വരയുടെ ലോകം കീഴടക്കി ലിയയും ജിഷ്ണുവും
text_fieldsമലപ്പുറം: വരയും വർണങ്ങളുമാണ് ഫാത്തിമ ലിയയുടെയും ജിഷ്ണുവിന്റെയും ലോകം. പരിമിതികൾക്കുള്ളിൽ ഒതുങ്ങിനിൽക്കാൻ ഇരുവരും ഒരുക്കമല്ലായിരുന്നു. ഉള്ളിലുള്ള സർഗശേഷി വളർത്തിയെടുത്ത്, പ്രതിസന്ധികളെ പൊരുതി തോൽപ്പിക്കുകയാണ് ഈ കൗമാരക്കാർ. പരപ്പനങ്ങാടി കൊടപ്പാടി സ്വദേശിയായ പി. ഫാത്തിമ ലിയ, ഒമ്പത് വയസുവരെ ഓടിച്ചാടി നടക്കുന്ന കുട്ടിയായിരുന്നു. കളിക്കുന്നതിനിടെ തോട്ടിലേക്ക് തലയിടിച്ച് വീണതാണ് അവളുടെ ജീവിതം മാറ്റിമറിച്ചത്. ചികിത്സകളേറെ നടത്തിയെങ്കിലും പൂർവാരോഗ്യം വീണ്ടെടുക്കാനായില്ല. തലക്കേറ്റ ക്ഷതം മൂലം പഠനവൈകല്യമുണ്ട്. ഇടക്കിടെ, ആശുപത്രിവാസം വേണം. അതിനിടെ, പ്ലസ്ടുവരെയുള്ള പഠനം പൂർത്തിയാക്കി. ചെറുപ്പംതൊട്ട് പാടുകയും വരക്കുകയും ചെയ്യുമായിരുന്ന ഫാത്തിമ ലിയ, ഗ്ലാസ് പെയിന്റിങും എമ്പോസിങ് പെയിന്റിങും പഠിച്ചെടുത്തു. മനോഹരമായി കാലിഗ്രാഫിയും ചെയ്യും. ഫോട്ടോ ഫ്രെയിംചെയ്യാൻ പഠിപ്പിച്ചത് ജ്യേഷ്ഠത്തി ഉമ്മുസുലൈമാണ്. ലിയയുടെ പെയിന്റിങുകൾ വിറ്റുപോകുന്നുണ്ട്. ഫോട്ടോ ഫ്രെയിം ചെയ്തുകൊടുക്കുന്നതും വരുമാനമാർഗമാണ്. ഇപ്പോൾ കമ്പ്യുട്ടറിൽ ചിത്രംവര പഠിക്കുന്നുണ്ട്. നാടൻപാട്ടും മാപ്പിളപ്പാട്ടും പാടി സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. ട്രോമകെയർ വളന്റിയർകൂടിയായ, ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി പോക്കാട്ട് അബ്ദുൽറസാഖിന്റെയും സഫിയയുടെയും മകളാണ്. തുടർന്നും പഠിക്കണമെന്നുണ്ടെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണം കഴിയുന്നില്ലെന്നും ഒരു ജോലി വേണമെന്നാണ് ആഗ്രഹമെന്നും ഫാത്തിമ ലിയ പറഞ്ഞു.
വീട്ടുമുറ്റത്ത് പിച്ചവെച്ചു നടന്ന കാലത്ത് തുടങ്ങിയതാണ് ഇ. ജിഷ്ണുവിന് വരയെന്ന കലയോടുള്ള ഇഷ്ടം. കേൾവിക്കും സംസാരത്തിനുമുള്ള പരിമിതികൾ വരയിലൂടെയും കരകൗശല വസ്തുക്കളുടെ നിർമാണത്തിലൂടെയും മറികടക്കുകയാണ് ഈ 16കാരൻ. മലപ്പുറം എം.എസ്.പി എച്ച്.എസ്.എസ് പ്ലസ്വൺ വിദ്യാർഥിയായ ജിഷ്ണു വരച്ചിടുന്ന ചിത്രങ്ങൾ ജീവൻ തുടിക്കുന്നതാണ്. അതിൽ ഗാന്ധിജി മുതൽ രജനീകാന്ത് വരെയുള്ളവരുണ്ട്. മുത്തച്ഛനിൽനിന്ന് മരപ്പണി പഠിച്ചെടുത്ത ജിഷ്ണു അതിലും ഒരുകൈ നോക്കുന്നുണ്ട്. ക്ലേമോഡലിങും കുപ്പിയിലും ഗ്ലാസിലുമുള്ള പെയിന്റിങും നന്നായി ചെയ്യും.
സ്കൂൾ മേളകളിൽ ചിത്രരചനയിലും മരപ്പണിയിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കോഡൂർ താന്നിക്കൽ ഏർക്കര സുജീഷിന്റെയും സുചിത്രയുടെയും മകനായ ജിഷ്ണുവിന് ചിത്രരചന സ്പെഷലൈസ് ചെയ്തു പഠിക്കണമെന്നാണ് ആഗ്രഹം. സാമൂഹികനീതി വകുപ്പ് ഭിന്നശേഷി ദിനാഘോഷത്തോടനുബന്ധിച്ച് ചൊവ്വാഴ്ച മലപ്പുറം സംഘടിപ്പിച്ച പ്രദർശനത്തിൽ സമഗ്രശിക്ഷ കേരളയുടെ(എസ്.എസ്.കെ) സ്റ്റാളിൽ ജിഷ്ണുവിന്റെയും ലിയയുടെയും ചിത്രങ്ങൾ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.