മലപ്പുറം നഗരം കുടിവെള്ളക്ഷാമത്തിലേക്ക്
text_fieldsമലപ്പുറം: വേനൽ കടുത്തതോടെ നഗരസഭയിലെ പല പ്രദേശങ്ങളും കുടിവെള്ള ക്ഷാമത്തിലേക്ക്. മുണ്ടുപറമ്പ്, ഗവ. കോളജ്, മൂന്നാംപടി, മണ്ണാർക്കുണ്ട്, സിവിൽ സ്റ്റേഷൻ, പൈത്തിനിപ്പറമ്പ്, കോണാംപാറ, ആലത്തൂർപടി, മുതുവത്തുപറമ്പ്, സ്പിന്നിങ് മിൽ തുടങ്ങിയ വാർഡുകളിലാണ് കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്. കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ സഹകരണത്തോടെ നിരവധി പദ്ധതികൾ നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ടെങ്കിലും പരിഹാരം അകലെയാണ്. മിക്ക വാർഡുകളിലും ഒരുദിവസം ഇടവിട്ട് വിതരണം ചെയ്യുന്ന വെള്ളം രണ്ടും മൂന്നും ദിവസം കൂടുമ്പോഴാണ് എത്തുന്നത്. തുടർച്ചയായുള്ള വൈദ്യുതി മുടക്കം, പൈപ്പുകളുടെ പൊട്ടൽ, യന്ത്രത്തകരാർ, അറ്റകുറ്റപ്പണി എന്നിവയുണ്ടായാൽ വെള്ളമെത്താനുള്ള ദിവസങ്ങളുടെ എണ്ണം പിന്നെയും കൂടും. നഗരസഭയിലെ പമ്പുകളും യന്ത്രങ്ങളും 40 വർഷം മുമ്പ് സ്ഥാപിച്ചവയാണ്. അതിനാൽ, പമ്പ് ചെയ്യുന്ന ശുദ്ധജലത്തിന്‍റെ 70 ശതമാനം മാത്രമാണ് സംഭരണ ടാങ്കുകളിലെത്തുന്നത്. ടാങ്കിൽനിന്ന് വീടുകളിലെത്തുന്ന പൈപ്പ്ലൈനുകളിലും ജലനഷ്ടം സംഭവിക്കുന്നു.
നാമ്പ്രാണി തടയണ ടെൻഡർ വിളിച്ചത് കഴിഞ്ഞയാഴ്ച
മലപ്പുറം വില്ലേജ് പരിധിയിലെ വാർഡുകളിലും മേൽമുറി വില്ലേജിലെ ഏഴ് വാർഡുകളിലും കുടിവെള്ളമെത്തിക്കാനായി ഉപയോഗിക്കുന്ന ജലസംഭരണിയായ നാമ്പ്രാണി തടയണയുടെ നിർമാണം ഈ വർഷം പൂർത്തിയാക്കുമെന്ന് ബജറ്റിൽ അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് ടെൻഡർ വിളിച്ചത്. 16.5 കോടി രൂപ വകയിരിത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാറിന്‍റെ ജല ജീവൻ മിഷൻ പ്രകാരം മൂന്ന് കോടി രൂപയും അനുവദിച്ചിരുന്നു. നിലവിലെ ചെക്ക് ഡാം പൊളിച്ച് പുഴയിലെ വെള്ളം ഒഴുക്കിവിട്ട് റെഗുലേറ്റർ നിര്‍മാണം തുടങ്ങാനാണ് തീരുമാനം. നിലവില്‍ നാമ്പ്രാണി ചെക്ക് ഡാമില്‍ ആവശ്യത്തിന് വെള്ളുമുണ്ട്. വെള്ളം കെട്ടിനില്‍ക്കുന്നതിന് 100 മീറ്ററിന് മുകളിലായാണ് പുതിയ റെഗുലേറ്റര്‍ വിഭാവനം ചെയ്യുന്നത്. ഈ റെഗുലേറ്റര്‍ നിര്‍മിക്കണമെങ്കില്‍ നിലവിലെ ചെക്ക് ഡാം പൊളിച്ച് പുഴയില്‍ കെട്ടിനിര്‍ത്തിയ വെള്ളം പൂര്‍ണമായും ഒഴുക്കിക്കളയേണ്ടി വരും. പിന്നീട് താൽക്കാലികമായി തടയണ നിര്‍മിച്ചാലും വെള്ളം നിറയാൻ മഴക്കാലം വരെ കാത്തുനില്‍ക്കേണ്ടിയും വരും.
ഇന്‍റഗ്രേറ്റഡ് വാട്ടർ സപ്ലൈ സ്കീം സർവേ ഇനിയും പൂർത്തിയായില്ല
നഗരസഭ പരിധിയിൽ 24 മണിക്കൂറും ശുദ്ധജല ലഭ്യത ഉറപ്പുവരുത്താനുള്ള പദ്ധതിയാണിത്. പുഴ മുതൽ സ്റ്റോറേജ് ടാങ്ക് വരെയുള്ള പമ്പിങ് ലൈനുകളും സ്റ്റോറേജ് മുതൽ ടാങ്ക് വരെയുള്ള വിതരണ ലൈനുകളും മുഴുവനായി മാറ്റുക, ടാങ്കുകളുടെ സംഭരണശേഷി വർധിപ്പിക്കുക, ആധുനിക രീതിയിലുള്ള പമ്പ് സെറ്റ് സ്ഥാപിക്കുക എന്നിവയാണ് ഇന്‍റഗ്രേറ്റഡ് വാട്ടർ സപ്ലൈ സ്കീം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി നഗര സഞ്ചയനം പദ്ധതിയിൽനിന്ന് 20 കോടിയും അമൃത് പദ്ധതിയിൽനിന്ന് ഒമ്പത് കോടിയുമുൾപ്പെടെ മൊത്തം 29 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ, നഗരങ്ങളിലെ വാർഡുകളിൽ മാത്രമാണ് സർവേ നടപടി പൂർത്തിയായത്. പൈപ്പുകൾ പോകുന്ന ഭാഗങ്ങൾ അടയാളപ്പെടുത്താൻ മാപ്പ് തയാറാക്കാനുള്ള ജോലിയാണിപ്പോൾ നടക്കുന്നത്.
കാളന്തട്ട, കാട്ടുങ്ങൽ, മണ്ണാർക്കുണ്ട് തുടങ്ങിയവ നഗരസഭയിലെ ചെറുകിട കുടിവെള്ള പദ്ധതികളാണ്. കാളന്തട്ടയിൽനിന്നാണ് പ്രധാനമായും മൈലപ്പുറം, വലിയവരമ്പ് വാർഡുകളിലേക്കുള്ള വെള്ളം വിതരണം ചെയ്യുന്നത്. കടലുണ്ടിപ്പുഴയിലെ ചാമക്കയം ജലസംഭരണയിൽനിന്നാണ് മേൽമുറി ഉൾപ്പെടെ നഗരസഭയുടെ പല ഭാഗങ്ങളിലേക്കും വെള്ളം വിതരണം ചെയ്യുന്നത്. കാട്ടുങ്ങൽ ആലിയപറമ്പ് കുടിവെള്ള പദ്ധതിയിൽ ചെറിയ മോട്ടോറാണ് പമ്പിങ്ങിന് ഉപയോഗിക്കുന്നത്. മോട്ടോറിന് ലോഡ് താങ്ങാൻ കഴിയാതെ അടുത്തിടെ മൂന്നുതവണ കത്തിയിരുന്നു. ചോലക്കണ്ടി കോളനിവാസികൾക്കു വേണ്ടി സ്ഥാപിച്ച മോട്ടോറാണിത്. നിലവിൽ കാട്ടുങ്ങൽ, മുണ്ടുപറമ്പ് ഭാഗത്തേക്കും ഇതുപയോഗിച്ചാണ് ജല വിതരണം നടത്തുന്നത്. മണ്ണാർക്കുണ്ട് പദ്ധതിയിൽനിന്നാണ് മൂന്നാംപടി, കുന്നുമ്മൽ ഭാഗത്തേക്ക് വിതരണം നടത്തുന്നത്. കോട്ടക്കുന്നിൽ ജലസംഭരണി സ്ഥാപിച്ചാണ് വിതരണം. ഇവിടങ്ങളിലെല്ലാം രണ്ടും മൂന്നും ദിവസം കൂടുമ്പോഴാണ് വെള്ളമെത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.