മലപ്പുറം ജില്ല വികസന സമിതി യോഗം; പുഴയോര കൈയേറ്റം കണ്ടെത്താൻ സർവേ
text_fieldsമലപ്പുറം: കൊണ്ടോട്ടി താലൂക്കിലെ ചേലേമ്പ്ര പുല്ലിപ്പുഴയുടെ തീരം സർവേ ചെയ്ത് തിട്ടപ്പെടുത്തുന്നതിന് സർവേ സംഘത്തെ നിയോഗിക്കാൻ ജില്ല കലക്ടർ വി.ആർ വിനോദ് നിർദേശം നൽകി. ജില്ല വികസനസമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി. അബ്ദുൽ ഹമീദ് എം.എൽ.എയാണ് ആവശ്യം ഉന്നയിച്ചത്. കൈയേറ്റമുള്ള ഭാഗങ്ങൾ കണ്ടെത്താനാണ് സർവേ. ഇതിനായി കോഴിക്കോട് താലൂക്ക് സർവേയറുടെ സേവനം ലഭ്യമാക്കും. ജൽജീവൻ മിഷൻ പദ്ധതിക്കായി പൊളിച്ച പൊന്നാനി നിയോജകമണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾ ഡിസംബർ അവസാന വാരം പൂർത്തിയാക്കുമെന്ന് വാട്ടർ അതോറിറ്റി എക്സി. എഞ്ചിനീയർ അറിയിച്ചു.
പെരിന്തൽമണ്ണ മണ്ഡലത്തിലെ ആലിപ്പറമ്പ്, താഴേക്കോട് പഞ്ചായത്തുകളിൽ ജൽജീവൻ മിഷന്റെ പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിച്ച റോഡുകളുടെ നവീകരണത്തിന് സാങ്കേതികാനുമതി ലഭ്യമായാലുടൻ പ്രവൃത്തി ടെൻഡർ ചെയ്യും.
ജനകീയ ഹോട്ടലുകൾക്ക് നൽകാനുള്ള തുകയിൽ 4.80 കോടി സർക്കാർ അനുവദിച്ചെന്ന് ജില്ല കുടുംബശ്രീ മിഷൻ. തുക രണ്ടുദിവസത്തിനകം കൊടുത്തുതീർക്കുമെന്നും കുടംബശ്രീ ജില്ല കോഓഡിനേറ്റർ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി അറിയിച്ചു.
തിരുനാവായ നോർത്ത് പല്ലാറിലുള്ള റേഷൻകട മാറ്റി സ്ഥാപിച്ചത് ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന നടപടിയാണെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ പറഞ്ഞു. നോർത്ത് പല്ലാറിൽ നിന്ന് മാറ്റിയ റേഷൻകട അവിടെത്തന്നെ നിലനിർത്താനും സൗത്ത് പല്ലാറിലേക്ക് പുതിയതായി അനുവദിച്ച റേഷൻകട സ്ഥാപിക്കാൻ നടപടി സ്വീകരിക്കാൻ ജില്ല സപ്ലൈ ഓഫിസർ നടപടി സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
ദേശീയപാതയുടെ പണിപൂർത്തിയാവുന്നതോടെ അഴുക്കുചാൽ പ്രശ്നം പൂർണമായും പരിഹരിക്കപ്പെടുമെന്ന് ദേശീയപാത അതോറിറ്റി ലെയ്സണിങ് ഓഫിസർ പി.പി.എം. അഷ്റഫ് അറിയിച്ചു. വയലുകളിൽ നിന്ന് വെള്ളം ഒഴിഞ്ഞുപോകാൻ സംവിധാനങ്ങൾ ഒരുക്കുമെന്നും കർഷകരുടെ ആശങ്കകൾ പരിഹരിക്കുമെന്നും കെ.പി.എ മജീദ് എം.എൽ.എയുടെ ചോദ്യത്തിന് മറുപടി നൽകി.
ഭൂമിയില്ലാത്തവർക്ക് ഭൂമി, രേഖകളില്ലാത്തവർക്ക് ഭൂമിയുടെ രേഖകൾ, വീടുകളില്ലാത്തവർക്ക് വീടുകൾ തുടങ്ങി അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. ഇതിന്റെ ഭാഗമായി വിവിധ മിഷനുകളുടെ പ്രവർത്തന പുരോഗതി യോഗം വിലയിരുത്തി.
ലൈഫ് മിഷനിൽ 18,383 വീടുകൾ പൂർത്തീകരിച്ചതായി ലൈഫ് മിഷൻ കോഓഡിനേറ്ററും വിദ്യാകിരണം പദ്ധതിയിൽ 16 സ്കൂളുകൾക്ക് അഞ്ചുകോടി വീതവും 86 സ്കൂളുകൾക്ക് മൂന്നുകോടി വീതവും 65 സ്കൂളുകൾക്ക് ഒരുകോടി വീതവും അനുവദിച്ചതായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോഓഡിനേറ്ററും യോഗത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.