തദ്ദേശ തെരഞ്ഞെടുപ്പ്: മലപ്പുറത്ത് കളമൊരുങ്ങി
text_fieldsമലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന് കളമൊരുങ്ങി. കവലകൾ ഉണർന്നു. കോവിഡ് ഭീതിയും ലോക്ഡൗണും നിരോധനാജ്ഞയുമൊക്കെയായി ആളൊഴിഞ്ഞു കിടന്നിരുന്ന പാർട്ടി ഓഫിസുകൾ തിരക്കിട്ട ചർച്ചകളിൽ സജീവമായി. സ്ഥാനാർഥി നിർണയം, മുന്നണി ബന്ധം, പ്രാദേശികമായ തർക്കങ്ങൾക്ക് പരിഹാരം, സീറ്റു കിട്ടാത്തതിനെ തുടർന്ന് ഇടഞ്ഞു നിൽക്കുന്നവരെ അനുനയിപ്പിക്കൽ എന്നിങ്ങനെ നേതാക്കളുടെ തലവേദന തുടങ്ങി. ജില്ല യു.ഡി.എഫ് യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നു.
2015െല തെരഞ്ഞെടുപ്പിൽ മുന്നണി സംവിധാനത്തിൽ വിള്ളൽ വീണതിനെ തുടർന്ന് തിരിച്ചടിയേറ്റ പഞ്ചായത്തുകളുണ്ട്. ഇവക്കെല്ലാം പരിഹാരം കണ്ട് ഒന്നിച്ച് മുന്നോട്ടു പോകാനാണ് ഇത്തവണ യു.ഡി.എഫ് നേതാക്കളുടെ പട തന്നെ ജില്ലയിൽ എത്തിയത്. ഇടതു കേന്ദ്രങ്ങളും സജീവമാണ്. യു.ഡി.എഫിലെ അനൈക്യത്തിൽ നിന്ന് ഇത്തവണയും നേട്ടമുണ്ടാക്കാനാവുമെന്നാണ് അവരുടെ പ്രതീക്ഷ. സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായ വാർഡുകളിൽ വിജ്ഞാപനം വരുന്നതിന് മുമ്പ് തന്നെ പ്രചാരണം തുടങ്ങി.
അടിമുടി മാറ്റം
സാധാരണ തെരഞ്ഞെടുപ്പിൽ നിന്ന് ഭിന്നമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള പ്രചാരണ പ്രവർത്തനങ്ങളാണ് ഇത്തവണ. മാസ്കും സാനിറ്റൈസറുമൊക്കെയാണ് താരങ്ങൾ.
സ്ഥാനാർഥിക്കൊപ്പം വലിയ സംഘവുമായി പോവാനാവില്ല. സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ അതും പൊല്ലാപ്പാവും. പാർട്ടി ഓഫിസുകളിലെ തിക്കും തിരക്കിനുമുണ്ടാവും നിയന്ത്രണങ്ങൾ.
വീടിനകത്ത് കയറാൻ വരട്ടെ
ഓരോ വീടും വീട്ടുകാരെയും അറിയുന്ന സ്ഥാനാർഥികളാണ് പഞ്ചായത്തിലെ വാർഡുകളിൽ മത്സര രംഗത്തുണ്ടാവുക. കുഞ്ഞുങ്ങളെയും മുതിർന്നവരെയുമൊക്കെ തൊട്ടും തലോടിയുമുള്ള വോട്ടു പിടിത്തവും ഇത്തവണ നടക്കില്ല.
വാട്സ്ആപ്പിലെ നാട്ടു കൂട്ടായ്മകളുടെ ഗ്രൂപ്പുകളിലും സമൂഹ മാധ്യമങ്ങളിലുമാണ് പ്രചാരണം കൊഴുക്കുന്നത്. ഡിജിറ്റൽ പ്രചാരണങ്ങളാണ് കോവിഡ് കാല തെരഞ്ഞെടുപ്പിനെ വേറിട്ടു നിർത്തുന്നത്.
ചായം പുരണ്ട് ചുവരുകൾ
അടിമുടി ഹൈടെക്കായെങ്കിലും പ്രചാരണ പ്രവർത്തനങ്ങളിൽ ചുവരെഴുത്തുകൾക്ക് ഇപ്പോഴും സ്ഥാനമുണ്ട്. പ്രധാന നഗരങ്ങളുടെ ചുവരുകളെല്ലാം രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുത്തു കഴിഞ്ഞു. സ്ഥാനാർഥികൾ തീരുമാനമാകുന്നതോടെ ഇവിടെയെല്ലാം ചായം പുരളും. ഫ്ലക്സുകളും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.