ഭൂമി അതിർത്തി, വിസ്തീർണ നിർണയം; ജില്ലയിൽ പരിഹരിക്കാനുള്ളത് 8,351 അപേക്ഷകൾ
text_fieldsമലപ്പുറം: റവന്യു വകുപ്പിൽ ജില്ലയിൽ താലൂക്ക് തലങ്ങളിൽ ഭൂമി സംബന്ധമായ അതിർത്തി, വിസ്തീർണ നിർണയ പരാതികളിൽ പരിഹരിക്കാനുള്ളത് മൂന്നുവർഷം വരെയുള്ള പരാതികൾ മാത്രം. പരിഹരിക്കാൻ ഏറ്റവും കുറവ് കാലതാമസം നേരിടുന്ന ജില്ലകളുടെ പട്ടികയിൽ മലപ്പുറം ഒന്നാമതാണ്. റവന്യു വകുപ്പ് പുറത്തുവിട്ട ഭൂരേഖ പരിപാലന (എൽ.ആർ.എം) കണക്ക് പ്രകാരമാണിത്. മറ്റ് ജില്ലകളിൽ അഞ്ചുവർഷത്തിന് മുകളിലുള്ള പരാതികൾ ഇനിയും തീർക്കാൻ കിടക്കുമ്പോഴാണ് മലപ്പുറം പട്ടികയിൽ മികച്ച മുന്നേറ്റം നടത്തിയത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് അഞ്ചുവർഷത്തിന് മുകളിലുള്ള പരാതികൾ പരിഹരിക്കാനായി കിടക്കുന്നത്. കാസർകോട് ജില്ലയിൽ അഞ്ചുവർഷം വരെയുള്ള പരാതികളും തീർക്കാനുണ്ട്. ജില്ലയിൽ ഏഴ് താലൂക്കുകളിലായി മൂന്നുവർഷം വരെയുള്ളതിൽ 8,351 പരാതികളാണ് ആകെ തീർപ്പ് കൽപ്പിക്കാനുള്ളത്.
ഭൂമി വിസ്തീർണമായി 3,894, പരാതികളും അതിർത്തി നിർണയവുമായി 1,975, ഇനംമാറ്റലുമായി 1,195 മറ്റ് വിഭാഗങ്ങളിലായി 1,287 എണ്ണവുമാണ് തീർപ്പാക്കാനുള്ളത്. ഇതിൽ ഒരുവർഷം വരെ 4,475വും മൂന്ന് വർഷം വരെ 3,876വും പരാതികളുണ്ട്. ഏറനാട് താലൂക്കിലാണ് കൂടുതൽ പരാതികൾ പരിഹരിക്കാനുള്ളത്. 1,968 എണ്ണമുണ്ട്. നിലമ്പൂർ താലൂക്കിൽ 1,555, തിരൂരങ്ങാടി 1,292 , കൊണ്ടോട്ടി 1,211, പെരിന്തൽമണ്ണ 1,132, തിരൂർ 975 , പൊന്നാനി 218 എണ്ണവും പരിഹരിക്കാനുണ്ട്. മൂന്ന് വർഷം വരെയുള്ളതിൽ തിരൂരങ്ങാടി താലൂക്കും ഒരുവർഷം വരെയുള്ളതിൽ ഏറനാട് താലൂക്കും മുന്നിലാണ്. ലഭിക്കുന്ന പരാതികൾ താലൂക്ക് സർവേയർമാർ പരിശോധ നടത്തിയാണ് പരിഹരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.