പുതിയ വർഷത്തിൽ പുഷ്പക്ക് പുതുജീവിതം
text_fieldsകുറ്റിപ്പുറം: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പുതുവത്സരത്തലേന്ന് പുഷ്പ സ്വന്തം നാട്ടിലേക്ക് മടങ്ങി. നീണ്ട ഇടവേളക്കുശേഷം കൂട്ടിക്കൊണ്ടുപോകാനെത്തിയ അച്ഛനോടൊപ്പം അവൾ സന്തോഷത്തോടെ യാത്രയായി. ഉത്തർപ്രദേശിലെ ഡയറിയ ജില്ലയിലെ ഗർമർ സ്വദേശിയായ പുഷ്പയെ മുംബൈ സെന്‍റർ റെയിൽവേ സ്റ്റേഷനിൽ വെച്ച് 2005ലാണ് കുടുംബത്തിന് നഷ്ടപ്പെട്ടത്.
മാനസിക വെല്ലുവിളി നേരിടുന്ന പുഷ്പ അച്ഛനോടൊപ്പം ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ സ്റ്റേഷൻ മാറി ഇറങ്ങുകയായിരുന്നു. തുടർന്ന് 2012ലാണ് തിരൂർ പൊലീസ് പുഷ്പയെ വനിത ശിശു വികസന വകുപ്പിനു കീഴിലെ തവനൂർ റസ്ക്യു ഹോമിൽ എത്തിച്ചത്. ബന്ധുക്കളെ കണ്ടെത്താൻ അധികൃതർ പലവിധ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ഒടുവിൽ 2020 മേയിൽ ഉത്തർപ്രദേശത്തിലെ റെസ്ക്യൂ ഹോമുമായി ബന്ധപ്പെട്ടപ്പോൾ പുഷ്പയെ കാണാതായതിന് അവിടെ കേസുണ്ടെന്ന് കണ്ടെത്തി. തുടർന്ന് അച്ഛനെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. എന്നാൽ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ പുഷ്പയുടെ കാത്തിരിപ്പ് വീണ്ടും നീളുകയായിരുന്നു.
ഒടുവിൽ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽനിന്ന് ട്രെയിനിൽ പുഷ്പ അച്ഛനോടൊപ്പം വീട്ടിലേക്ക് മടങ്ങി. രണ്ടുപേർക്കുമുള്ള ടിക്കറ്റും വീട് വരെ എത്താനുള്ള ഭക്ഷണമടക്കമുള്ള ചെലവും വനിത ശിശു വികസന വകുപ്പ് വഹിച്ചു. ജില്ല വനിത ശിശു വികസന ഓഫിസർ ഷറഫുദ്ദീൻ, സൂപ്രണ്ട് സൈനബ, മാട്രൻ ഷെനി എന്നിവർ ചേർന്നാണ് യാത്രയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.