എൽ.ഇ.ഡി ബൾബ്, മെയ്ഡ് ഇൻ തവനൂർ സെൻട്രൽ ജയിൽ
text_fieldsകുറ്റിപ്പുറം: തവനൂർ സെൻട്രൽ ജയിലിൽനിന്ന് ഇനി വെളിച്ചം പകരും. ജയിലിൽ കഴിയുന്നവർക്കായി നടത്തിയ എൽ.ഇ.ഡി ബൾബ് നിർമാണ പരിശീലനം പൂർത്തിയായതോടെ ഇവർ നിർമിച്ച ബൾബുകൾ വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്കും ജയിൽ കാന്റീൻ വഴിയും കുറഞ്ഞ ചെലവിൽ ജനങ്ങളിലേക്ക് എത്തിക്കും.
മാനസികവും സാമൂഹികവുമായ പരിവർത്തനം നടത്തി സമൂഹത്തിന് പ്രയോജനപ്പെടുന്ന പൗരന്മാരാക്കി മാറ്റുക എന്ന ലക്ഷ്യം മുൻനിർത്തി സാമൂഹിക നീതി വകുപ്പ് പ്രബേഷൻ വിങ് ‘നേർവഴി’ പദ്ധതിയുടെ ഭാഗമായാണ് എൽ.ഇ.ഡി ബൾബ് നിർമാണ പരിശീലനം നടത്തിയത്. നാലു ദിവസത്തെ പരിശീലന പരിപാടിയിൽ നിയമബോധവത്കരണം, ഹൃദയ പരിശോധന ക്യാമ്പ്, ഹൃദയ വ്യായാമ പരിശീലനം എന്നിവയും നടത്തി.
ജില്ല ലീഗൽ സർവിസസ് അതോറിറ്റി മലപ്പുറം, കോഴിക്കോട് ആസ്റ്റർ മിംസ് ചാരിറ്റബ്ൾ ട്രസ്റ്റ് ആൻഡ് ആസ്റ്റർ വളന്റിയേഴ്സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി മലപ്പുറം ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ഷാബിർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റിന്റെ മെഡൽ ജേതാവും ഭിന്നശേഷിക്കാരനുമായ ജോൺസൺ എൽ.ഇ.ഡി ബൾബ് നിർമാണ പരിശീലനത്തിന് നേതൃത്വം നൽകി.
ജില്ല സാമൂഹിക നീതി ഓഫിസർ സി.കെ. ഷീബ മുംതാസ്, ജില്ല പ്രബേഷൻ ഓഫിസർ സമീർ മച്ചിങ്ങൽ, ആർ. രമ്യ, ജയിൽ ജോയന്റ് സൂപ്രണ്ട് സിയാദ്, അൻജുൻ അരവിന്ദ്, കോഴിക്കോട് ആസ്റ്റർ മിംസ് ചാരിറ്റബ്ൾ ട്രസ്റ്റ് ആൻഡ് ആസ്റ്റർ വളന്റിയർ മാനേജർ കെ.വി. മുഹമ്മദ് ഹസീം, പ്രബേഷൻ അസിസ്റ്റന്റ് പി. ഷിജേഷ്, ജയിൽ വെൽഫെയർ ഓഫിസർ വി.പി. ബിപിൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.