മലപ്പുറത്തെ അച്ചടക്ക നടപടി: സി.പി.എം അണികളിൽ അതൃപ്തി
text_fieldsപൊന്നാനി-പെരിന്തൽമണ്ണ: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനകീയ നേതാക്കൾ അടക്കമുള്ളവർക്കെതിരെ സി.പി.എം ജില്ല കമ്മിറ്റി എടുത്ത അച്ചടക്ക നടപടികളിൽ അണികൾക്കിടയിൽ അമർഷം. പെരിന്തൽമണ്ണയിലും പൊന്നാനിയിലുമാണ് മുതിർന്ന നേതാക്കളുൾെപ്പടെ നടപടിക്ക് വിധേയരായത്. ഇത്ര കടുത്ത നടപടിയുണ്ടായതിൽ പലർക്കും പ്രതിഷേധമുണ്ട്.
സി.പി.എം സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന കെ.പി.എം മുസ്തഫയുടെ തോൽവിയുമായി ബന്ധപ്പെട്ട് അന്വേഷണ കമീഷൻ നൽകിയ റിപ്പോർട്ടിൽ എട്ട് ഭാരവാഹികളുടെ പേരുണ്ടായിരുന്നെങ്കിലും നടപടി കടുത്തതാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അങ്ങാടിപ്പുറം പഞ്ചായത്തിലെ വോട്ടറും മങ്കട ഏരിയ പരിധിയിലുള്ളയാളുമായ മുൻ എം.എൽ.എ വി. ശശികുമാർ ജില്ല സെക്രേട്ടറിയറ്റിലെ മുതിർന്ന അംഗവുമാണ്. അദ്ദേഹത്തെയാണ് ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്.
നടപടി ചിലർക്കെതിരെയുള്ള പകപോക്കലായും കാണുന്നവരുണ്ട്. മാത്രവുമല്ല, സമ്മേളന കാലയളവിൽ ഇത്തരം നടപടികൾ നീട്ടിവെക്കാറാണ് പതിവ്. ഏഴുപേർക്കെതിരെ കൈക്കൊണ്ട നടപടി, അതിന് പാർട്ടി കണ്ടെത്തിയ കാരണങ്ങൾ എന്നിവ ഏരിയ, ലോക്കൽ, ബ്രാഞ്ച് കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്.
രണ്ടംഗ അന്വേഷണ കമീഷൻ പെരിന്തൽമണ്ണയിലെ 21 ഏരിയ കമ്മിറ്റി അംഗങ്ങളിൽ നിന്നും 11 ലോക്കൽ സെക്രട്ടറിമാരിൽ നിന്നും തെളിവെടുപ്പ് നടത്തിയിരുന്നു. അപ്പോഴും സാധാരണയുള്ള സംഘടന നടപടിക്കപ്പുറം ആരും അതിനെ കരുതിയിരുന്നില്ല. ഒന്നോ രണ്ടോ പേർക്കെതിരെ നടപടിയും മറ്റുള്ളവർക്ക് ശാസനയുമടക്കം കുറച്ചുകൂടി ലളിതമായ നടപടിയാവും കൈക്കൊള്ളുകയെന്നാണ് പാർട്ടി അണികൾ വിശ്വസിച്ചിരുന്നത്.
പൊന്നാനിയിൽ ജില്ല സെക്രട്ടറിയേറ്റംഗം ടി.എം സിദ്ദീഖിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചെന്ന റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് നിരവധി പാർട്ടി പ്രവർത്തകർ അദ്ദേഹത്തിന് പിന്തുണ നൽകി നേരിട്ടും നവ മാധ്യമങ്ങൾ വഴിയും രംഗത്തെത്തി. പൊന്നാനിയിൽ ഏറെ ജന സ്വാധീനമുള്ള നേതാവായതിനാലാണ് പലരും പാർട്ടി നടപടി ചോദ്യം ചെയ്യുന്നത്. അന്വേഷണ കമീഷൻ ഏകപക്ഷീയമായാണ് തെളിവെടുപ്പ് നടത്തി റിപ്പോർട്ട് നൽകിയതെന്നും ശ്രീരാമകൃഷ്ണന് വേണ്ടിയാണ് ആദ്യമായി ഒപ്പ് ശേഖരണം നടന്നതും പോസ്റ്റർ പ്രത്യക്ഷപ്പെട്ടതെന്നും ഇക്കാര്യങ്ങളിലൊന്നും നടപടി സ്വീകരിക്കാത്തത് എന്ത് കൊണ്ടാണെന്ന ചോദ്യവുമാണ് പ്രവർത്തകർ ഉയർത്തുന്നത്.
പെരിന്തൽമണ്ണയിൽ ജില്ല സെക്രട്ടറിയേറ്റംഗങ്ങളെ ഏരിയ കമ്മിറ്റിയിലേക്ക് മാറ്റിയപ്പോൾ സിദ്ദീഖിനെ ഏറ്റവും താഴ്ന്ന ഘടകമായ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയത് ഇരട്ട നീതിയാണെന്നും പ്രവർത്തകർ വിമർശിക്കുന്നു. അതിനിടെ അസംതൃപ്തരായ സി.പി.എം നേതാക്കളെയും അണികളെയും കൂടെ കൂട്ടാൻ മറ്റു പാർട്ടികളും രംഗത്തെത്തിയതായി സൂചനയുണ്ട്. എന്നാൽ സി.പി.എം വിടേണ്ടെന്ന നിലപാടിൽ തന്നെയാണ് ടി.എം. സിദ്ദീഖ് അനുകൂലികളുള്ളത്.
'അച്ചടക്ക നടപടി പുനഃപരിശോധിക്കണം'
പൊന്നാനി: ജില്ല സെക്രേട്ടറിയറ്റംഗം ടി.എം. സിദ്ദീഖിനെതിരെ കൈക്കൊണ്ട അച്ചടക്ക നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പൊന്നാനി ഏരിയ കമ്മറ്റിയംഗങ്ങൾ മലപ്പുറം ജില്ല നേതൃത്വത്തെ സമീപിച്ചു. വെളിയങ്കോട്, എരമംഗലം, പെരുമ്പടപ്പ് ലോക്കൽ സെക്രട്ടറിമാരുൾപ്പെടെയാണ് തീരുമാനം ഉചിതമല്ലെന്ന് ചൂണ്ടിക്കാട്ടി ജില്ല സെക്രട്ടറിയെ കണ്ടത്. ഏരിയ കമ്മിറ്റി അംഗങ്ങളിലെ നിരവധി പേരുടെ ആവശ്യത്തെത്തുടർന്നാണിത്. ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തീകരിച്ച് ലോക്കൽ സമ്മേളനങ്ങൾ അടുത്തെത്തിയ ഘട്ടത്തിലാണ് നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.
ഏകപക്ഷീയ തീരുമാനമാണ് അന്വേഷണ കമീഷൻ എടുത്തതെന്നും മൂന്നാം തവണയും സ്ഥാനാർഥിയാകാൻ കരുനീക്കം നടത്തിയ പി. ശ്രീരാമകൃഷ്ണനെതിരെ തെളിവുകൾ നൽകിയിട്ടും പരിഗണിച്ചില്ലെന്നുമാണ് ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ പറയുന്നത്. ഇക്കാര്യങ്ങൾ കൂടി നേതൃത്വത്തെ നേരിട്ട് ബോധ്യപ്പെടുത്താനാണ് സംഘം ജില്ല സെക്രട്ടറിയെ നേരിൽ കണ്ടത്. ജില്ല സെക്രേട്ടറിയറ്റംഗത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിന് തുല്യമായ നടപടിയാണ് ബ്രാഞ്ചിലേക്കുള്ള തരംതാഴ്ത്തലിലൂടെ ഉണ്ടായതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. എന്നാൽ, നടപടി സംബന്ധിച്ച അറിയിപ്പ് ഔദ്യോഗികമായി ടി.എം. സിദ്ദീഖിനോ നടപടിക്ക് വിധേയരായ മറ്റുള്ളവർക്കോ ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.