നീളം കൂടിയ കൈയെഴുത്ത് ഖുര്‍ആന്‍: ഗിന്നസ് റെക്കോഡ് നേടി മുഹമ്മദ് ജസീം
text_fieldsമലപ്പുറം: നീളം കൂടിയ കൈയെഴുത്ത് (ലോങസ്റ്റ് ഹാന്‍ഡ് റിട്ടണ്‍) ഖുര്‍ആന്‍ കാറ്റഗറിയുടെ ഗിന്നസ് ലോക റെക്കോഡ് നേടി പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് വിദ്യാര്‍ഥി. ലോകത്തെ ഏറ്റവും നീളമുള്ള ഖുര്‍ആന്‍ സ്വന്തം കൈപ്പടയില്‍ എഴുതിയാണ് പട്ടിക്കാട് ജാമിഅ നൂരിയ്യ രണ്ടാംവര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് ജസീം ചെറുമുക്ക് ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയത്. 1,106 മീറ്റര്‍ നീളത്തില്‍ ഖുര്‍ആന്‍ മുഴുവനും കൈകൊണ്ട് എഴുതി തയാറാക്കിയാണ് ജസീം ഈ നേട്ടം കൈവരിച്ചത്.
ജാമിഅ നൂരിയ്യ അറബിക് കോളജിന് കീഴില്‍ കോഴിക്കോട്ട് നടന്ന ഖുര്‍ആന്‍ പ്രദര്‍ശന വേദിയിലൂടെയാണ് ഗിന്നസ് നേട്ടത്തിലെത്താനുള്ള നടപടികൾ ജസീം പൂര്‍ത്തിയാക്കിയത്. ലോക്ഡൗണ്‍ സമയത്ത് തുടങ്ങി രണ്ട് വര്‍ഷത്തോളമെടുത്താണ് ഖുര്‍ആന്‍ എഴുതി പൂര്‍ത്തീകരിച്ചത്. എല്ലാ പേജുകളും ഓരോന്നായി മടക്കി അടുക്കിയാല്‍ 75 സെന്റീമീറ്റര്‍ ഉയരവും 34 സെന്റീമീറ്റര്‍ വീതിയും 118.300 കിലോ ഭാരവുമുണ്ട്.
ഈ ഖുര്‍ആനില്‍ ആകെ 3,25,384 അറബി അക്ഷരങ്ങളും 77,437 അറബി വാക്കുകളും 114 അധ്യായങ്ങളും 6,348 ആയത്തുകളും ഉണ്ട്. ആകെ 30 ജുസ്ഉകളില്‍ ഒരു ജുസ്അ് പൂര്‍ത്തിയാക്കാന്‍ ഏതാണ്ട് 6,575 പേജുകളാണ് വേണ്ടി വന്നത്. എല്ലാ പേജിലും ശരാശരി 9,10 വരികളാണുള്ളത്.
ചെറിയ പ്രായത്തില്‍ തന്നെ കലാപരമായ കഴിവ് തിരിച്ചറിഞ്ഞ ജസീം തന്റെ സഹോദരനായ അയ്യൂബിന്റെ ചിത്രകലകളില്‍ ആകൃഷ്ടനാവുകയും അതിനായുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. നാലാം ക്ലാസ് സ്കൂള്‍ പഠനത്തിന് ശേഷം തിരൂര്‍ ചെമ്പ്രയിലെ അല്‍ ഈഖ്വാള് ദര്‍സിലാണ് മതപഠനം പൂര്‍ത്തിയാക്കിയത്.
ഗുരുനാഥൻ സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂരിലൂടെയാണ് കാലിഗ്രഫി എന്ന കലയിലേക്കുള്ള ആദ്യ പടുവകള്‍ ജസീം വെച്ചുതുടങ്ങുന്നത്. സാങ്കേതിക സഹായങ്ങള്‍ ചെയ്തുകൊടുത്തത് ആഗ്രഹ് സംസ്ഥാന സെക്രട്ടറി ഗിന്നസ് സുനില്‍ ജോസഫാണ്. മലപ്പുറം ചെറുമുക്ക് മാട്ടുമ്മല്‍ മുഹ്യിദ്ദീന്-ആസ്യ ദമ്പതികളുടെ മകനാണ് ജസീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.