ലൈഫ് ഭവന പദ്ധതി: ഗുണഭോക്താക്കൾ ചോക്കാട് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു
text_fieldsലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കൾ ചോക്കാട് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുന്നു
കാളികാവ്: ചോക്കാട് ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതി ഗുണഭോക്താക്കൾ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. പഞ്ചായത്തിനെ വിശ്വസിച്ച് നിലവിലെ പഴകിയ വീടും പൊളിച്ചുമാറ്റി പെരുവഴിയിലായ കുടുംബങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. 2022-23 സാമ്പത്തിക വർഷം ലൈഫ് ഭവന പദ്ധതിയിൽ ഈ കുടുംബങ്ങളെ ഉൾപ്പെടുത്തുകയും വീടിനുവേണ്ടി പഞ്ചായത്തുമായി എഗ്രിമെന്റ് വെപ്പിക്കുകയും ചെയ്തു.
എന്നാൽ ലിസ്റ്റിൽ ഉൾപ്പെട്ട 30 പേരെ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ അനർഹതയാരോപിച്ച് ലിസ്റ്റിൽനിന്ന് ഒഴിവാക്കുകയായിരുന്നു. ഈ ആളുകളെ പിന്നീട് ഗ്രാമസഭ യോഗത്തിൽ വീണ്ടും തിരഞ്ഞെടുക്കുകയും ശേഷം ബോർഡ് യോഗം അംഗീകരിക്കുകയും ഇവരെകൊണ്ട് എഗ്രിമെൻറ് വെപ്പിക്കുകയും ചെയ്തു. എന്നാൽ ഈ ലിസ്റ്റിൽപെട്ട ഒരാളുടെ അർഹതയെ ചോദ്യം ചെയ്ത് സ്വകാര്യവ്യക്തി വിജിലൻസിന് പരാതി നൽകി. ഇതേതുടർന്ന് 30 പേരുടെയും ഫണ്ട് തടഞ്ഞുവെച്ചു. എഗ്രിമെൻറ് വെച്ചതോടെ ഈ ഗുണഭോക്താക്കൾ ജീർണിച്ച വീടുകൾ പൊളിച്ചുമാറ്റുകയും ചെയ്തു. ഒട്ടേറെ പ്രതിഷേധങ്ങൾക്കൊടുവിൽ ഇതിൽ 15 കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ആവാസ് യോജനയിൽ വീട് ലഭിച്ചു. അവശേഷിക്കുന്നവരെ ലൈഫ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് ഗ്രാമസഭ ചേർന്ന് അംഗീകരിച്ച് പഞ്ചായത്തിന് കഴിഞ്ഞവർഷം സമർപ്പിച്ചതാണ്. എന്നാൽ പഞ്ചായത്ത് ബോർഡും നിർവഹണ ഉദ്യോഗസ്ഥരും വിഷയത്തിൽ അനാസ്ഥ കാണിച്ചതാണ് ഈ കുടുംബങ്ങൾക്ക് വിനയായതെന്നാണ് പ്രതിപക്ഷ ആരോപണം.
പ്രതിപക്ഷ അംഗങ്ങളായ ഷാഹിന ബാനു, കെ.ടി. സലീന, എം. അൻവർ, നാസർ ബാപ്പു എന്നിവരുടെ നേതൃത്വത്തിലാണ് ഉപഭോക്താക്കൾ സെക്രട്ടറിയെ ഉപരോധിക്കാനെത്തിയത്.
അതിനിടെ, നേരത്തെ അനർഹത ആരോപിച്ച് ലിസ്റ്റിൽനിന്ന് തള്ളിയ ആളുകളുടെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്നും എന്നാൽ ഭരണസമിതിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ എഗ്രിമെൻറ് വെപ്പിച്ചതെന്നും വി.ഇ.ഒ വിശദീകരിച്ചു. പ്രശ്നത്തിന് പരിഹാരം കാണുന്നതിന് പഞ്ചായത്ത് ബോർഡ് യോഗത്തിൽ അജണ്ടവെച്ച് കാര്യം ചർച്ചചെയ്ത് തീരുമാനിക്കാമെന്ന സെക്രട്ടറിയടെ ചുമതലയുള്ള അസിസ്റ്റൻറ് സെക്രട്ടറിയുടെ ഉറപ്പിലാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.