മാതൃക പ്രവർത്തനങ്ങളുമായി മലപ്പുറം കലക്ടർ ജാഫർ മലിക് പടിയിറങ്ങി
text_fieldsമലപ്പുറം: പ്രതിസന്ധികൾ നിറഞ്ഞ കാലയളവിൽ ജില്ലയെ മാതൃകപരമായി നയിച്ച കലക്ടർ ജാഫർ മലിക് മടങ്ങുന്നു. ജില്ലയിൽ അസി. കലക്ടറായി സേവനം ചെയ്തിരുന്ന െക. ഗോപാലകൃഷ്ണനാണ് പുതിയ കലക്ടർ. തിരുവനന്തപുരം കലക്ടറായിരുന്ന ഇദ്ദേഹം തമിഴ്നാട് നാമക്കൽ സ്വദേശിയാണ്. 2013ലാണ് ഗോപാലകൃഷ്ണൻ അസി. കലക്ടറായി മലപ്പുറത്ത് സർവിസിൽ പ്രവേശിച്ചത്.
ചികിത്സയിലായതിനാൽ ജാഫർ മലിക്കിന് പുതിയ ചുമതല നൽകിയിട്ടില്ല. കഴിഞ്ഞ വർഷം ജൂൺ 19നാണ് മലപ്പുറത്തിെൻറ 53ാമത് കലക്ടറായി രാജസ്ഥാൻ സ്വദേശിയായ ഇദ്ദേഹം ചുമതലയേൽക്കുന്നത്. ദുരന്ത നിവാരണ വിഭാഗം ചെയർമാൻ കൂടിയായ കലക്ടറുടെ നേതൃത്വത്തിൽ കൃത്യമായ ഏകോപനത്തിലായിരുന്നു പ്രളയകാല പ്രവർത്തനങ്ങൾ.
ആദിവാസി കോളനികളിലേക്കുള്ള മുണ്ടേരിയിലെ നടപ്പാലം കലക്ടറുടെ അഭ്യർഥനയനുസരിച്ച് റവന്യൂ ജീവനക്കാർ പണം മുടക്കിയാണ് നിർമിച്ചത്. പോത്തുകല്ലിലെ ചളിക്കൽ ആദിവാസി കോളനി പുനരധിവാസത്തിന് ഭൂമി കണ്ടെത്തി ഫെഡറൽ ബാങ്കിെൻറ സഹായത്തോടെ വീടുകളുടെ നിർമാണം തുടങ്ങി. കവളപ്പാറ ദുരന്തത്തിനിരയായവർക്ക് ഭൂമി കണ്ടെത്തുകയും പീപ്പിൾസ് ഫൗണ്ടേഷൻ വീടുകൾ നിർമിക്കാമെന്ന് കലക്ടറെ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇതിനെതിരെ പി.വി. അൻവർ എം.എൽ.എ പരസ്യമായി രംഗത്തുവരികയും ഭൂമി ഏറ്റെടുക്കൽ നടപടി സർക്കാർ മരവിപ്പിക്കുകയും ചെയ്തു. ഇതോടെ പുനരധിവാസ പ്രവർത്തനങ്ങൾ മുടങ്ങി. വില്ലേജ് ഒാഫിസുകളിൽ മിന്നൽ സന്ദർശനം നടത്തുകയും ആഴ്ചയിൽ ഒരു ദിവസം പൊതുജനങ്ങൾക്കായി അദാലത്തും ഒരുക്കുകയും ചെയ്തത് ജാഫർ മലിക്കിെൻറ കാലയളവിലാണ്. കോവിഡ് കാലത്തും രാപ്പകലില്ലാതെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. ശാരീരിക പ്രയാസത്തെ തുടർന്നാണ് അവധിയിൽ പ്രവേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.