തെരഞ്ഞെടുപ്പ് ഗോദയിലേക്ക്; കച്ചമുറുക്കി ഇടതു മുന്നണി
text_fieldsമലപ്പുറം: ഔദ്യേഗിക പ്രഖ്യാപനം ബാക്കിയുണ്ടെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥികളെ ആദ്യം തിരുമാനിച്ച് ഒരു മുഴം മുമ്പേ കളത്തിലിറങ്ങി എൽ.ഡി.എഫ്. മലപ്പുറത്ത് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. വസീഫിനേയും പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെ.എസ്. ഹംസയെ പൊതു സ്വതന്ത്രനായും തീരുമാനിച്ചതോടെ എൽ.ഡി.എഫ് ക്യാമ്പ് ഉണർന്നു. വയനാട്ടിലേക്ക് ദേശീയ നേതാവ് ആനി രാജയുടെ പേരാണ് സി.പി.ഐ പരിഗണിക്കുന്നത്. അന്തിമ തീരുമാനമായിട്ടില്ല. 27ന് എൽ.ഡി.എഫിന്റെ പൊതുപട്ടിക പുറത്തിറക്കും. എൽ.ഡി.എഫിലെ മലപ്പുറം പാർലമെന്റ് മണ്ഡലം തെരരെഞ്ഞടുപ്പ് കമ്മിറ്റി 20നും പൊന്നാനി മണ്ഡലം കമ്മിറ്റി വെള്ളിയാഴ്ചയും നിലവിൽവന്നു. ഘടകകക്ഷികളുടെ രണ്ടു വീതം പ്രതിനിധികളും ഏഴ് അസംബ്ലി മണ്ഡലങ്ങളിലെ എൽ.ഡി.എഫ് കൺവീനർമാരും ചേർന്ന പാർലമെന്റ് മണ്ഡലം കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് കൺവെൻഷന് ചുക്കാൻ പിടിക്കുക. ഇലക്ഷൻ വിജ്ഞാപനം വന്നശേഷം പാർലമെന്റ് മണ്ഡലം കൺവെൻഷനുകൾ വിളിച്ചുചേർക്കും. കൺവെൻഷനിൽ 5000പേരെ പങ്കെടുപ്പിക്കാൻ തീരുമാനമുണ്ട്. തുടർന്ന് അസംബ്ലി മണ്ഡലം, പഞ്ചായത്ത്, ബൂത്ത് കൺവെൻഷനുകളും ചേരും. വോട്ടർ പട്ടികയിൽ പേർ ചേർക്കൽ, ബി.എൽ.ഒമാരെ നിശ്ചയിക്കൽ അടക്കം മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായതായി എൽ.ഡി.എഫ് കേന്ദ്രങ്ങൾ അറിയിച്ചു.
യു.ഡി.എഫും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിൽ ഒപ്പമുണ്ട്. വോട്ടർ പട്ടികയിൽ പേർ ചേർക്കുന്ന പ്രവർത്തനവും ബൂത്തുതല കമ്മിറ്റികളുടെ പുനഃസംഘടനയും യു.ഡി.എഫ് നേരത്തെ പൂർത്തിയാക്കി. നിയോജകമണ്ഡലം തലങ്ങളിൽ സംഘടിപ്പിച്ച വിചാരണ സദസ്സുമായി ബന്ധപ്പെട്ട്, പഞ്ചാത്ത്തല കൺവെൻഷനുകളും പൂർത്തിയായി. കോൺഗസും ലീഗും പാർട്ടിതലത്തിൽ വെവ്വേറെയും മുന്നൊരുക്കങ്ങളിൽ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും വിളിച്ചുചേർത്ത നേതൃകൺവൻഷനുകളാണ് കോൺഗ്രസിന്റെ സംഘടന സംവിധാനത്തിന് ഉണർവേകുന്നത്. ലീഗ് പാർലമെന്റ് മണ്ഡലം കൺവെൻഷനുകൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. ലീഗ് പോഷക സംഘടനകളും സജീവമാണ്. യു.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനമാണ് ബാക്കിയുള്ളത്. മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീറും പൊന്നാനിയിൽ അബ്ദുസമദ് സമദാനിയും വരുമെന്നാണ് സൂചനകൾ. വയനാട്ടിൽ രാഹുൽ ഗാന്ധിയെയും യു.ഡി.എഫ് കാത്തിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.