വായന വളർത്താൻ വേണം മലപ്പുറത്ത് ജില്ല ലൈബ്രറി
text_fieldsമലപ്പുറം: പൊതുജനങ്ങൾക്ക് വായിക്കാനും വിവരം തേടാനും ജില്ലക്കും വേണം സ്വന്തമായി ജില്ല പൊതു ലൈബ്രറി. എല്ലാ സൗകര്യങ്ങളോടുകൂടിയുള്ള ലൈബ്രറിയാണ് വേണ്ടത്. നിലവിൽ പ്രാദേശികതലങ്ങളിലും വിദ്യാലയങ്ങളിലും ലൈബ്രറികൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ജില്ലതലത്തിൽ വിപുലമായ സംവിധാനത്തോടെ പൊതു ലൈബ്രറി ഇന്നും അന്യമാണ്.
വിഷയം കാലങ്ങളായുള്ള ആവശ്യമാണെങ്കിലും ഇന്നും ജില്ല പബ്ലിക് ലൈബ്രറി യാഥാർഥ്യമായില്ല. യാഥാർഥ്യമായാൽ വായനയെ പ്രോത്സാഹിപ്പിക്കാനും പുസ്തക ആസ്വാദകർക്ക് ഗുണകരമായി തീരുന്നതുമായിരിക്കും സംവിധാനം. തുടർപഠനം നടത്തുന്നവർക്ക് അറിവ് വർധിപ്പിക്കാനും റഫൻസ് സൗകര്യത്തിനും ഉപകാരപ്രദമാകും. നിലവിൽ കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം ജില്ലകൾക്ക് ജില്ല ലൈബ്രറിയുണ്ട്. വിദ്യാഭ്യാസ രംഗത്ത് അടക്കം ജില്ല മുന്നേറുന്ന സാഹചര്യത്തിൽ സൗകര്യമുള്ള ലൈബ്രറി ഏവർക്കും പ്രയോജനകരമാണ്.
സ്ഥലം കിട്ടണം
മലപ്പുറം: പദ്ധതിക്ക് ആദ്യം സ്വന്തമായി സ്ഥലം കണ്ടെത്തണം. മിനിമം അഞ്ച് സെന്റ് സ്ഥലമെങ്കിലും വേണം. അഞ്ചിൽ കൂടുതൽ സ്ഥലം ലഭിച്ചാൽ കൂടുതൽ ഉപകാരപ്രദമാകും. സിവിൽ സ്റ്റേഷൻ പരിസരത്തോ കോട്ടക്കുന്നിലോ ലഭിച്ചാൽ കൂടുതൽ സൗകര്യപ്രദമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. തദ്ദേശ സ്ഥാപനങ്ങളോ വ്യക്തികളോ സൗജന്യമായി സ്ഥലം നൽകിയാലും സ്വീകരിക്കാൻ അധികൃതർ ഒരുക്കമാണ്. ഇതിനുള്ള നടപടികൾ ജില്ല ലൈബ്രറി കൗൺസിൽ ആലോചിച്ചുവരുകയാണ്. വിഷയത്തിൽ കലക്ടറുമായി കൂടിയാലോചന നടത്തി തുടർനടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.
രണ്ടു കോടിയുടെ പദ്ധതി
മലപ്പുറം: സ്ഥലം കിട്ടിക്കഴിഞ്ഞാൽ ആധുനിക സംവിധാനത്തോടെ ജില്ല ലൈബ്രറി ഒരുക്കാനാണ് അധികൃതരുടെ തീരുമാനം. രണ്ടു കോടി രൂപയുടെ പദ്ധതികളാണ് ജില്ല ലൈബ്രറി കൗൺസിൽ കണക്കുകൂട്ടുന്നത്. എല്ലാ സെക്ഷനോടും കൂടിയ ലൈബ്രറി റൂം, കുട്ടികൾക്ക് പ്രത്യേക വിഭാഗം, പത്രങ്ങളും മാഗസിനുമടക്കം വായിക്കാൻ കഴിയുന്ന തരത്തിലുള്ള റീഡിങ് റൂം. ചെറിയ കോൺഫറൻസ് ഹാൾ, കഫത്തീരിയ അടക്കമുള്ളതാണ് അധികൃതരുടെ പദ്ധതിയിലുള്ളത്. തദ്ദേശ സ്ഥാപനങ്ങൾ വഴിയോ എം.എൽ.എമാർ വഴിയോ ഫണ്ട് ലഭിച്ചാൽ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സാധിക്കും.
താൽക്കാലിക സംവിധാനം വരും
മലപ്പുറം: നിലവിൽ പുതിയ ജില്ല ലൈബ്രറി സാധ്യമായില്ലെങ്കിൽ താൽക്കാലികമായി സംവിധാനം ഒരുക്കാനാണ് അധികൃതരുടെ തീരുമാനം. ജില്ല ലൈബ്രറി കൗൺസിലിന്റെ കുന്നുമ്മൽ സിവിൽ സ്റ്റേഷൻ പരിസരത്ത് താമരകുഴി റോഡിൽ പ്രവർത്തിക്കുന്ന ഓഫിസിന് മുകളിൽ താൽക്കാലികമായി ലൈബ്രറി കേന്ദ്രം ഒരുക്കാനാണ് തീരുമാനം. ഇതിനായി അഞ്ചു ലക്ഷം രൂപയുടെ പദ്ധതി രേഖ ലൈബ്രറി കൗൺസിൽ തയാറാക്കിയിട്ടുണ്ട്. ഇത് സംസ്ഥാന ലൈബ്രറി കൗൺസിലിന് സമർപ്പിച്ച് അനുമതി വാങ്ങാനുള്ള തയാറെടുപ്പിലാണ്.
വായനക്കാർക്ക് സന്തോഷമാകും
മലപ്പുറം: ജില്ലയിൽ യൂനിവേഴ്സിറ്റികൾ, കോളജുകൾ, സംഘടന ലൈബ്രറികൾ തുടങ്ങിയവയിലാണ് നിലവിൽ വിപുലമായ സൗകര‍്യങ്ങളുള്ളത്. ജില്ല ലൈബ്രറി ഒരുക്കുകയാണെങ്കിൽ ഇതേ സംവിധാനത്തിലാകും നടപ്പാക്കുക. ഇത് വായനക്കാർക്ക് ഏറെ സന്തോഷകരമാകും. പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിക്കാനും പുസ്തകലോകത്തേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാനും സംവിധാനം വഴിയൊരുക്കും.
ജനങ്ങളുടെ നിരന്തര ആവശ്യം
മലപ്പുറം: മലപ്പുറത്തിന് സ്വന്തമായി ജില്ല ലൈബ്രറി വേണമെന്നത് നിരന്തരം ആവശ്യമാണ്. ഇതിനായി പദ്ധതി തയാറാക്കിയിട്ടുണ്ട്. വിഷയത്തിൽ ജില്ല കലക്ടറുമായി ചർച്ച നടത്തി ധാരണയിലെത്താനാകുമെന്നാണ് പ്രതീക്ഷ. പദ്ധതി യാഥാർഥ്യമായാൽ ലൈബ്രറി മേഖലക്ക് മികച്ച നേട്ടമാകും - ഡോ. കെ.കെ. ബാലചന്ദ്രൻ, ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.