കോവിഡിനെ പേടിക്കേണ്ട; കുറ്റിപ്പുറത്ത് കാറിൽ ഇരുന്ന് ഭക്ഷണം കഴിക്കാം
text_fieldsകുറ്റിപ്പുറം: കോവിഡ് വ്യാപന സാഹചര്യത്തിൽ വാഹനങ്ങളിലേക്ക് സുരക്ഷിതമായി ഭക്ഷണം എത്തിച്ചുനൽകാനുള്ള ടൂറിസം വകുപ്പിെൻറ 'ഇന് കാര് ഡൈനിങ്' പദ്ധതിക്ക് കുറ്റിപ്പുറം മിനി പമ്പയിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കെ.ടി. ജലീൽ എം.എൽ.എ നിർവഹിച്ചു.
കുറ്റിപ്പുറം-ചൂണ്ടൽ സംസ്ഥാനപാതയിൽ മിനി പമ്പയിലെ മോട്ടൽ ആരാമിലാണ് പുതിയ സംവിധാനം ആരംഭിച്ചിരിക്കുന്നത്. ഹോട്ടലുകളിൽ കയറാതെ വാഹനങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പാർക്കിങ് സൗകര്യമുള്ള ഭക്ഷണശാലകളിലാണ് സംവിധാനം നടപ്പാക്കുന്നത്.
യാത്രക്കിടെ ഹോട്ടലുകളിൽ എത്തുന്നവർക്ക് സ്വന്തം വാഹനത്തിൽ ഇരുന്നുതന്നെ ഭക്ഷണം കഴിക്കാം. ഓർഡർ ചെയ്യുന്ന ഭക്ഷണം പ്രത്യേക മേശയിൽ കെ.ടി.ഡി.സി ജീവനക്കാർ വാഹനത്തിലെത്തിക്കും. സംസ്ഥാനത്ത് ആദ്യ ഘട്ടത്തിൽ പദ്ധതി നാല് കേന്ദ്രങ്ങളിലാണ് നടപ്പാക്കിയത്. പദ്ധതി വിജയകരമാണെങ്കിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.
കുറ്റിപ്പുറത്ത് ഇതിനായി ആദ്യഘട്ടത്തിൽ നാല് മേശകളാണ് സജ്ജമായിരിക്കുന്നത്. വിവിധ വാഹനങ്ങൾക്ക് യോജ്യമായ തരത്തിലുള്ള മേശകളാണ് ക്രമീകരിച്ചിരിക്കുന്നത്. ചടങ്ങിൽ ഉദ്യോഗസ്ഥരായ അലക്സ് പി. ജോഷ്വോ, രമേശ്, സന്തോഷ്, സജീവൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.