സ്വാതന്ത്ര്യാനന്തരം സംസ്ഥാനത്ത് നിർമിച്ച ആദ്യ ജയിൽ
text_fieldsകുറ്റിപ്പുറം: രാജ്യം സ്വതന്ത്രമായശേഷം സംസ്ഥാന സര്‍ക്കാര്‍ നിർമിക്കുന്ന ആദ്യ ജയിലാണ് തവനൂര്‍ സെന്‍ട്രല്‍ ജയില്‍. നിലവില്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്ന ജയിലുകളെല്ലാം ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിക്കപ്പെട്ടവയാണ്. സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളിലും സബ് ജയിലുകളിലും തടവുകാരുടെ ബഹുല്യമാണെന്ന പരാതി ഉയരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. തവനൂര്‍ സെന്‍ട്രല്‍ ജയിൽ ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകും.
തവനൂര്‍ കൂരടയില്‍ ജയില്‍ വകുപ്പിന്റെ 7.56 ഏക്കര്‍ ഭൂമിയില്‍ മൂന്ന് നിലകളിലായാണ് ജയില്‍ സമുച്ചയം. മറ്റ് മൂന്ന് ജയിലുകളില്‍നിന്ന് വ്യത്യസ്തമാണ് പുതിയ ജയിലിന്റെ നിര്‍മാണം.
'യു' ആകൃതിയിൽ 35 കോടിയോളം രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. നിലവിലെ സെന്‍ട്രല്‍ ജയിലുകളുടെ നിര്‍മാണ രീതിയില്‍നിന്ന് വ്യത്യസ്തമായി ആധുനിക സുരക്ഷ സംവിധാനങ്ങളാണ് ഇവിടെയുള്ളത്. മൂന്ന് നിലകളോട് കൂടിയ പ്രധാന കെട്ടിടത്തില്‍ തടവുകാരെ താമസിപ്പിക്കുന്നതിനായി 34 ബാരക് സെല്ലുകളും 24 സെല്ലുകളുമുണ്ട്. ട്രാന്‍സ്ജെന്‍ഡേഴ്‌സിനായി രണ്ട് സെല്ലുകളും ഒരുക്കിയിട്ടുണ്ട്. 706 അന്തേവാസികളെ താമസിപ്പിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. തടവുകാര്‍ക്ക് ഫ്ലഷ് ടാങ്ക് സൗകര്യത്തോടെയുള്ള 84 ടോയ്ലറ്റുകളും ഷവര്‍ സൗകര്യത്തോടെയുള്ള 84 ബാത്ത് റൂമുകളും ഉണ്ട്.
തടവുകാരെ താമസിപ്പിക്കുന്നതിന് 2746 ചതുരശ്രമീറ്റര്‍ സ്ഥലവും അത്യാധുനിക രീതിയിലുള്ള അടുക്കളക്കുവേണ്ടി ഒരു കെട്ടിടവും ഭരണകാര്യങ്ങള്‍ക്കുവേണ്ടി ഒരു കെട്ടിടവും നിലവിലുണ്ട്. തടവുകാരുടെ വിദ്യാഭ്യാസത്തിനും തൊഴില്‍ പരിശീലനത്തിനും തൊഴില്‍ശാലകള്‍ക്കും വേണ്ടിയുള്ള റൂം സൗകര്യങ്ങളും മെയിന്‍ കെട്ടിടത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.
ജയില്‍ മതിലിനകത്ത് 2.87 ഏക്കര്‍ സ്ഥലവും മെയിന്‍ കെട്ടിടത്തിന് ഉള്‍വശത്ത് 43 സെന്റോട് കൂടിയ വിശാലമായ നടുമുറ്റവും ഉണ്ട്. ജയില്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന് വേണ്ടി 11 പേരെയും 59 പേരെ ജോലി ക്രമീകരണ വ്യവസ്ഥയില്‍ മറ്റ് ജയിലുകളില്‍നിന്നും നിയമിച്ചു. 200ഓളം തടവുകാരെയാണ് ആദ്യഘട്ടത്തില്‍ ജയിലില്‍ പാര്‍പ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.