ആവശ്യത്തിന് ജീവനക്കാരില്ല; തപാൽ ഓഫിസ് പ്രവർത്തനം താളംതെറ്റുന്നു
text_fieldsവൈരങ്കോട്: നിത്യവും നിരവധിതപാൽ ഉരുപ്പടികൾ എത്തുന്ന വൈരങ്കോട് പോസ്റ്റ് ഓഫിസിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ഓഫിസ് പ്രവർത്തനം താളം തെറ്റുന്നു. വൈരങ്കോട്, കുത്തുകല്ല്, കമ്മറമ്പ്, സൗത്ത് പല്ലാർ, വലിയപറമ്പ്, മൈലാടിയാൽ, ഹിദായത്ത് നഗർ, ചൂണ്ടിക്കൽ, കുറ്റൂരിലെ ചില ഭാഗങ്ങൾ തുടങ്ങിയ പ്രദേശങ്ങളിലേക്കായുള്ള തപാൽ ആവശ്യങ്ങൾക്കുള്ള ഏക പോസ്റ്റ് ഓഫിസാണിത്. ഇവിടെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്ക് പുറമെ രണ്ട് മെയിൽ കാരിയറുകൾ വേണ്ട സ്ഥാനത്ത് ഒരുമെയിൽ കാരിയർ മാത്രമാണുള്ളത്. ഇതുതന്നെ താൽക്കാലികവുമാണ്. ഇവിടത്തെ പോസ്റ്റ്മാൻ പ്രമോഷനായി പോയതിനുശേഷം സ്ഥിരംനിയമനം നടന്നിട്ടില്ല. പകരം തൽക്കാലിക ജീവനക്കാരനായ ഒരാൾ മാത്രമാണുള്ളത്. ഇവർക്കാണെങ്കിൽ പരിചയക്കുറവും ഇത്രയും ദൂരം യാത്ര ചെയ്ത് എത്താനുള്ള സമയക്കുറവും മൂലം തപാൽ വസ്തുക്കളും ഉടമസ്ഥർക്ക് എത്താൻ വലിയ കാലതാമസം നേരിടുന്നു. ഇതുകാരണം പല ഉരുപ്പടികളും ഓഫിസിൽ കെട്ടിക്കിടക്കുന്ന സ്ഥിതിയാണുള്ളത്.
പി.എസ്.സി മെമ്മോ, സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് തുടങ്ങി പല പ്രധാന രേഖകളും രജിസ്ട്രേഡ് രേഖകളും യഥാസമയം കിട്ടാതെ ഉടമസ്ഥർ പ്രയാസം നേരിടുന്നു. പലപ്പോഴും അയച്ച വസ്തുക്കൾ കിട്ടാതെ വരുമ്പോൾ വിളിച്ച് അന്വേഷിച്ചാൽ ആളില്ലാത്ത പ്രയാസം കാരണം എത്തിക്കാൻ വൈകുമെന്നും ഓഫിസിൽ വന്ന് വാങ്ങിക്കൊണ്ട് പോകാൻ പറയുന്ന സാഹചര്യമാണുള്ളത്. സൗത്ത്പല്ലാർ പ്രദേശത്തുകാരാണ് കൂടുതൽ പ്രയാസമനുഭവിക്കുന്നത്. റെയിൽവേ ഡബിൾ ലൈൻ കടന്നുവരാൻ കഴിയാത്തതു കാരണം തപാൽ വസ്തുക്കളുമായി വൈരങ്കോട്ടുനിന്ന് എടക്കുളം വഴിയോ തെക്കൻ കുറ്റൂർ വഴിയോ പത്ത് കലോമീറ്ററോളം ചുറ്റിക്കറങ്ങിയാണ് ഇവിടേക്ക് എത്തുന്നത്.
1500ലധികം വീടുള്ള ഇവിടേക്ക് മാത്രം ഒരുജീവനക്കാരന്റെ ആവശ്യമുണ്ട്. ഇതിന് പരിഹാരമായി സൗത്ത് പല്ലാറിൽ ബ്രാഞ്ച് ഓഫിസ് സ്ഥാപിക്കണം എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 1990 നവംബർ 26ന് ഗ്രാമപഞ്ചായത്ത് ബോർഡ് മീറ്റിങ്ങിൽ സൗത്ത് പല്ലാറിൽ ബ്രാഞ്ച് പോസ്റ്റ് ഓഫിസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ വാർഡ് മെംബർ കരിമ്പനക്കൽ മൂസക്കുട്ടി പ്രമേയം അവതരിപ്പിച്ച് പാസാക്കിയതാണ്. സമീപ വാർഡിലെ മെംബറായ എം. റോബർട്ട് പ്രമേയത്തിന് അനുവാദകനായിരുന്നു.
വർഷങ്ങൾ നിരവധി കഴിഞ്ഞിട്ടും ഈ ആവശ്യം ഇപ്പോഴും കടലാസിൽ ഒരുങ്ങി കിടക്കുകയാണ്. എത്രയും വേഗം സൗത്ത്പല്ലാർ പ്രദേശത്ത് ബ്രാഞ്ച് പോസ്റ്റ് ഓഫിസ് സ്ഥാപിക്കുകയും നിലവിലെ വൈരങ്കോട് പോസ്റ്റ് ഓഫിസിൽ ആവശ്യമായ ജീവനക്കാരെ നിയമിച്ചും പ്രശ്നത്തിന് പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.