ജില്ല ഹെൽത്ത് ലാബ് കെട്ടിടം നവീകരണ പ്രവൃത്തി ഉടൻ
text_fieldsമലപ്പുറം: ജില്ല പബ്ലിക് ഹെൽത്ത് ലാബിനെ ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബ് ആയി ഉയർത്തുന്നതിന്റെ ഭാഗമായി മലപ്പുറം സിവിൽ സ്റ്റേഷനിലെ കെട്ടിടത്തിന്റെ നവീകരണം ഉടൻ ആരംഭിക്കും. ഇതിന്റെ ഭാഗമായി ലാബ്, സിവിൽ സ്റ്റേഷനിലെ മറ്റൊരു കെട്ടിടത്തിലേക്ക് താൽകാലികമായി മാറ്റും.
നവീകരണത്തിനും ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനുമായി വകയിരുത്തിയ 1.25 കോടി രൂപയുടെ പദ്ധതിക്ക് സർക്കാർ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പ്രവൃത്തി ടെൻഡർ ചെയ്യുകയും, കരാറുകാരനുമായി എഗ്രിമെന്റ് വെക്കുകയും ചെയ്തു. ചോർച്ചയുള്ള മേൽക്കൂരയടക്കം പൊളിച്ചുനീക്കി കെട്ടിടം സമ്പൂർണമായി നവീകരിക്കും. ഇതിന്റെ ഭാഗമായാണ് ലാബ് താൽകാലികമായി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുന്നത്. അടിയന്തരമായി കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തി പൂർത്തിയാക്കാൻ ആരോഗ്യവകുപ്പ് നിർദേശമുണ്ട്.
കോട്ടപ്പടി സർക്കാർ ആശുപത്രിയോടു ചേർന്നുള്ള സ്ഥലത്തേക്ക് ലാബ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം പി. ഉബൈദുല്ല എം.എൽ.എ അടക്കം നേരത്തെ ഉന്നയിച്ചിരുന്നു. ഡി.ഡി.ഇ ഓഫിസിന് സമീപം വിദ്യാഭ്യാസ വകുപ്പിന്റെ 20 സെന്റ് സ്ഥലം ലാബിന് വിട്ടുനൽകണമെന്ന പ്രപ്പോസൽ കലക്ടറേറ്റിൽനിന്നും നൽകിയെങ്കിലും പൊതുവിദ്യാഭ്യാസ വകുപ്പ് അനുകൂല തീരുമാനമെടുത്തില്ല. ഡി.ഡി.ഇ ഓഫിസ് പുതുക്കിപണിയുന്നതിനാൽ, കോട്ടപ്പടിയിലെ വിദ്യാഭ്യാസ വകുപ്പിന്റെ സ്ഥലം മറ്റാവശ്യങ്ങൾക്ക് വിട്ടുനൽകാൻ സാധ്യത കുറവാണെന്നാണ് സൂചന.
ഭൂമി ലഭ്യമാകുന്നതിലുള്ള നടപടികളിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് നിലവിലെ ലാബ് കെട്ടിടം നവീകരിക്കാനും മുൻവശത്തെ സ്ഥലത്ത് അനുബന്ധ കെട്ടിട സൗകര്യം ഒരുക്കാനും ജില്ല കലക്ടറുമായുള്ള ചർച്ചയിൽ ആരോഗ്യവകുപ്പ് ധാരണയായത്. ഡി.പി.ആർ പ്രകാരം ജില്ല ഹെൽത്ത് ലാബിന് 1,93,637 രൂപയുടെ ഉപകരണങ്ങൾ പുതുതുതായി വാങ്ങി സ്ഥാപിച്ചിട്ടുണ്ട്. കെ.എം.എസ്.സി.എൽ മുഖേനയാണ് ഉപകരണങ്ങൾ വാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.