ലോക്സഭ തെരഞ്ഞെടുപ്പ്; മലപ്പുറം ജില്ലയിൽ ഹോം വോട്ടിങ് 15 മുതല്‍ 24 വരെ
text_fieldsമലപ്പുറം: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സമ്മതിദായകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന രീതിയായ ‘വീട്ടില്‍ നിന്നും വോട്ട്’ (ഹോം വോട്ടിങ്) സേവനം ഉപയോഗപ്പെടുത്താന്‍ ജില്ലയില്‍നിന്ന് 13,216 പേര്. ഏപ്രില്‍ 15 മുതല്‍ 24 വരെയാണ് ‘വീട്ടില്‍ നിന്നും വോട്ട്’ സേവനം ലഭ്യമാക്കുകയെന്നും ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ വി.ആര്. വിനോദ് അറിയിച്ചു. മുന്‍കൂർ അപേക്ഷ നല്കിയ ഭിന്നശേഷിക്കാര്‍ക്കും 85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് ‘വീട്ടില്‍നിന്നും വോട്ടി’ന് അവസരം ലഭിച്ചത്.
പ്രക്രിയക്കായി ജില്ലയില്‍ വിവിധ അസി. റിട്ടേണിങ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ പോളിങ് ഉദ്യോഗസ്ഥരടങ്ങുന്ന 156 ടീമുകളെ നിയോഗിച്ചിട്ടുണ്ട്. രണ്ട് പോളിങ് ഓഫിസര്‍മാര്‍, വിഡിയോഗ്രാഫര്‍, പൊലീസ് ഉദ്യോഗസ്ഥന് എന്നിവരുള്‍പ്പെടുന്നതാണ് ഒരു സംഘം. വോട്ടിങ്ങിന്റെ രഹസ്യ സ്വഭാവം തകരാത്ത വിധം വോട്ടിങ് ഫോട്ടോ/വിഡിയോ എടുത്ത് സൂക്ഷിക്കും. കാഴ്ച പരിമിതര്‍, ചലനശേഷിയില്ലാത്തവര്‍ എന്നിവര്‍ക്കൊഴികെ വോട്ട് ചെയ്യാൻ സഹായിയെ അനുവദിക്കില്ല. വോട്ടിങ്ങിനായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുന്ന തീയതിയും സമയവും മുന്‍കൂട്ടി എസ്.എം.എസ് വഴിയും സൗകര്യമില്ലാത്ത സാഹചര്യത്തില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ മുഖേനയും വോട്ടര്‍മാരെ അറിയിക്കും. ഈ സമയം വോട്ടര്‍ വീട്ടിലില്ലാത്ത സാഹചര്യമുണ്ടായാല്‍ മറ്റൊരു ദിവസം കൂടി അനുവദിക്കും.
85 വയസ്സ് പിന്നിട്ടത് 16,438 പേർ
ജില്ലയില്‍ 85 വയസ്സ് പിന്നിട്ട 16,438 പേരും ഭിന്നശേഷി വിഭാഗത്തില്‍ 29,840 പേരുമാണ് വോട്ടര്‍മാരായുള്ളത്. ‘വീട്ടില്‍ നിന്നും വോട്ട്’ പ്രക്രിയക്കായി ഇവര്‍ക്ക് ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ മുഖേന 12 ഡി ഫോറം വിതരണം നടത്തുകയും ചെയ്തു. ഇവരില്‍ വീടുകളില്‍ വോട്ട് ചെയ്യാന്‍ താൽപര്യമറിയിച്ച 85 വയസ് കഴിഞ്ഞ 9,044 പേര്‍ക്കും ഭിന്നശേഷിക്കാരായ 4,172 പേര്‍ക്കുമാണ് അവസരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.