വിശപ്പിന് മതമില്ല; കരുതലിെൻറ 'കലവറ' ഒരുക്കി മഹല്ല് കമ്മിറ്റി
text_fieldsമക്കരപറമ്പ് (മലപ്പുറം): ''പള്ളിയിൽ പോയി പറയൂ'' പരിഹാരമുണ്ടാകുമെന്ന പഴഞ്ചൊല്ലിന് പൂർണാർഥം നൽകുകയാണ് മക്കരപറമ്പ് കാച്ചിനിക്കാട് വെള്ളാട്ടുപറമ്പ് മസ്ജിദ് നൂർ മഹല്ല് കമ്മിറ്റി. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറുനിറച്ചുണ്ണുന്നവൻ നമ്മിൽപെട്ടവനെല്ലന്ന പ്രവാചക അധ്യാപനങ്ങളിൽനിന്ന് മാതൃക ഉൾക്കൊണ്ട് മഹല്ല് പരിധിയിൽ ജാതി-മത വ്യത്യാസമില്ലാതെ എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യവസ്തുക്കൾ ഒരുക്കുകയാണ് കമ്മിറ്റി.
മക്കരപറമ്പ്, കാച്ചിനിക്കാട്, പെരിന്താറ്റിരി, കാളാവ്, വടക്കാങ്ങര മഹല്ലുകൾ അതിർത്തി പങ്കിടുന്ന വെള്ളാട്ടുപറമ്പ് ഗ്രാമത്തിലാണ് സമ്പൂർണ വിശപ്പ് രഹിത മാതൃക പദ്ധതിയായ 'കലവറ' ഒരുക്കി മാതൃകയാവുന്നത്. ഒരുദിവസത്തേക്ക് ഒരു വീട്ടിലേക്കാവശ്യമായ ഭക്ഷ്യവസ്തുക്കളാണ് സൗജന്യമായി ലഭിക്കുക. എല്ലാ ദിവസവും രാവിലെ ആറുമുതൽ രാത്രി എട്ടുവരെയുള്ള സമയങ്ങളിൽ മസ്ജിദിനോട് ചേർന്ന കലവറയിലെത്തി അത്യാവശ്യ ഭക്ഷ്യവസ്തുക്കൾ സ്വയം തെരഞ്ഞെടുക്കാം.
മഹല്ല് പരിധിയിലുള്ള എല്ലാ വീടുകളും പദ്ധതിയുടെ ഗുണഭോക്താക്കളാണ്. മുസ്ലിം സമുദായത്തിൽപെട്ട 130 വീടുകളും 30 ഇതര മതസ്ഥരുടെ വീടുകളുമാണ് മഹല്ല് പരിധിയിലുള്ളത്. 22 ഇനം ഭക്ഷ്യവസ്തുക്കളുടെ ചെറിയ പാക്കറ്റുകളാണ് ഒരു ദിവസത്തേക്കാവശ്യമായി ആദ്യഘട്ടത്തിൽ ലഭ്യമാക്കുന്നത്. കലവറയിലേക്കാവശ്യമായ സാധനങ്ങൾ സംഭാവനയായി നൽകാനും കമ്മിറ്റി സൗകര്യം ഒരുക്കിയിട്ടുണ്ട്. കലവറക്ക് സുരക്ഷ സംവിധാനങ്ങളോ ജീവനക്കാരോ ഇെല്ലന്നും എല്ലാം പരസ്പര നിയന്ത്രണത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും മഹല്ല് സെക്രട്ടറി പെരിഞ്ചീരി മുഹമ്മദലിയും പ്രസിഡൻറ് കല്ലിയൻതൊടി അവറാനും ട്രഷറർ തയ്യിൽ മുഹമ്മദലിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.