മലപ്പുറം ജില്ല വിദഗ്ധ സമിതി നിലവിൽവന്നില്ല; റിവർ മാനേജ്മെന്റ് ഫണ്ട് വിനിയോഗം മുടങ്ങി
text_fieldsമലപ്പുറം: റിവർ മാനേജ്മെന്റ് ഫണ്ട് വിനിയോഗത്തിന് അനുമതി നൽകേണ്ട ജില്ല വിദഗ്ധ സമിതി രൂപവത്കരിക്കാത്തത് ജില്ലയിൽ പദ്ധതികളെ ബാധിക്കുന്നു. സമിതി യാഥാർഥ്യമാകാത്തത് കാരണം ജില്ലയിലെ വിവിധ പുഴകളുടെ തീര സംരക്ഷണവും അനുബന്ധ പദ്ധതികളും പാതിവഴിയിൽ നിൽക്കുകയാണ്. 20ലധികം പദ്ധതികളാണ് സമിതിയുടെ ഭരണാനുമതിക്കായി കാത്തിരിക്കുന്നത്. അടിയന്തര പ്രധാന്യത്തോടെ ചെയ്യേണ്ട പ്രവൃത്തികളും ഭരണാനുമതി ലഭിക്കേണ്ടതിലുണ്ട്. പ്രശ്നം പരിഹരിക്കാൻ ജില്ല വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല ദുരന്ത നിവാരണ വിഭാഗം സംസ്ഥാനത്തിന് കത്ത് നൽകിയിട്ടും മറുപടി ലഭിച്ചിട്ടില്ല. പദ്ധതികൾക്ക് അനുമതി ലഭിക്കാത്തത് കാരണം 2,12,26,402 രൂപയാണ് റിവർ മാനേജ്മെന്റ് ഫണ്ടിൽ ചെലവഹിക്കാൻ കഴിയാതെ കിടക്കുന്നത്.
വിവിധ പദ്ധതികൾക്കായി ഇതുവരെ 68,48,762 രൂപയാണ് ചെലവ് വഹിച്ചത്. ഇതിൽ കടലുണ്ടി പുഴ സംരക്ഷണ ഭിത്തിക്ക് 45,56,218, പുഴകളുടെ മണൽ ഓഡിറ്റിന് 78,92,00, പെരിന്തൽമണ്ണ സബ് കലക്ടർക്ക് മുൻകൂർ നൽകിയത് 2,00,000, ഓഡിറ്റിന് 88,500, ചാലിയാറിൽ ബോട്ട് ഉപയോഗത്തിന് 12,148, വേങ്ങരയിൽ അനധികൃത മണൽ കടത്ത് തടയുന്നതിന് 4,500, സർക്കാർ ഉത്തരവ് പ്രകാരം വാഹനം വാങ്ങിയതിന് 9,49,050, വാഹന രജിസ്ട്രേഷന് 29,561, വാഹനത്തിന് മറ്റ് ചെലവുകളിൽ 2,19,585 എന്നിങ്ങനെയാണ് ആകെ ചെലവാക്കിയത്.
കലക്ടർ, ജില്ല ലേബർ ഓഫിസർ, ജില്ല പൊലീസ് മേധാവി, പഞ്ചായത്ത് ഉപഡയറക്ടർ, ജില്ല പഞ്ചായത്ത് അംഗം, ഒരു നഗരസഭ അധ്യക്ഷൻ, രണ്ട് ഗ്രാമപഞ്ചായത്ത് അധ്യക്ഷൻമാർ, ഒരു ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ, ഹൈഡ്രോളജിസ്റ്റ്, ജലസേചന വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ, ജല വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ, രണ്ട് പരിസ്ഥിതി പ്രവർത്തകർ, പി.ഡബ്ല്യു.ഡി (റോഡ്, പാലം) എക്സിക്യൂട്ടിവ് എൻജിനീയർ, ജിയോളജിസ്റ്റ്, ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എന്നിവരടങ്ങുന്നതാണ് വിദഗ്ധ സമിതി. സമിതിയിൽ കലക്ടർ ചെയർമാനും ജലസേചന വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ കൺവീനറുമാണ്. സർക്കാറിൽനിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കിൽ പദ്ധതികൾ നീളുമെന്ന് അധികൃതർ ജില്ല ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.