ദേശീയപാത വികസനം പുരോഗതിയിൽ; കുറ്റിപ്പുറത്ത് പുതിയ പാലത്തിന്റെ തൂണുകൾ ഉയരുന്നു
text_fieldsകുറ്റിപ്പുറം: ദേശീയപാത വികസനത്തിെൻറ ഭാഗമായി ആറുവരിപ്പാതയുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. കുറ്റിപ്പുറത്ത് പുതുതായി നിർമിക്കുന്ന പാലത്തിന്റെ തൂണുകൾ ഉയർന്നു തുടങ്ങി. പുഴയിൽ വെള്ളം കൂടുന്നതിനു മുമ്പ് തൂണുകളുടെ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് ശ്രമം. രണ്ട് യന്ത്രങ്ങൾ ഉപയോഗിച്ചാണ് പൈലിങ് നടക്കുന്നത്. പൈലിങ് പൂർത്തിയായ ഭാഗത്ത് തൂണുകളുടെ കോൺക്രീറ്റിങ് ജോലികളും പുരോഗമിക്കുന്നുണ്ട്. പുഴയിൽ 20 മുതൽ 40 മീറ്റർ താഴ്ചയിൽ പൈലിങ് നടത്തിയാണ് തൂണുകൾ നിർമിക്കുന്നത്. നിലവിലെ പാലത്തിനു വടക്കുവശത്തായി ഇരുഭാഗത്തേക്കും 6 ട്രാക്കുകളോടെയാണ് പുതിയ പാലം വരുന്നത്.
കുറ്റിപ്പുറത്തിനും പൊന്നാനിക്കും ഇടയിൽ നാല് പാലങ്ങൾ നിർമിക്കുന്നുണ്ട്. കുറ്റിപ്പുറത്തെ പ്രധാന പാലം കഴിഞ്ഞാൽ പള്ളപ്പുറം, പുതുപൊന്നാനി എന്നിവിടങ്ങളിലാണ് പാലം നിർമിക്കുന്നത്. കുറ്റിപ്പുറം മിനി പമ്പക്കും-പൊന്നാനി ചമ്രവട്ടം ജങ്ഷനും ഇടയിൽ ടാറിങ് ജോലികൾ പുരോഗമിക്കുകയാണ്. ഏറ്റെടുത്ത് ഭൂമി മണ്ണിട്ട് ഉയർത്തിയാണ് റോഡ് ടാറ് ചെയ്തത്. ടാറിങ് പൂർത്തിയായാൽ റോഡിെൻറ ഇരുവശങ്ങളും തുറന്നു നൽകിയ ശേഷം നിലവിലെ റോഡ് ഉയർത്തും.
കുറ്റിപ്പുറം മുതൽ അയങ്കലം വരെയുള്ള ഭാഗങ്ങളിൽ വലിയ കുന്നുകൾ നികത്തുന്ന പണിയാണ് ഏറെ പ്രയാസകരമായി നീങ്ങുന്നത്. ഈ ഭാഗത്ത് വലിയ പാറകൾ പൊട്ടിച്ചുകൊണ്ടിരിക്കുകയാണ്. നികത്താൻ ലോഡു കണക്കിന് മണലാണ് ആവശ്യമായി വരുന്നത്.
കെട്ടിടങ്ങൾ ചില ഭാഗത്ത് ഇപ്പോഴും പൊളിക്കാൻ ബാക്കിയുണ്ട്. ഗതാഗത തിരക്ക് കൂടുതലുള്ള പ്രധാന ജങ്ഷനുകളിൽ നിർമാണം അവസാനഘട്ടത്തിൽ തുടങ്ങാനാണ് നീക്കം. ഈ ഭാഗത്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ പണി തീർക്കുന്ന തരത്തിൽ നിർമാണം വേഗത്തിലാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.