എസ്.എസ്.എൽ.സി പരീക്ഷഫലം: നേട്ടം കൈവിടാതെ മലപ്പുറം ജില്ല
text_fieldsമലപ്പുറം: എസ്.എസ്.എൽ.സി പരീക്ഷഫലത്തിൽ നേട്ടം ആവർത്തിച്ച് മലപ്പുറം ജില്ല. വിജയശതമാനത്തിൽ നേരിയ ഇടിവുണ്ടായെങ്കിലും ഇക്കുറിയും മികച്ച വിജയം നേടാൻ മലപ്പുറത്തിനായി. കൂടുതൽ കുട്ടികളെ ഉപരിപഠനത്തിന് അർഹരാക്കിയതിലും സമ്പൂർണ എ പ്ലസിലും സംസ്ഥാനതലത്തിൽ ഇത്തവണയും മലപ്പുറമാണ് ഒന്നാമത്.
കഴിഞ്ഞ നിരവധി വർഷങ്ങളായി എ പ്ലസിൽ ജില്ലയാണ് കേരളത്തിൽ മുന്നിൽ നിൽക്കുന്നത്. 99.32 ആണ് ഇത്തവണത്തെ വിജയശതമാനം. 2021ൽ 99.39 ശതമാനമായിരുന്നു. കഴിഞ്ഞ വർഷത്തേതിൽനിന്ന് 0.07 ശതമാനം കുറവ്. തുടർച്ചയായി രണ്ടാംതവണയാണ് മലപ്പുറം 99 ശതമാനത്തിന് മുകളിൽ വിജയം നേടുന്നത്. സംസ്ഥാന ശരാശരിക്ക് മുകളിലാണ് ഇക്കുറിയും വിജയം. 99.26 ശതമാനമാണ് സംസ്ഥാനശരാശരി. 2020ൽ 98.65SSLC Result, SSLC ശതമാനവും 2019 ൽ 97.86 ശതമാനവുമായിരുന്നു വിജയം.
78,224 വിദ്യാർഥികൾ (ആൺ -39,560, പെൺ -38,664) പരീക്ഷയെഴുതിയതിൽ 77,691 പേർ (ആൺ -39,217, പെൺ -38,474) 10ാം ക്ലാസ് കടന്നു. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണം 7230 ആണ്. 1803 ആൺകുട്ടികൾക്കും 5427 പെൺകുട്ടികൾക്കുമാണ് ജില്ലയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. 2021ൽ 18,970 പേർക്ക് ജില്ലയിൽ ഫുൾ എ പ്ലസ് ലഭിച്ചിരുന്നു.
സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തുകയും (27,461) ഉപരിപഠനത്തിന് അർഹരാക്കുകയും (27,385) ചെയ്ത വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്. സ്കൂളുകളിൽ എടരിക്കോട് പി.കെ.എം എച്ച്.എസ്.എസാണ് ഇക്കാര്യത്തിൽ ഒന്നാമത്. 2104 വിദ്യാർഥികൾ ഇവിടെ പരീക്ഷയെഴുതി. ഇതിൽ 2101 കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ മൂന്നാം സ്ഥാനം കെ.എച്ച്.എം.എസ്.എസ് ആലത്തിയൂരിനാണ്. 1323 പേർ. എ പ്ലസുകാരിലും കേരളത്തിൽ മുന്നിൽ മലപ്പുറം വിദ്യാഭ്യാസജില്ലയാണ്. 3024 പേർക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. ജില്ലയിൽ 189 സ്കൂളുകൾക്കാണ് 100 ശതമാനം വിജയം നേടിയത്. ഗവ.സ്കൂൾ - 50, എയ്ഡഡ് -22, അൺ എയ്ഡഡ്-117.
വിദ്യാഭ്യാസ ജില്ല അടിസ്ഥാനത്തിൽ, ബ്രാക്കറ്റിൽ ആൺ, പെൺ.
മലപ്പുറം: പരീക്ഷ എഴുതിയവർ -27,461 (13,895, 13,566), യോഗ്യത നേടിയവർ- 27,385 (13,841, 13,544). വിജയശതമാനം - 99.72.
തിരൂർ: പരീക്ഷ എഴുതിയവർ -15,561 (7,918, 7,743), യോഗ്യത നേടിയവർ - 15,486 (7,791, 7,695). വിജയശതമാനം -98.88.
വണ്ടൂർ: പരീക്ഷ എഴുതിയവർ -15,826 (7,863, 7,963), യോഗ്യത നേടിയവർ - 15,659 (7,776, 7,883). വിജയശതമാനം - 98.94.
തിരൂരങ്ങാടി: പരീക്ഷ എഴുതിയവർ -19,276 (9,884, 9,392), യോഗ്യത നേടിയവർ - 19,161 (9,809, 9,352). വിജയശതമാനം - 99.4.
എ പ്ലസിൽ വീണ്ടും മുത്തമിട്ട് ജില്ല
മലപ്പുറം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ മലപ്പുറം ഏറ്റവും കൂടുതൽ എ പ്ലസ് നേടിയവരുടെ എണ്ണത്തിലും ഒന്നാമാത്. 7230 പേരാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. അതിൽ 5427 പേർ പെൺകുട്ടികളും 1803 പേർ ആൺകുട്ടികളുമാണ്. കഴിഞ്ഞ വർഷം 18970 പേരും 2020ൽ 6447 പേരും എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു.
സർക്കാർ സ്കൂളുകളിൽ 1955 പേരും എയ്ഡഡ് സ്കൂളുകളിൽ 3954 പേരും അൺ എയ്ഡഡിൽ 1321 പേരും എ പ്ലസ് കരസ്ഥാമാക്കി ജില്ലയുടെ അഭിമാനതാരങ്ങളായി. മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ 3024 പേർ എ പ്ലസ് കരസ്ഥമാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്. തിരൂർ വിദ്യാഭ്യാസ ജില്ല-1036, വണ്ടൂർ വിദ്യാഭ്യാസ ജില്ല-1602, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല-1563 പേരും എല്ലാ വിഷയത്തിലും എ പ്ലസ് നേടി.
എ പ്ലസ് കിരീടം കൈവിടാതെ പെൺകുട്ടികൾ
മലപ്പുറം: ജില്ലയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ പെൺകുട്ടികൾ ബഹുദൂരം മുന്നിൽ. 7230 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരിൽ 5427 പേർ പെൺകുട്ടികളാണ്. 1803 ആൺകുട്ടികൾ മാത്രമാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ 2253 പെൺകുട്ടികളും 771 ആൺകുട്ടികളും എ പ്ലസ് നേടി. തിരൂരിൽ 809 പെൺകുട്ടികളും 227 ആൺകുട്ടികളും വണ്ടൂരിൽ 1194 പെൺകുട്ടികളും 408 ആൺകുട്ടികളും തിരൂരങ്ങാടിയിൽ 1168 പെൺകുട്ടികളും 395 ആൺകുട്ടികളും എ പ്ലസ് നേടി. കഴിഞ്ഞ വർഷം 5810 ആൺകുട്ടികളും 13160 പെൺകുട്ടികളും എ പ്ലസ് നേടിയിരുന്നു.
ഏറ്റവും കൂടുതൽ പേരെ വിജയിപ്പിച്ച് എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ്
കോട്ടക്കൽ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തി ഏറ്റവും കൂടുതൽ കുട്ടികളെ വിജയിപ്പിച്ച ചരിത്രനേട്ടവുമായി എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ്. 2104 കുട്ടികൾ പരീക്ഷ എഴുതിയതിൽ 2101 കുട്ടികൾ ജയിച്ചു. പരീക്ഷക്കിടെ അപകടം പറ്റിയതിനാൽ ഒരുവിദ്യാർഥി പരീക്ഷ പൂർത്തിയാക്കിയിരുന്നില്ല.
236 വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി സ്കൂളിന്റെ നേട്ടം ഇരട്ടിയാക്കി. പ്രതിഭകളെ സ്കൂൾ മാനേജ്മെന്റും പി.ടി.എയും അഭിനന്ദിച്ചു. അനുമോദനയോഗം മാനേജർ ബഷീർ എടരിക്കോട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ. മുഹമ്മദ് ഷാഫി, പ്രധാനാധ്യാപകൻ പി. ബഷീർ, പ്രമോദ് വാഴങ്കര, കെ.പി. നാസർ, പി.എം. ആശിഷ്, കെ. ഹരീഷ്, വി.ടി. സുബൈർ തങ്ങൾ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.