എല്ലാ വിദ്യാർഥികള്‍ക്കും ഉപരിപഠനം ഉറപ്പാക്കും- മന്ത്രി വി. അബ്ദുറഹ്മാൻ, നീന്തൽ സർട്ടിഫിക്കറ്റിനെ ചൊല്ലി മന്ത്രിയും എം.എൽ.എയും തമ്മിൽ വാക്തർക്കം
text_fieldsമലപ്പുറം: ജില്ലയിലെ അര്‍ഹരായ മുഴുവന്‍ വിദ്യാർഥികള്‍ക്കും ഉപരിപഠനത്തിന് സാഹചര്യമൊരുക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍. ഐ.ടി.ഐ, ടി.ടി.സി പോലുള്ള തൊഴിലധിഷ്ഠിത കോഴ്സുകളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ല വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ജനസാന്ദ്രതയും വിജയശതമാനവും കണക്കിലെടുത്ത് കാര്യക്ഷമമായ നടപടി സ്വീകരിക്കും.
പൊതുവിദ്യാഭ്യാസ മന്ത്രിയെ നേരില്‍ കണ്ട് സംസാരിക്കുമെന്ന് മന്ത്രി അറിയിച്ചു. ജില്ലയില്‍ നിലവിലുള്ള തൊഴിലധിഷ്ഠിത കോഴ്സുകളുടെയും സീറ്റുകളുടെയും കണക്കെടുത്ത് അറിയിക്കാന്‍ ജില്ല പൊതു വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. കോവിഡ് രോഗികളുടെ എണ്ണവും കുട്ടികള്‍ക്കിടയിലെ പകര്‍ച്ചവ്യാധിയും കൂടുന്ന സാഹചര്യത്തില്‍ ജില്ലയിലെ 12 മുതല്‍ 17 വരെ പ്രായമുള്ള വിദ്യാർഥികളുടെ വാക്‌സിനേഷന്‍ നടപടികള്‍ ഊർജിതമാക്കുമെന്നും മന്ത്രി പറഞ്ഞു.
ജൂണ്‍ 14 മുതല്‍ ജില്ലയില്‍ 12 മുതല്‍ 14 വരെയുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ തുടരുന്നതായും വിവിധ സ്കൂളുകളില്‍ പി.ടി.എ സഹായത്തോടെ ബോധവത്കരണ ക്ലാസുകള്‍ നടത്തിയതായും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക യോഗത്തില്‍ പറഞ്ഞു. 15 മുതല്‍ 17 വരെ വയസ്സുള്ള വിദ്യാർഥികളുടെ വാക്‌സിനേഷന്‍ നടപടികള്‍ തുടങ്ങുമെന്നും ഡി.എം.ഒ വ്യക്തമാക്കി. ജില്ലയില്‍ ഡിസ്ട്രിക്ട് ഏര്‍ലി ഡിസബിലിറ്റി ഡിറ്റന്‍ഷന്‍ സെന്‍ററുകള്‍ സ്ഥാപിക്കുന്നതിനായി മാതൃക പ്രോജക്ടിന്‍റെ കരട് രൂപം തയാറാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായി ഡി.എം.ഒ പറഞ്ഞു.
എം.പി. അബ്ദുസ്സമദ് സമദാനി എം.പി, എം.എല്‍.എമാരായ പി. ഉബൈദുല്ല, ടി.വി. ഇബ്രാഹിം, പ്രഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, അഡ്വ. യു.എ. ലത്തീഫ്, പി. അബ്ദുൽ ഹമീദ്, കെ.പി.എ മജീദ്, കുറുക്കോളി മൊയ്തീന്‍, പി.വി. അബ്ദുൽ വഹാബ് എം.പിയുടെ പ്രതിനിധി അഡ്വ. പി അബൂസിദ്ദീഖ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് അബ്ദുറഹ്മാന്‍ കാരാട്ട്, ജില്ല കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍, ജില്ല പ്ലാനിങ് ഓഫിസര്‍ പി.എ. ഫാത്തിമ എന്നിവര്‍ സംസാരിച്ചു.
പകുതി എം.എൽ.എമാരുംഎത്തിയില്ല
മലപ്പുറം: ജില്ലയുടെയും മണ്ഡലങ്ങളുടെയും വികസനത്തിൽ സുപ്രധാനമായ ജില്ല വികസന സമിതി യോഗത്തിൽ ജില്ലയിലെ പകുതി എം.എൽ.എമാരും എത്തിയില്ല. ജില്ലയിൽനിന്നുള്ള മന്ത്രി വി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മന്ത്രിയൊഴികെയുള്ള 15ൽ ഏഴുപേരാണ് പങ്കെടുത്തത്. ടി.വി. ഇബ്രാഹിം, യു.എ. ലത്തീഫ്, കുറുക്കോളി മൊയ്തീൻ, പി. ഉബൈദുല്ല, പി. അബ്ദുൽ ഹമീദ്, കെ.പി.എ. മജീദ്, പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എന്നിവരാണുണ്ടായിരുന്നത്. എം.പിമാരിൽ അബ്ദുസ്സമദ് സമദാനി പങ്കെടുത്തു. കഴിഞ്ഞ മാസം നാലുപേർ മാത്രമാണ് പങ്കെടുത്തത്. ചില എം.എൽ.എമാർ അപൂർവമായാണ് സമിതിക്കെത്തുന്നത് എന്ന് ആക്ഷേപമുണ്ട്.
എല്ലാ സർക്കാർ വകുപ്പുകളുടെയും ജില്ല മേധാവികൾ പങ്കെടുക്കുന്ന സമിതിയിലാണ് അതത് മണ്ഡലങ്ങളിലെ വികസന കാര്യങ്ങളും പൊതു ആവലാതികളും ചർച്ച ചെയ്യുന്നത്. സമിതിയിലെ എം.എൽ.എമാരുടെ പങ്കാളിത്തം വർധിക്കുന്നത് ഉദ്യോഗസ്ഥ തലത്തിൽ നടപടികൾക്ക് വേഗംകൂട്ടാനും ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുത്യാരത ഉറപ്പാക്കാനും സഹായിക്കുമെന്ന് ജില്ലതല ഉദ്യോഗസ്ഥർതന്നെ ചൂണ്ടിക്കാട്ടുന്നു.
പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണമെന്ന് പ്രമേയം
മലപ്പുറം: ഉപരിപഠന മേഖലയിൽ ജില്ലയിലെ വിദ്യാർഥികൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ മതിയായ പ്ലസ് വൺ ബാച്ചുകളും അഡീഷനൽ ബാച്ചുകളും സീറ്റുകളും വർധിപ്പിക്കണമെന്ന് ജില്ല വികസന സമിതിയിൽ പ്രമേയം. ടി.വി. ഇബ്രാഹിം എം.എൽ.എ അവതരിപ്പിച്ച പ്രമേയത്തെ കെ.പി.എ മജീദ് എം.എൽ.എ പിന്തുണച്ചു.
പാലക്കാട് -കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ നിർമാണത്തിന് മഞ്ചേരിയിൽ പ്രോജക്ട് ഓഫിസ് തുറക്കാൻ നടപടി സ്വീകരിക്കണമെന്ന പ്രമേയം പി. അബ്ദുൽ ഹമീദ് എം.എൽ.എ അവതരിപ്പിച്ചു. പി.വി. അബ്ദുൽ വഹാബ് എം.പിയുടെ പ്രതിനിധി അഡ്വ. പി. അബൂസിദ്ദീഖ് പ്രമേയത്തെ പിന്തുണച്ചു. ബന്ധപ്പെട്ടവര്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കുമെന്ന് ജില്ല കലക്ടര്‍ മറുപടി നല്‍കി.
കെ.എസ്.ആർ.ടി.സി ആസ്ഥാന മാറ്റം ചർച്ചയായില്ല
മലപ്പുറം: കെ.എസ്.ആർ.ടി.സിയുടെ ജില്ലയിലെ ആസ്ഥാനം മലപ്പുറത്തുനിന്ന് പെരിന്തൽമണ്ണയിലേക്ക് മാറ്റുന്നത് ജില്ല വികസന സമിതിയിൽ ചർച്ചയായില്ല. ടെർമിനൽ നവീകരണം നീളുന്നതിന്‍റെ പേരിൽ ആസ്ഥാനം പെരിന്തൽമണ്ണയിലേക്ക് മാറ്റുന്നത് ജില്ല ആസ്ഥാനമായ മലപ്പുറത്തിന് തിരിച്ചടിയാണ്. എന്നാൽ, ബന്ധപ്പെട്ട ജനപ്രതിനിധിയടക്കമുള്ളവർ ഇക്കാര്യം യോഗത്തിൽ ഉന്നയിച്ചില്ല.
നീന്തൽ സർട്ടിഫിക്കറ്റിനെ ചൊല്ലി മന്ത്രിയും എം.എൽ.എയും തമ്മിൽ വാക്തർക്കം
മലപ്പുറം: പ്ലസ് വൺ പ്രവേശനത്തിന് വെയിറ്റേജ് മാർക്ക് ലഭിക്കുന്നതിനുള്ള നീന്തൽ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കായികമന്ത്രി വി. അബ്ദുറഹ്മാനും തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീനും തമ്മിൽ ജില്ല വികസന സമിതി യോഗത്തിൽ വാക്തർക്കം.
78,000ത്തിലേറെ വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടിയ ജില്ലയിൽ സ്പോർട്സ് കൗൺസിലിനു കീഴിൽ മൂന്നിടത്ത് മാത്രമാണ് നീന്തൽ പരിശോധനക്ക് സംവിധാനമുള്ളതെന്നും താലൂക്ക് തലത്തിൽ പരിശോധന കേന്ദ്രങ്ങൾ അനുവദിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
എന്നാൽ, നീന്തൽ അറിയാത്തവർക്കടക്കം സർട്ടിഫിക്കറ്റ് നൽകുന്ന സംവിധാനമാണ് ഇതുവരെ ഉണ്ടായിരുന്നതെന്നും അത് ഇനി അനുവദിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. കൂടുതൽ സ്ഥലങ്ങളിൽ നീന്തൽ പരിശോധനക്ക് സംവിധാനമൊരുക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. ഒരു നീന്തൽക്കുളത്തിൽ 10 ഉദ്യോഗസ്ഥരാണ് പരിശോധനക്ക് വേണ്ടതെന്നും മുന്നിടത്തേക്ക് വേണ്ട 30 ഉദ്യോഗസ്ഥരേ ജില്ലയിൽ ലഭ്യമായിട്ടുള്ളൂവെന്നും മന്ത്രി പറഞ്ഞു.
കൂടുതൽ കുട്ടികളുള്ള ജില്ലയിൽ എന്താണ് ചെയ്യുകയെന്ന് എം.എൽ.എ ചോദിച്ചു. നീന്തലറിയുന്നവർ മാത്രം സർട്ടിഫിക്കറ്റിന് അപേക്ഷിച്ചാൽ മതിയെന്നായി മന്ത്രി. നേരത്തേ നീന്തലറിയാത്തതിനാൽ മുങ്ങിമരിച്ച രണ്ടു വിദ്യാർഥികൾക്കും നീന്തൽ സർട്ടിഫിക്കറ്റുണ്ടായിരുന്നുന്നെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രണ്ടു വർഷമായി പഞ്ചായത്തുതലത്തിൽ നീന്തൽ പരിശീലനത്തിന് സംവിധാനമൊരുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആരും ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ആൺകുട്ടികളും പുരുഷന്മാരുമുള്ളിടത്ത് പെൺകുട്ടികൾ യോഗ്യത തെളിയിക്കാൻ നീന്താനിറങ്ങുന്നതിന്റെ പ്രയാസം എം.എൽ.എ ചൂണ്ടിക്കാട്ടി. ഒരു ദിവസം പെൺകുട്ടികൾക്കും അടുത്ത ദിവസം ആൺകുട്ടികൾക്കുമായി ക്രമീകരിക്കുകയും വനിത ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഓരോ മണിക്കൂർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി മാറ്റി വെക്കുന്നതാണ് പ്രായോഗികമെന്ന് മന്ത്രി മറുപടി നൽകി. വിദ്യാർഥികൾക്ക് നീന്തൽ യോഗ്യത തെളിയിക്കാൻ ജില്ലയിൽ മൂന്നിടത്താണ് സൗകര്യമുള്ളത്. കാലിക്കറ്റ് സർവകലാശാല സ്പോർട്സ് കോംപ്ലക്സിലെ നീന്തൽക്കുളം, മലപ്പുറം മേൽമുറി മഅ്ദിനു സമീപത്തെ അഞ്ചീനിക്കുളം, പെരിന്തൽമണ്ണ കക്കൂത്ത് സിൽവർ മൗണ്ട് ഇന്റർനാഷനൽ സ്കൂളിലെ നീന്തൽക്കുളം എന്നിവയാണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.