ഭാരതപ്പുഴയിൽ കുടുങ്ങിയ കന്നുകാലികളെ രക്ഷപ്പെടുത്തി
text_fieldsകുറ്റിപ്പുറം: രണ്ട് ദിവസമായി പെയ്ത കനത്തമഴയിൽ ഭാരതപ്പുഴയിൽ കുടുങ്ങിക്കിടന്ന കാന്നുകാലികളെ രക്ഷപ്പെടുത്തി. തവനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി. ശിവദാസിന്റെ നിർദേശ പ്രകാരം തോണിക്കാരനായ യാഹുട്ടിയാണ് രക്ഷപ്പെടുത്തിയത്. ഭാരതപ്പുഴയിൽ തിരുനാവായക്കും-തവനൂരിനും ഇടയിൽ തവനൂർ സ്വദേശിയുടെ 10 കന്നുകാലികളെയാണ് രക്ഷപ്പെടുത്തിയത്.
ഇനിയും 25 കന്നുകാലികൾ ഭാരതപ്പുഴയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഭാരതപ്പുഴയിൽ അലക്ഷ്യമായി അഴിച്ചുവിട്ട കന്നുകാലികൾ ജലനിരപ്പ് ഉയർന്നതോടെ പുഴയിൽ കുടുങ്ങുകയാണ്. കന്നുകാലികളെ വളർത്തുന്ന സംഘങ്ങൾ അഴിച്ചുവിട്ടവയാണ് പുഴയിലെ മധ്യഭാഗത്തെ തുരുത്തുകളിൽ കുടുങ്ങുന്നത്.
പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായി. ഭാരതപ്പുഴയുടെ വിവിധ ഭാഗങ്ങളിലായി നിരവധി കന്നുകാലികൾ ഇത്തരത്തിൽ മേഞ്ഞുനടക്കുന്നതായി പുഴയോരവാസികൾ പറയുന്നു.
ഏതാനും വർഷം മുമ്പ് പ്രളയകാലത്ത് ഭാരതപ്പുഴയിൽ ഇത്തരത്തിൽ കുടുങ്ങിക്കിടന്ന കന്നുകാലികളെ അഗ്നിരക്ഷാസേനയാണ് രക്ഷപ്പെടുത്തിയത്. മഴയിൽ ജലനിരപ്പ് ഉയരുമ്പോൾ കന്നുകാലികൾ പുഴയുടെ മധ്യഭാഗത്ത് കുടുങ്ങുകയാണ് പതിവ്. ശക്തമായ മഴയിൽ പുഴ നിറഞ്ഞൊഴുകിയാൽ ഇവയുടെ ജീവൻ അപകടത്തിലാകും. ഇക്കാര്യം കണക്കിലെടുത്ത് പുഴയിൽ കന്നുകാലികളെ മേയാൻ വിടരുതെന്ന് അധികൃതർ കർശന താക്കീത് നൽകിയിരുന്നു. എന്നാൽ ഇത്തരം നിർദേശത്തിന് പുല്ലുവില നൽകിയാണ് കർഷകരിൽ ഒരുവിഭാഗം പുഴയിൽ അഴിച്ചുവിടുന്നത്. അഴിച്ചുവിട്ട് മാസങ്ങൾ കഴിഞ്ഞ് വിൽപന സമയത്താണ് ഇവയെ തിരിച്ചെത്തിക്കാറുള്ളത്. പരിപാലിക്കാനുള്ള ചെലവ് ഒഴിവാക്കാനാണ് പുഴയിൽ അഴിച്ചുവിടുന്നത്. ഒരോരുത്തരുടെ കന്നുകാലികളെ പ്രത്യേകം തിരിച്ചറിയാൻ ശരീരത്തിൽ അടയാളം കുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.