വ്യാജ പട്ടയത്തിൽ ഭൂമി തട്ടിപ്പ് കേസ്: കൗൺസിലർക്ക് മുൻകൂർ ജാമ്യം
text_fieldsപെരിന്തൽമണ്ണ: വ്യാജ പട്ടയം തയാറാക്കി ഭൂമി തട്ടിയെടുത്തെന്ന കേസിൽ ഒരാൾക്ക് ജില്ല സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസിൽ രണ്ടാം പ്രതി സക്കീന സെയ്തിന് (53) ജില്ല സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ രണ്ട് ആൾജാമ്യത്തിലും സ്വന്തം പേരിലുമാണ് ജാമ്യം അനുവദിച്ചത്.
അതേസമയം, കേസിലെ ഒന്നാം പ്രതി കിഴക്കേതിൽ മുഹമ്മദ് സഈദുല്ലക്ക് (65) ജാമ്യം നിരസിച്ചു. പെരിന്തൽമണ്ണ വില്ലേജിൽ പൊന്ന്യാകുർശ്ശിയിൽ സർവേ നമ്പർ 30/6, 30/7 സർവേ നമ്പറുകളിലുള്ള ഭൂമി 2000 വരെയുള്ള കാലയളവിൽ രണ്ടുപേർ ചേർന്ന് വ്യാജപട്ടയം ഉപയോഗിച്ച് നിരവധി പേർക്ക് തുണ്ടുകളായി മറിച്ചുവിറ്റതതായാണ് കേസ്. മുൻ എസ്.ഐ സി.കെ. നൗഷാദാണ് പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. പെരിന്തൽമണ്ണ പുല്ലാനി വീട്ടിൽ മുഹമ്മദ് അബ്ദുസ്സമദിന്റെ പരാതിയിലാണ് കേസ്. തനിക്കും പിതാവിനും അവകാശപ്പെട്ട ഭൂമിയാണ് ഇത്തരത്തിൽ മറിച്ചുവിറ്റതെന്നും നിലവിലെ മറ്റു രണ്ട് പട്ടയങ്ങളെടുത്ത് അതിലെ നമ്പർ ഉപയോഗപ്പെടുത്തി പട്ടയത്തിൽ പ്രതികളുടെ പേരുവിവരങ്ങൾ ചേർത്താണ് വ്യാജരേഖ ചമച്ചതെന്നുമാണ് കോടതിയിൽ നൽകിയ പരാതി. 2021 ജൂലൈയിൽ വിവിധ ക്രിമിനൽ വകുപ്പുകളിട്ട് കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം, വ്യാജപട്ടയം ഉപയോഗിച്ച് ഭൂമി കൈമാറ്റം നടന്നതായ പരാതിയിൽ സർവേ, റവന്യൂ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നത് അന്വേഷണത്തിലേ വ്യക്തമാവൂ. പെരിന്തൽമണ്ണ സി.ഐ സി. അലവിയാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. പ്രതികളിൽ ഒരാൾക്ക് ജാമ്യം അനുവദിച്ച വിധിക്കെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകുമെന്ന് പരാതിക്കാരനായ മുഹമ്മദ് അബ്ദുസ്സമദ് അറിയിച്ചു.
കൗൺസിലറുടെ രാജിക്കായി യൂത്ത് ലീഗ് സമരം
പെരിന്തൽമണ്ണ: വ്യാജരേഖ ചമച്ച് ഭൂമി തട്ടിപ്പ് നടത്തിയ കേസിൽ പ്രതി ചേർക്കപ്പെട്ട പെരിന്തൽമണ്ണ നഗരസഭ ഒമ്പതാം വാർഡ് കൗൺസിലർ സക്കീന സെയ്ത് രാജിവെക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നേതൃത്വത്തിൽ നഗരസഭ ഓഫിസ് കവാടത്തിൽ ധർണ നടത്തി. വ്യാജ പട്ടയങ്ങൾ നിർമിച്ച് ഭൂമി വിൽപന നടത്തി നിരവധി കുടുംബങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും രാജിവെച്ച് അന്വേഷണം നേരിടണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ചേരിയിൽ മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പ്രസിഡന്റ് നിസാം കുന്നപ്പള്ളി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നേതാക്കളായ കിഴിശ്ശേരി ബാപ്പു, തെക്കത്ത് ഉസ്മാൻ, ഹുസൈൻ കല്ലേങ്ങാടൻ, നഗരസഭ കൗൺസിലർമാരായ സലീം താമരത്ത്, ജാഫർ പത്തത്ത്, ജിതേഷ്, ഹുസൈന നാസർ, ഹുസൈൻ റിയാസ്, സജ്ന ഷൈജൽ, തസ്നീമ ഫിറോസ്, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഉനൈസ് കക്കൂത്ത്, യൂത്ത് ലീഗ് ഭാരവാഹികളായ ഹബീബ് മണ്ണേങ്ങൽ, സൈദ് ഉമ്മർ, കെ.എം. റാഷിക്ക്, മൂസ കുറ്റീരി, പി.പി. സക്കീർ, ഫൈസൽ പാക്കത്ത് ഷുക്കൂർ പാതായ്ക്കര, അഫാർ കുന്നപ്പള്ളി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.