ഭൂമി തരംമാറ്റം; അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കും -കലക്ടര്‍
text_fieldsമലപ്പുറം: ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുമെന്ന് ജില്ല കലക്ടർ വി.ആർ. വിനോദ്. തിരൂർ, പെരിന്തല്‍മണ്ണ റവന്യു ഡിവിഷനുകള്‍ക്ക് കീഴിൽ ഭൂമി തരംമാറ്റത്തിനായി അപേക്ഷ നൽകിയവർക്കുള്ള അദാലത്തുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് എവിടെയും ഏജന്റുമാരെ നിയോഗിച്ചിട്ടില്ല. ഓൺലൈൻ സംവിധാനത്തിൽ സുതാര്യമായാണ് തരം മാറ്റ അപേക്ഷകൾ പരിഗണിക്കുന്നത്.
ആർക്കും ഓണ്‍ലൈനായി തങ്ങളുടെ അപേക്ഷയുടെ സ്ഥിതി പരിശോധിക്കാനാവും. അപേക്ഷയുടെ സീനിയോറിറ്റി പരിഗണിച്ച് മാത്രമാണ് തരം മാറ്റ ഉത്തരവ് നൽകിയിട്ടുള്ളതെന്നും കലക്ടർ പറഞ്ഞു. തിരൂർ റവന്യു ഡിവിഷന് കീഴിൽ ഭൂമി തരംമാറ്റത്തിനായി അപേക്ഷ നൽകിയവർക്കുള്ള അദാലത്ത് തിരൂർ ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയത്തിലും പെരിന്തല്‍മണ്ണ റവന്യു ഡിവിഷന് കീഴില്‍ അപേക്ഷ നല്‍കിയവര്‍ക്കായുള്ള അദാലത്ത് മലപ്പുറം ടൗണ്‍ഹാളിലുമാണ് സംഘടിപ്പിച്ചത്. തിരൂർ ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന അദാലത്തില്‍ തിരൂര്‍ സബ് കലക്ടർ സച്ചിൻ കുമാർ യാദവ് അധ്യക്ഷത വഹിച്ചു. മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന അദാലത്തില്‍ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ഡി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.
തിരൂരില്‍ വിതരണം ചെയ്തത് 2,002
മലപ്പുറം: തിരൂർ ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന തിരൂര്‍ റവന്യൂ ഡിവിഷന് അദാലത്തില്‍ 2,002 ഭൂമി തരം മാറ്റല്‍ ഉത്തരവുകളാണ് വിതരണം ചെയ്തത്. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി പ്രകാരം ഭൂമിയുടെ തരംമാറ്റത്തിനായി നല്കിയ അപേക്ഷകളില്‍ തരംമാറ്റത്തിന് അര്‍ഹമായ 25 സെന്റില്‍ താഴെ സൗജന്യമായി തരംമാറ്റം ലഭിക്കാൻ അർഹരായവരെയുമാണ് അദാലത്തിൽ പരിഗണിച്ചത്. തിരൂർ, പൊന്നാനി, തിരൂരങ്ങാടി താലൂക്കുകള്‍ ഉൾപ്പെടുന്ന തിരൂർ റവന്യൂ ഡിവിഷനിൽ ആകെ 5,095 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷകളിൽ രേഖകളുടെ അപര്യാപ്തത മൂലം 1,425 അപേക്ഷകളും ഫീസ് ഈടാക്കേണ്ട 1,668 അപേക്ഷകളും ഒഴികെയുള്ളവയാണ് അദാലത്തിൽ പരിഗണിച്ചത്.
പെരിന്തൽമണ്ണയില്‍ തീർപ്പാക്കിയത് 1,079 അപേക്ഷകൾ
മലപ്പുറം: ടൗണ്‍ഹാളില്‍ നടന്ന പെരിന്തല്‍മണ്ണ റവന്യൂ ഡിവിഷന് അദാലത്തില്‍ പരിഗണിച്ച 1,740 അപേക്ഷകളിൽ 1,079 എണ്ണം തീർപ്പാക്കി. ടോക്കൺ ലഭിച്ച 940 ഭൂമി തരം മാറ്റല്‍ ഉത്തരവുകൾ നടന്ന അദാലത്തിൽ വിതരണം ചെയ്തു. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി പ്രകാരം ഭൂമിയുടെ തരംമാറ്റത്തിനായി നല്കിയ അപേക്ഷകളില്‍ 25 സെന്റില്‍ താഴെയുള്ളതും സൗജന്യമായി തരംമാറ്റം ലഭിക്കാൻ അർഹരായവരെയുമാണ് അദാലത്തിൽ പരിഗണിച്ചത്.
പെരിന്തൽമണ്ണ, നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി താലൂക്കുകൾ ഉൾപ്പെടുന്ന പെരിന്തൽമണ്ണ റവന്യൂ ഡിവിഷനിൽ ആകെ 4,938 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷകളിൽ രേഖകളുടെ അപര്യാപ്തത മൂലം 1,778 അപേക്ഷകളും ഫീസ് ഈടാക്കേണ്ട 1,420 അപേക്ഷകളും ഒഴികെയുള്ളവയാണ് അദാലത്തിൽ പരിഗണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.