ദേശീയപാത മണ്ണിടിച്ചിൽ; വാഹനങ്ങൾ കടന്നുപോകുന്നത് അപകടസാധ്യത കൂട്ടുന്നു
text_fieldsചേലേമ്പ്ര: ദേശീയപാതയിലെ കാക്കഞ്ചേരി സ്പിന്നിങ് മില്ലിന് സമീപത്തെ വളവിൽ ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞ സ്ഥലത്ത് ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ നിലവിലെ റോഡ് മാർഗം വാഹനങ്ങൾ കടന്നുപോകുന്നത് അപകടസാധ്യതയേറ്റുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. സ്ഥലം സന്ദർശിക്കാനെത്തിയ പി. അബ്ദുൽ ഹമീദ് എം.എൽ.എയോടാണ് ആശങ്ക അറിയിച്ചത്.
സ്വകാര്യ ഗ്രൂപ്പിന്റെ ഭൂമിയിലെ ഉയരത്തിലുള്ള സ്ഥലത്തെ കല്ലും മണ്ണും ദേശീയപാതയിലേക്ക് ഇടിഞ്ഞുവീണുള്ള ഗതാഗത തടസ്സം നീക്കം ചെയ്യാനുള്ള സുരക്ഷ മുൻകരുതലുകളും അപകടാവസ്ഥയിലുള്ള മണ്ണും കല്ലുകളും നീക്കം ചെയ്യാനുള്ള പ്രവൃത്തിയും ആരംഭിച്ചിട്ടുണ്ട്. എം.എൽ.എ ദേശീയപാത നിർമാണ കരാർ കമ്പനി സാങ്കേതിക വിഭാഗത്തിനോടും മണ്ണിടിച്ചിലുണ്ടായ സ്വകാര്യ സ്ഥാപന നിർമാണ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന സാങ്കേതിക വിഭാഗത്തോടുമുൾപ്പെടെ സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു. മണ്ണിടിച്ചിലുണ്ടാവാൻ സാധ്യതയുള്ള സ്ഥലത്തിലൂടെ ഗതാഗതം തുടരുന്നതിൽ നാട്ടുകാർ ആശങ്ക അറിയിച്ചതിനെത്തുടർന്ന് നിലവിലെ റോഡ് നിർമാണകരാർ കമ്പനി വാഹനങ്ങൾ കടന്നുപോകാൻ മാത്രം ഉപയോഗിക്കാവുന്ന രീതിയിൽ ക്രമീകരികരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ പഞ്ചായത്ത് തല ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി വിളിച്ചുചേർക്കാൻ പ്രസിഡന്റിന് നിർദേശം നൽകി. ചൊവ്വാഴ്ച രാവിലെ 10.30ന് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേരും. എം.എൽ.എയോടൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. സമീറ സ്ഥലം സന്ദർശിച്ചു. നിലവിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് ദേശീയപാതയിലെ ഡ്രൈനേജ് ഔട്ട്ലെറ്റ് തുറന്ന് വിട്ട് കൃത്രിമ വെള്ളപൊക്കം സൃഷ്ടിച്ച രീതി കേന്ദ്ര-സംസ്ഥാന സർക്കാർ പുനഃപരിശോധിക്കണമെന്നും ഇല്ലെങ്കിൽ ഭാവിയിൽ വൻദുരന്തങ്ങൾക്ക് കാരണമാവുമെന്നും എം.എൽ.എ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.