'മലപ്പുറത്തിെൻറ പ്രാണവായു' പദ്ധതിക്ക് തുടക്കം; ഉദ്ഘാടനം ചെയ്തത് മമ്മൂട്ടി
text_fieldsമലപ്പുറം: കോവിഡ് വ്യാപനം തടയുന്നതിനൊപ്പം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ സൗകര്യങ്ങളും വര്‍ധിപ്പിക്കാന്‍ ജനകീയ സഹകരണത്തോടെ ജില്ല ഒരുങ്ങുന്നു. ഇതിനായി ജില്ല ഭരണകൂടം ആവിഷ്കരിച്ച 'മലപ്പുറത്തിെൻറ പ്രാണവായു' പദ്ധതിക്ക് നടൻ മമ്മൂട്ടി തുടക്കം കുറിച്ചു.
കോവിഡ് വ്യാപനത്തിെൻറ മൂന്നാം തരംഗത്തിനുള്ള സാധ്യത നിലനില്ക്കുമ്പോള് സാധാരണക്കാരുടെ ആശ്രയ കേന്ദ്രങ്ങളായ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന പദ്ധതി മാതൃകാപരമാണെന്ന് ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ച് അദ്ദേഹം പറഞ്ഞു.
ആദ്യഘട്ടത്തില്‍ 20 കോടി രൂപ വില വരുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ ആശുപത്രികളില്‍ ലഭ്യമാക്കും. ഓക്സിജന്‍ ജനറേറ്ററുകള്‍, ക്രയോജനിക്ക് ഓക്സിജന്‍ ടാങ്ക്, ഐ.സി.യു ബെഡുകള്‍, ഓക്സിജന്‍ കോണ്‍സൻററേറ്റര്‍, ആര്.ടി.പി.സി.ആര് യന്ത്രങ്ങൾ തുടങ്ങിയ ഉപകരണങ്ങളും സംവിധാനങ്ങളുമാണ് ഒരുക്കുന്നത്.
പൊതുജനങ്ങള്‍, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍, വിവിധ ട്രേഡ് യൂനിയനുകള്‍, സന്നദ്ധ സംഘടനകള്‍, ചാരിറ്റി സംഘടനകള്‍, വിദേശ രാജ്യങ്ങളിലെ ചാരിറ്റി സംഘടനകള്‍ തുടങ്ങിയവരുടെ പങ്കാളിത്തം ഇതിനായി ഉറപ്പാക്കും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ല കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ മുഖ്യാതിഥിയായി. എ.ഡി.എം എന്‍.എം. മെഹറലി, സബ് കലക്ടര്‍മാരായ കെ.എസ്. അഞ്ജു, ശ്രീധന്യ സുരേഷ്, സൂരജ് ഷാജി, അസി. കലക്ടര്‍ സഫ്ന നസിറുദ്ദീന്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന, മലപ്പുറം പ്രസ് ക്ലബ് ട്രഷറര്‍ സി.വി. രാജീവ്, ഡോ. നൗഫല്‍, എം. ശ്രീഹരി, കെ. ദേവകി, കൃഷ്ണ പ്രദീപ്, വിഷ്ണുദാസ്, ബാബുരാജ്, എ.ഇ. ചന്ദ്രന്, അബ്ദുൽ ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എസ്.ബി.ഐ മലപ്പുറം സിവില്‍ സ്റ്റേഷന് ശാഖയില്‍ ജില്ല കലക്ടറുടെ പേരില്‍ ആരംഭിച്ച അക്കൗണ്ടിലേക്ക് സഹായം കൈമാറാം. അക്കൗണ്ട് നമ്പര്‍: 40186466130. ഐ.എഫ്.എസ്.സി: SBIN0070507. ഫോൺ: 9288025362, 0483 2734988.
പദ്ധതിയെ കുറിച്ച് അറിയില്ലെന്ന് ജനപ്രതിനിധികൾ
ജില്ല ഭരണകൂടം ജനകീയ പിന്തുണയോടെ നടപ്പാക്കുന്ന മലപ്പുറത്തിെൻറ പ്രാണവായു പദ്ധതിയെ കുറിച്ച് അറിയില്ലെന്ന് ജനപ്രതിനിധികൾ. ജില്ലയിലെ എം.പിമാരെയോ എം.എൽ.എമാരെയോ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ല. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മാത്രമാണ് പരിപാടിയിൽ പങ്കെടുത്തത്. പരിപാടിയെ കുറിച്ച് അറിയിച്ചിരുന്നില്ലെന്നും ക്ഷണം ലഭിച്ചിരുന്നില്ലെന്നും പി. ഉബൈദുല്ല എം.എൽ.എ പറഞ്ഞു.
മാധ്യമങ്ങളിലൂടെ അറിഞ്ഞ വിവരം മാത്രമാണുള്ളത്. സർക്കാറിെൻറ പ്രതിനിധികളായിട്ടും കലക്ടറേറ്റിൽനിന്ന് അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷണമുണ്ടായിരുന്നില്ലെന്ന് ടി.വി. ഇബ്രാഹിം എം.എൽ.എയും അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് എം.എൽ.എ, എം.പിമാരുടെ ഫണ്ടിൽനിന്ന് കോടികളാണ് ചെലവഴിക്കുന്നത്.
കോവിഡ് വ്യാപനത്തിെൻറ മൂന്നാം തരംഗത്തിനുള്ള സാധ്യത നിലനില്ക്കുമ്പോള് സര്‍ക്കാര്‍ ആശുപത്രികളിൽ സൗകര്യം വർധിപ്പിക്കുന്ന പദ്ധതിയാണിത്. പ്രാണവായു പദ്ധതി അറിഞ്ഞത് മാധ്യമങ്ങൾ വഴി മാത്രമാണെന്നും പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.