കൈപ്പത്തി നഷ്ടമായ ജീവനക്കാരിക്ക് പകരം ജോലി നൽകണം -മനുഷ്യാവകാശ കമീഷൻ
text_fieldsആലപ്പുഴ: കമ്പനി ജോലിക്കിടെ ജീവനക്കാരിയുടെ വലതു കൈപ്പത്തി അറ്റുപോയ സാഹചര്യത്തിൽ ഇടതു കൈകൊണ്ട് ചെയ്യാൻ കഴിയുന്ന ജോലി കമ്പനി നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ. ഇല്ലെങ്കിൽ പരാതിക്കാരിയുടെ ആവശ്യപ്രകാരമുള്ള ആനുകൂല്യം ലഭ്യമാക്കാൻ കമ്പനി തയാറാകണമെന്നും കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
ജില്ല ലേബർ ഓഫിസർ മുൻകൈയെടുത്ത് കമ്പനി പ്രതിനിധികളുമായും പരാതിക്കാരിയുമായും ചർച്ച നടത്തണമെന്നും അനുഭാവപൂർവമായ സമീപനം സ്വീകരിച്ച് രണ്ടുമാസത്തിനകം പരാതിക്ക് പരിഹാരം കാണണമെന്നും ലേബർ ഓഫിസർക്ക് നിർദേശം നൽകി.
ചേർത്തല പാണാവള്ളി ലളിത സദനത്തിൽ പി.കെ. ശാരദയുടെ പരാതി തീർപ്പാക്കിയാണ് ഉത്തരവ്. 2018 ആഗസ്റ്റ് 15നാണ് പാണാവള്ളി ക്വാളിറ്റി ഫുഡ് പ്രൊഡക്ടസിൽ കൺവെയർ ബെൽറ്റിൽ കുടുങ്ങി പരാതിക്കാരിയുടെ വലതു കൈപ്പത്തി നഷ്ടമായത്. 2019ൽ തിരികെ ജോലിക്കെത്തിയെങ്കിലും 2020 ജൂലൈ 22ന് അകാരണമായി പിരിച്ചുവിട്ടു. 300 രൂപയുടെ ദിവസവേതനത്തിലായിരുന്നു ജോലി. എട്ട് മണിക്കൂർ പാക്കിങ് ജോലി ചെയ്യാൻ കഴിയുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പരാതിക്കാരിയെ തുടർന്നും നിയമിക്കാം എന്നാണ് കമ്പനിയുടെ നിലപാടെന്ന് ജില്ല ലേബർ ഓഫിസർ കമീഷനെ അറിയിച്ചു. എന്നാൽ, തനിക്ക് പാക്കിങ് ജോലി ചെയ്യാൻ കഴിയില്ലെന്ന് കമ്പനി ഉടമക്ക് അറിയാമെന്നും അതിനാലാണ് ജോലി വാഗ്ദാനമെന്നും പരാതിക്കാരി കമീഷനെ അറിയിച്ചു.
കമ്പനി ജോലിക്കിടയിലാണ് കൈപ്പത്തി നഷ്ടമായതെന്നും തുടർന്ന് പരാതിക്കാരിയെ ജോലിയിൽനിന്ന് മാറ്റിനിർത്തിയെന്നും കമീഷൻ ചൂണ്ടിക്കാട്ടി. ഉപജീവനമാർഗം ഇല്ലാതായി. മാനുഷിക പരിഗണനപോലും ലഭിച്ചിട്ടില്ല. അതിനാൽ കൃത്യമായ നടപടിയുണ്ടാകണമെന്നും ഉത്തരവിൽ പറയുന്നു. നടപടി റിപ്പോർട്ട് ജില്ല ലേബർ ഓഫിസർ രണ്ടുമാസത്തിനകം കമീഷനിൽ സമർപ്പിക്കണമെന്നും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.