് പാക്കത്ത് കളരിക്കൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. തവനൂർ പഞ്ചായത്ത് പ്രസിഡൻറ് സി.പി. നസീറ, വൈസ് പ്രസിഡൻറ് ടി.വി. ശിവദാസ്, തിരൂർ ആർ.ഡി.ഒ പി. സുരേഷ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. പത്മകുമാർ, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി വിപിൻ ചന്ദ്ര, വെട്ടത്ത്നാട് ചരിത്ര സാംസ്കാരിക സഭ പ്രസിഡൻറ് കെ.കെ. അബ്ദുൽറസാഖ് ഹാജി, മാമാങ്ക സ്മാരക സംരക്ഷണ സിമിതി വർക്കിങ് ചെയർമാൻ എം.കെ. സതീഷ് ബാബു, മാമാങ്ക മെമ്മോറിയൽ ട്രസ്റ്റ് സെക്രട്ടറി വാഹിദ് പല്ലാർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിന് സാക്ഷികളായി.
ഇതോടനുബന്ധിച്ച് നടന്ന ചരിത്ര സ്മൃതി സദസ്സിൽ റീ എക്കൗ പ്രസിഡൻറ് സി. ഖിളർ അധ്യക്ഷത വഹിച്ചു. ചിറക്കൽ ഉമ്മർ ചരിത്ര വിവരണം നടത്തി. വിദ്യാർഥികൾക്ക് മാമാങ്ക ചരിത്രം പുസ്തകം ഇ.വി. സലാം ചാപ്പനങ്ങാടി കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.