‘മാധ്യമം’ ഹാർമോണിയസ് കേരള 24ന് കോട്ടക്കലിൽ; ‘ഒരു ദേശത്തിന്റെ കഥ’ പറയാൻ അവർ ഒത്തുകൂടും
text_fieldsമലപ്പുറം: വിശ്വമാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിച്ച് ഗൾഫ് രാജ്യങ്ങളിൽ കേരളത്തിന്റെ മഹോത്സവമായി മാറിയ മാധ്യമം ‘ഹാർമോണിയസ് കേരള’ ആദ്യമായി കേരളത്തിലെത്തുമ്പോൾ അത് ഒരു നാടിന്റെ ഒത്തുചേരൽകൂടിയാകും. ഹാർമോണിയസ് കേരളയുടെ വേദിയിൽ ഒരുമയുടെ സംഗമവും അരങ്ങേറും. ‘ഒരു ദേശത്തിന്റെ കഥ’ എന്ന പേരിൽ സാഹോദര്യത്തിന്റെയും ഒത്തൊരുമയുടെയും സംഗമമാണ് ഹാർമോണിയസ് കേരള വേദിയിൽ നടക്കുക.
മലപ്പുറത്തിന്റെ മതസൗഹാർദത്തിന്റെ അടയാളമെന്ന് ജനങ്ങൾ രേഖപ്പെടുത്തിയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ആയുർവേദ വൈദ്യശാസ്ത്രത്തെ ലോകത്തിന് മുന്നിലെത്തിച്ച് കോട്ടക്കലിനെ ആയുർവേദ നഗരമായി വളർത്തിയ കോട്ടക്കൽ ആര്യവൈദ്യശാലയുടെ ട്രസ്റ്റി ഡോ. പി.എം. വാര്യർ, മുതിർന്ന മാധ്യമപ്രവർത്തകനും മാധ്യമം ചീഫ് എഡിറ്ററുമായ ഒ. അബ്ദുറഹ്മാൻ, പ്രശസ്ത എഴുത്തുകാരനും മലയാളിയുടെ പ്രിയ സാഹിത്യകാരനുമായ കെ.പി. രാമനുണ്ണി, കോട്ടക്കലിലെ പ്രമുഖ ക്രൈസ്തവ പുരോഹിതനും സാംസ്കാരിക-സാമുദായിക മുഖവുമായ ഫാ. ജോസഫ് കളത്തിൽ എന്നിവർ ‘ഒരു ദേശത്തിന്റെ കഥ’യിൽ ഒത്തുചേരും.
പ്രമുഖ മാധ്യമപ്രവർത്തകൻ നിഷാദ് റാവുത്തർ സെഷൻ നിയന്ത്രിക്കും. പ്രളയത്തിൽ കേരളം വിറങ്ങലിച്ചുനിന്നപ്പോൾ അതിജീവനത്തിന്റെ നെടുന്തൂണായി മാറിയ പ്രവാസി മലയാളികളെ ചേർത്തുപിടിച്ചുകൊണ്ടാണ് മാധ്യമം, ‘ഹാർമോണിയസ് കേരള’ എന്ന പ്രവാസലോകത്തെ കൂട്ടായ്മയുടെ ആഘോഷത്തിന് തുടക്കമിടുന്നത്. പിന്നീട് ഗൾഫ്നാടുകളിലോരോന്നിലും മലയാളികൾ നെഞ്ചോടുചേർത്ത ആഘോഷമായി അത് മാറി.
വിശ്വമാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിച്ച് ഗൾഫ് രാജ്യങ്ങളിൽ കേരളത്തിന്റെ മഹോത്സവമായി മാറിയ ‘ഹാർമോണിയസ് കേരള’ ആദ്യമായാണ് കേരളത്തിലെത്തുന്നത്. ആയുർവേദ നഗരമെന്ന് ലോകമെങ്ങും അറിയപ്പെടുന്ന കോട്ടക്കൽ ആയുർവേദ കോളജ് ഗ്രൗണ്ടിൽ ഡിസംബർ 24നാണ് ‘ഹാർമോണിയസ് കേരള’യുടെ ആദ്യ കേരള എഡിഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.