വിലയില്‍ ചെറുതല്ല ചെറുനാരങ്ങ; റമദാനില്‍ ആവശ്യമേറുമ്പോള്‍ വില 200ലേക്ക്
text_fieldsകൊണ്ടോട്ടി: റമദാനില്‍ ആവശ്യമേറിയതോടെ ചെറുനാരങ്ങ വില ഉയരുന്നു. ചില്ലറ വിപണിയില്‍ വില 200 രൂപ വരെയെത്തി. ഇഫ്താര്‍ സംഗമങ്ങൾ മുതല്‍ വീടുകളില്‍ നടക്കുന്ന നോമ്പുതുറ സൽക്കാരങ്ങളിൽ വരെ അനിഷേധ്യ വിഭവമായതോടെയാണ് ഇത്തിരിക്കുഞ്ഞന്‍ ചെറുനാരങ്ങ താരമാകുന്നത്.
150 രൂപ മുതല്‍ 170 രൂപ വരെ കിലോഗ്രാമിന് ഈടാക്കിയാണ് ചെറുനാരങ്ങയുടെ മൊത്ത വ്യാപാരം നടക്കുന്നത്. തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ചെറുനാരങ്ങ സംസ്ഥാന വിപണിയിലെത്തുന്നത്. കോവിഡാനന്തരം നോമ്പുതുറ സൽക്കാരങ്ങള്‍ വര്‍ധിച്ചതോടെ നാരങ്ങക്ക് ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍, വിപണിവില സാധാരണക്കാര്‍ക്ക് വെല്ലുവിളിയാകുന്നു.
നേരത്തേ കിലോഗ്രാമിന് 80 രൂപയായിരുന്നു ചെറുനാരങ്ങ വില. ഇതാണ് 200 രൂപയില്‍ എത്തി നില്‍ക്കുന്നത്.
ആവശ്യത്തിനനുസരിച്ച് നാരങ്ങയുടെ ലഭ്യതക്കുറവാണ് വിലക്കയറ്റത്തിന് പ്രധാന കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. നാരങ്ങ ഉൽപാദനം കുറഞ്ഞ സമയത്താണ് ഇത്തവണ റമദാന്‍ വന്നെത്തിയത്.
പച്ചക്കറി വിലവര്‍ധന തടയാന്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ ഈ മേഖലയിലും വേണമെന്ന ആവശ്യമാണ് വ്യാപാരികളില്‍നിന്ന് ഉയരുന്നത്.
വിലക്കയറ്റം തടയാന്‍ നിലവില്‍ നടപടികള്‍ ഏതുമില്ലാത്തത് വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ വലക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.