മുണ്ടുപറമ്പ് ബൈപാസില്‍ ലോറി മറിഞ്ഞു; മൂന്നുപേർക്ക് പരിക്ക്
text_fieldsമലപ്പുറം: മുണ്ടുപറമ്പ് ബൈപാസില്‍ നിയന്ത്രണംവിട്ട് ലോറി കാറിനും ബൈക്കിനും മീതെ മറിഞ്ഞ് അപകടം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ലോറി ഡ്രൈവർ മഹാരാഷ്ട്ര സ്വദേശി ശങ്കർ (34), കോട്ടക്കൽ സ്വാഗതമാട് സ്വദേശി മുഹമ്മദ് ഷാഫി, അപകടം നടന്ന സ്ഥലത്തെ കാർ വർക്ക് ഷോപ്പിലെ ജീവനക്കാരൻ മലപ്പുറം കൈനോട് സ്വദേശി ഫസീഹ് എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 9.52 നാണ് സംഭവം. മുണ്ടുപറമ്പ് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് അലുമിനിയം ഷീറ്റുകൾ കൊണ്ടു പോകുകയായിരുന്ന ലോറിയാണ് ബൈപാസിലെ വളവിൽ മറിഞ്ഞത്. തുടർന്ന് ലോറി താഴേക്ക് നീങ്ങി കാവുങ്ങൽ ഭാഗത്തുനിന്ന് മുണ്ടുപറമ്പ് ഭാഗത്തേക്ക് വന്ന സ്കൂട്ടറും റോഡിലേക്ക് കയറാൻ നിൽക്കുകയായിരുന്ന കാറിലും വന്നിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറും സ്കൂട്ടറും സമീപത്തെ കാർ വർക്ക് ഷോപ്പിൽ നിർത്തിയിട്ട കാറും തെറിച്ച് പോകുകയായിരുന്നു. ലോറി നീങ്ങി വരുന്നത് കണ്ട വർക്ക് ഷോപ്പിലെ ജീവനക്കാരൻ ഒഴിഞ്ഞ് മാറി. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാർ വർക്ക് ഷോപ്പിൽ നിർത്തിയിട്ട കാറുകൾക്കും കേടുപാടുകൾ സംഭവിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് ബൈപാസിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു.
കാർ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴക്ക്
മലപ്പുറം: ശനിയാഴ്ച രാവിലെ വർക്ക് ഷോപ്പിൽ റിപ്പയറിങ്ങിനായി കൊണ്ട് വന്ന കാർ പണി പൂർത്തിയാക്കി പരിശോധിക്കാനായി മഞ്ചേരി ചാരങ്കാവ് സ്വദേശി സുമേഷ് റോഡിലേക്ക് ഇറക്കുമ്പോഴാണ് അപകടം നടന്നത്. കാർ റോഡിലേക്ക് തിരിക്കാനിരിക്കുമ്പോൾ നിയന്ത്രണം വിട്ട് മറിഞ്ഞ ലോറി കാറിന് പിറകിലിടിക്കുകയായിരുന്നു. ഇതോടെ കാർ ശക്തിയായി മുന്നോട്ട് നീങ്ങി വർക്ക് ഷോപ്പിലെ തൂണിലിടിച്ച് നിന്നു. കാറിൽ കുടുങ്ങിയ ഇദ്ദേഹത്തെ നാട്ടുകാരും അഗ്നിരക്ഷ സേനയും ചേർന്നാണ് പുറത്തെടുത്തത്. അപകടം നടക്കുന്ന സമയം റോഡിൽ കൂടുതൽ വാഹനങ്ങളില്ലാത്തതും രക്ഷയായി.
അപകട സാധ്യത നിറഞ്ഞ ബൈപാസ്
മലപ്പുറം: ഏറെ അപകട സാധ്യത നിറഞ്ഞതാണ് മുണ്ടുപറമ്പ്-കാവുങ്ങൽ ബൈപാസിലെ വളവ്. കാഴ്ചയിൽ വലിയ വളവായി പരിഗണിക്കാനാകില്ലെങ്കിലും വാഹനങ്ങൾ ഘർഷണം നഷ്ടപ്പെട്ട് പോകുന്നത് തെന്നി മാറുന്നത് നിത്യസംഭവമാണ്. രാത്രി കാലങ്ങളിലെത്തുന്ന വലിയ ചരക്ക് വാഹനങ്ങൾക്കാണ് ഇത് കൂടുതൽ പ്രയാസം സൃഷ്ടിക്കുന്നത്. ഈ വളവിൽ വാഹനത്തിന്റെ ഇന്ധനം ഇറങ്ങി അപകടം വർധിക്കുന്നതിനും റോഡ് തകരുന്നതും നിത്യ സംഭവമായിരുന്നു. തുടർന്ന് പി.ഡബ്ല്യൂ.ഡി അധികൃതർ സ്ഥലത്ത് സിമെന്റ് കട്ടകൾ പതിച്ചാണ് പ്രശ്നത്തിന് പരിഹാരം കണ്ട്. ഇതോടെ റോഡ് പൊളിയൽ പ്രശ്നത്തിന് പരിഹാരമായി. ഇതോടെ വാഹനങ്ങളുടെ വേഗത വർധിച്ചു. മുണ്ടുപറമ്പ് ഭാഗത്ത് നിന്ന് കാവുങ്ങൽ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കാണ് സ്ഥലത്ത് അപകട സാധ്യത കൂടുതലുള്ളത്. വിഷയത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാനുള്ള സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.