ആവാസ് യോജന: മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് 452 വീടുകൾ നിർമിക്കും
text_fieldsമലപ്പുറം: മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പുതുതായി 452 വീടുകൾ നിർമിക്കും. പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീടുകൾ നിർമിക്കുക. വീട് ഒന്നിന് നാലുലക്ഷം രൂപയുടെ ധനസഹായമാണ് ഗുണഭോക്താവിന് ലഭിക്കുക.
കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയും ബ്ലോക്ക് പഞ്ചായത്ത് ഒരു ലക്ഷത്തി പന്ത്രണ്ടായിരം രൂപയും ജില്ല പഞ്ചായത്ത് 98000 രൂപയും ഗ്രാമപഞ്ചായത്ത് എഴുപതിനായിരം രൂപയും ആണ് മേൽ പദ്ധതിക്ക് വിഹിതമായി നൽകേണ്ടത്.
2018ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ ബ്ലോക്കിൽ നിലവിലുള്ള ലിസ്റ്റിൽ നിന്ന് സ്വന്തമായി വീടില്ലാത്ത 137 പേരെ വീടിന് എഗ്രിമെന്റ് വെക്കാൻ തെരഞ്ഞെടുത്തിട്ടുണ്ട്. ലിസ്റ്റിലുള്ള 44 പേർക്ക് സ്ഥലമില്ലാത്തതിനാൽ എഗ്രിമെന്റ് വെക്കാൻ സാധിച്ചിട്ടില്ല. വീടില്ലാത്തവർക്ക് വീട് വെക്കാൻ ആവശ്യമായ സ്ഥലം ലഭ്യമാക്കാൻ പൊതുജനങ്ങളും മറ്റ് ചാരിറ്റി സംഘടനകളും സഹായിക്കാൻ മുന്നോട്ടുവരണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാൻ കാരാട്ട്
അഭ്യർഥിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് പഞ്ചായത്തുകൾക്കായി വീടിന്റെ ക്വാട്ട നിശ്ചയിച്ചുതന്നിട്ടുണ്ട്. ആനക്കയം 73, കോഡൂർ 50, മൊറയൂർ 96, ഒതുക്കുങ്ങൽ 107, പൊന്മള 36, പൂക്കോട്ടൂർ 90 എന്നിങ്ങനെയാണ് ക്വാട്ട നിശ്ചയിച്ചിട്ടുള്ളത്. വീട് നിർമാണ പദ്ധതിയിൽ തെരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ സംഗമം ബ്ലോക്ക് പഞ്ചായത്തിൽ നടന്നു. വൈസ് പ്രസിഡന്റ് റജുല പെലത്തൊടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ എം.കെ. മെഹനാസ്, എം.ടി. ബഷീർ, പി.ബി. ബഷീർ, ഫായിസ റാഫി, മുഹ്സിനത്ത് അബ്ബാസ്, സെക്രട്ടറി സുജാത, ജോയിൻറ് ബി.ഡി.ഒ മാരായ അജയ്ഘോഷ്, ഹരിപ്രിയ എന്നിവരും ബ്ലോക്ക് വി.ഇ.ഒ മാരും ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.