കിടക്കയില്ലാ ആതുരാലയങ്ങളിൽ ശ്വാസംമുട്ടി രോഗികൾ
text_fieldsമലപ്പുറം: അടിസ്ഥാന സൗകര്യ വികസനമടക്കം കാര്യങ്ങളിൽ മറ്റു ജില്ലകളേക്കാൾ പിന്നിലായി ജില്ലയിലെ ആരോഗ്യ മേഖല. ആശുപത്രികളുടെ പിന്നോക്കാവസ്ഥയും വേണ്ടത്ര ജീവനക്കാരില്ലാത്തതും ജനസംഖ്യാനുപാതികമായി സർക്കാർ ആതുരാലയങ്ങൾ ഇല്ലാത്തതും പേരിൽ മാത്രം താലൂക്ക് ആശുപത്രിയാക്കി ഉയർത്തിയതുമൊക്കെയാണ് പ്രധാന വെല്ലുവിളികൾ. ജനസംഖ്യ കൂടുതലുള്ള ജില്ലയിൽ ഫലത്തിൽ രണ്ട് ഡി.എം.ഒയെയും നാല് അസി. ഡി.എം.ഒമാരെയും നിയമിക്കേണ്ടതുണ്ട്. എന്നാൽ ഒരു ഡി.എം.ഒയും രണ്ട് അസി. ഡി.എം.ഒമാരുമാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ കാര്യങ്ങൾ കാര്യക്ഷമതയോടെ നടപ്പാക്കാൻ ആരോഗ്യ വകുപ്പ് പ്രയാസപ്പെടുകയാണ്...
ബെഡുണ്ട്, കടലാസിൽ മാത്രം!
കേരള പ്ലാനിങ് ബോർഡ് 2022ൽ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം ആശുപത്രി കിടക്കകളുടെ എണ്ണത്തിൽ വളരെ കുറവുള്ള ജില്ലയാണ് മലപ്പുറം. പത്താംസ്ഥാനത്താണ് നിലവിലെ സ്ഥാനം. 2604 ബെഡുകളാണ് ജില്ലയിലുള്ളത്. ഇതിൽ 501 ബെഡുകൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി രൂപവത്കരിച്ചപ്പോൾ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവിസിൽനിന്ന് (ഡി.എച്ച്.എസ്) ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷനിലേക്ക് (ആരോഗ്യ വിദ്യാഭ്യാസ മേഖല) മാറ്റി.
എന്നാൽ രണ്ടു വിഭാഗത്തിന്റെ കണക്കിലും ഈ ബെഡുകളുടെ എണ്ണം ചേർത്തിട്ടുണ്ട്. ഫലത്തിൽ 2103 ബെഡുകളാണ് രോഗികൾക്കായുള്ളത്. 501 ബെഡുകൾ മെഡിക്കൽ വിദ്യാർഥികളുടെ പഠനാവശ്യത്തിനാണ് ഉപയോഗിക്കുന്നത്.
200ൽ താഴെ ബെഡ് ശേഷിയുള്ള അപൂർവം ജില്ല ആശുപത്രികളുള്ള ജില്ലയാണ് മലപ്പുറം. പെരിന്തൽമണ്ണ, നിലമ്പൂർ, തിരൂർ എന്നീ മൂന്ന് ജില്ല ആശുപത്രികളിലും കൂടി ആകെ 487 ബെഡുകളാണ് അനുവദിച്ചിട്ടുള്ളത്. ഒരു ജില്ല ആശുപത്രിക്ക് 300 ബെഡുകൾ വേണ്ട സ്ഥാനത്താണിത്. 900 ബെഡുകളാണ് മൂന്ന് ജില്ലാശുപത്രികളിലായി വേണ്ടത്.
അതുപോലെ ഒരു താലൂക്ക് ആശുപത്രിക്ക് 250 ബെഡുകളെങ്കിലും വേണം. എന്നാൽ മിക്ക താലൂക്ക് ആശുപത്രികളിലും ഇതിനു താഴെയാണ്. നിലത്തോ വരാന്തകളിലോ ആണ് മികയിടത്തും രോഗികൾ കിടക്കുന്നത്.
2011 ആളുകൾക്ക് ഒരു കിടക്ക
ഡി.എച്ച്.എസിന് കീഴിൽ ബെഡ് പോപ്പുലേഷൻ നിരക്ക് സംസ്ഥാന ശരാശരി 868 ആണ്. എന്നാൽ ജില്ലയിൽ ഇത് 1615 ആണ്. ഇതിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ബെഡുകളും ചേർത്തിട്ടുണ്ട്. ഇതൊഴിവാക്കിയാൽ ജില്ലയുടെ നിരക്ക് 2011 ആണ്. അതായത് 2011 ആളുകൾക്കുള്ളത് ഒരു ബെഡ് മാത്രം. എന്നാൽ സംസ്ഥാന ശരാശരിയിൽ 868 ആളുകൾക്ക് ഒരു ബെഡ് ലഭിക്കുന്നുണ്ട്. സംസ്ഥാന ശരാശരിയേക്കാൾ മോശപ്പെട്ട അവസ്ഥയാണ് ജില്ലയിലേത്.501 കിടക്കകളുണ്ടായിരുന്ന മഞ്ചേരി ജനറൽ ആശുപത്രിയെ മെഡിക്കൽ കോളേജായി പദവി ഉയർത്തിയത് 2014ൽ ആണ്. അന്നുമുതൽ ജനറൽ ആശുപത്രിയുടെ ഭാഗമായുള്ള ഡോക്ടർമാരും മെഡിക്കൽ കോളജ് ഡോക്ടർമാരും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. ഓരോ സ്പെഷാലിറ്റിയിലും ഹെൽത്ത് സർവിസ് യൂനിറ്റുകളും ഡി.എം.ഇ യൂനിറ്റുകളും പ്രത്യേകമായി പ്രവർത്തിച്ചാണ് ഒ.പി, കാഷ്വാലിറ്റി, അഡ്മിഷൻ, വാർഡ്, ഓപറേഷൻ തീയറ്റർ, ഐ.സി.യു എന്നിവയെല്ലാം നടത്തിക്കൊണ്ടുപോകുന്നത്.
ജനപ്രതിനിധികൾ ഇടപെടണം
ജില്ലയുടെ ആരോഗ്യ മേഖലയുടെ പ്രശ്നങ്ങൾ നിയമസഭയിൽ ജനപ്രതിനിധികൾ അറിയിക്കാറുണ്ടെങ്കിലും നടപടികൾ വാക്കിൽ ഒതുങ്ങാറാണ് പതിവ്. അടുത്തിടെ ആരോഗ്യ മന്ത്രി ജില്ലയിലെ സർക്കാർ ആശുപത്രികൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. തുടർന്ന് അടിസ്ഥാന സൗകര്യ വികസനത്തിന് തുക അനുവദിച്ച് തുടർനടപടി സ്വീകരിച്ചിരുന്നു. എന്നാൽ, ആശുപത്രി സമഗ്ര വികസനത്തിന് കൂടുതൽ സാമ്പത്തിക സഹായം അനിവാര്യമാണ്. ജീവനക്കാരുടെ കുറവ്, മരുന്നുക്ഷാമം, മെഡിക്കൽ ഉപകരണങ്ങളുടെ കുറവ് എന്നീ പ്രശ്നങ്ങളും പരിഹരിക്കേണ്ടതുണ്ട്. വിഷയത്തിൽ ജില്ലയിലെ നിയമസഭ സമാജികർ രാഷ്ട്രീയത്തിനതീതമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.