ദേശീയപാത നിർമാണ പ്രവൃത്തിക്കിടെ വീടുകളിൽ വിള്ളൽ; കുടുംബങ്ങൾ മാറിതാമസിക്കും
text_fieldsകുറ്റിപ്പുറം: ദേശീയപാത നിർമാണ പ്രവൃത്തിക്കിടെ വീടുകളിൽ വലിയരീതിയിൽ വിള്ളൽ. കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് എതിർവശത്ത് ബാംഗ്ലകുന്നിന് മുകളിൽ താമസിക്കുന്ന പേരാഞ്ചേരി ഷറഫുദ്ദീൻ, വാരിയത്ത്പ്പടി മാത, പേരാഞ്ചേരി ബാവ, പേരാഞ്ചേരി അലവി, പേരാഞ്ചേരി അബു എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. വീടിന്റെ നൂറടി താഴ്ചയിലൂടെയാണ് ദേശീയപാത കടന്നുപോകുന്നത്. വീടുകളുടെ മുറ്റം, ചുമര് എന്നിവിടങ്ങളിൽ എല്ലാം താമസ യോഗ്യമല്ലാത്ത തരത്തിലാണ് വിള്ളൽ. ദേശീയപാത വികസനത്തിനായി വീടിന് സമീപത്തെ കുന്നിടിച്ച് കോൺക്രീറ്റിങ് പ്രവൃത്തികൾ നടക്കുന്നതിനിടെയാണ് സംഭവം. കുന്നിന് എട്ടുമീറ്റർ ഉള്ളിലേക്ക് ഇരുമ്പുകമ്പി അടിച്ചുകയറ്റി ഇതിന് മുകളിൽ കോൺക്രീറ്റ് സ്പ്രേ ചെയ്യുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ഒരുമാസം മുമ്പ് ഇരുമ്പുകമ്പി കയറ്റുന്ന പ്രവൃത്തിക്കിടെ ഒരുവീട്ടിലെ കുഴൽ കിണറിന് കേടുപാടുകൾ സംഭവിച്ചിരുന്നു.
ഇതിനുപിന്നാലെ അഞ്ചുദിവസം മുമ്പ് കുന്നിന് താഴെ മണ്ണിടിച്ചിൽ ഉണ്ടായതോടെ വീടിന്റെ മുറ്റത്ത് ചെറിയതോതിൽ വിള്ളൽ രൂപപ്പെട്ട് തുടങ്ങി. വ്യാഴാഴ്ച വിള്ളലിന്റെ വ്യാപ്തി വർധിച്ച് അപകട ഭീഷണിയിലായത്. ഇതിൽ ചില വീട്ടുകാർ രണ്ടുവർഷം മുമ്പ് വീടുവെച്ച് താമസം തുടങ്ങിയവരാണ്. സംഭവത്തെ തുടർന്ന് ഈ പ്രദേശത്ത് നിർമാണ കമ്പനിയായ കെ.എൻ.ആർ.സി നിർമാണ പ്രവൃത്തികൾ നിർത്തി. മറ്റിടങ്ങളിലേക്ക് താമസം മാറ്റണമെന്ന് നിർമാണ കമ്പനിയുടെ ചുമതലക്കാരൻ വെങ്കിട്ട് റെഡ്ഢി അറിയിച്ചു. വാടകപ്പണം നിർമാണ കമ്പനി നൽകും. എൻ.എച്ച്.എ.ഐ ലെയ്സൺ ഓഫിസർ പി.എം.എ. അഷ്റഫും സംഘവും സ്ഥലം സന്ദർശിച്ചു. വെള്ളിയാഴ്ച ടെക്നികൽ ടീം സംഘം സ്ഥലത്തെത്തി പരിശോധന നടത്തും. താമസ യോഗ്യമല്ലെന്ന് ഉറപ്പായാൽ നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുക്കാൻ സാധ്യതയുണ്ട്. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പരപ്പാര സിദ്ദീഖ്, വാർഡ് അംഗം റിജിത, എ.എ. സുൽഫിക്കർ, പാറക്കൽ ബഷീർ, തടത്തിൽ ഷെമീർ എന്നിവർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.