ട്രിപ്ൾ ലോക്ഡൗണിൽ നിശ്ചലമായി മലപ്പുറം ജില്ല
text_fieldsമലപ്പുറം: ട്രിപ്ൾ ലോക്ഡൗണിൽ നിശ്ചലമായി ജില്ല. കോവിഡ് അതീവ ജാഗ്രതയുടെ ഭാഗമായി ദേശീയ, സംസ്ഥാനപാതകളിലും പൊലീസ് നിരീക്ഷണവും പരിശോധനയും ശക്തമാക്കുകയും ഗ്രാമീണ റോഡുകൾ അടക്കുകയും ചെയ്തതോടെ ജനം വീട്ടിലിരുന്നു. അനാവശ്യമായി പുറത്തിറങ്ങിയവരെ വഴിയിൽ തടഞ്ഞു. അവശ്യസേവന വിഭാഗങ്ങൾ മാത്രമാണ് പ്രവർത്തിച്ചത്. മെഡിക്കല്‍ എമര്‍ജന്‍സി, വിവാഹം, മരണം എന്നീ അടിയന്തര സാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. ചരക്കു വാഹനങ്ങൾ കടത്തിവിടുന്നുണ്ട്.
കോവിഡ് രോഗനിര്‍വ്യാപന/പ്രതിരോധ പ്രവര്‍ത്തനവുമായി നേരിട്ട് ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫിസുകള്‍, അവശ്യ സേവനം നല്കുന്ന മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ ഏറ്റവും കുറവ് എണ്ണം ജീവനക്കാരെ വെച്ചാണ് പ്രവർത്തിക്കുന്നത്.
ബാങ്ക്, ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ എന്നിവ ഇന്നലെ തുറന്നു. ഇനി ബുധൻ, വെള്ളി ദിവസങ്ങളിലാണ് പ്രവർത്തനാനുമതി. രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് പ്രവർത്തനം. ആശുപത്രികള്‍, മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍/ വ്യവസായങ്ങള്‍, മെഡിക്കല്‍ ലാബ്, ഭക്ഷ്യ-അനുബന്ധ വ്യവസായങ്ങള്‍ക്കും തടസ്സമില്ല.
റേഷന്‍ കടകള്‍, ഭക്ഷ്യ, അവശ്യവസ്തുക്കളുടെ കച്ചവട സ്ഥാപനങ്ങൾ ഉച്ചക്ക് രണ്ടോടെ പൂട്ടി. പാല്, പത്രം, മത്സ്യം, മാംസ വിതരണം രാവിലെ എട്ട് വരെയാണ് അനുവദിക്കുന്നത്. ഹോട്ടലുകള്‍ ഹോം ഡെലിവറിക്കായി മാത്രം രാത്രി ഏഴ് വരെ പ്രവർത്തിക്കാം. വഴിയോര കച്ചവടം, വീടുകള്‍ തോറും കയറിയിറങ്ങിയുള്ള വില്പന എന്നിവ പൂര്‍ണമായും നിരോധിച്ചു. ഹാർബർ പ്രവർത്തനത്തിനും മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ആരാധനാലയങ്ങളെല്ലാം അടച്ചിട്ടു.
ഐ.ജിയുടെ മേൽനോട്ടം
വാഹനപരിശോധന നടത്തുന്ന പൊലീസ് സംഘത്തെ നയിക്കുന്നത് കോഴിക്കോട് നോര്‍ത്ത് ഐ.ജി അശോക് യാദവ്. ട്രിപ്ള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജില്ലയുടെ അധിക ചുമതല വഹിക്കുകയാണ് ഇദ്ദേഹം. പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ രണ്ട് ദിവസം മുമ്പ് മലപ്പുറത്തെത്തി അശോക് യാദവ് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. തിങ്കളാഴ്ച ജില്ല ആസ്ഥാനത്തും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഐ.ജി നേരിട്ടെത്തി വാഹന പരിശോധന നടത്തി. ജില്ല പൊലീസ് മേധാവിയുടെ കാര്യാലയത്തിൽ പ്രത്യേക അവലോകനയോഗവും ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.