ജില്ല യൂത്ത് ലീഗ് കാഡർ സ്വഭാവത്തിലേക്ക്
text_fieldsമലപ്പുറം: ജില്ല മുസ്ലിം യൂത്ത് ലീഗ് കാഡർ സ്വഭാവത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് തുടക്കം. ഇതിന്‍റെ ഭാഗമായി ജില്ലയിലെ 94 പഞ്ചായത്തുകളിലും 12 നഗരസഭകളിലും മോണിറ്ററിങ് ഓഫിസർമാരെ നിയോഗിച്ച് സംഘടനാ രംഗം ശാസ്ത്രീയതയിലേക്ക് മാറ്റാനാണ് തീരുമാനം.
ജില്ല കമ്മിറ്റിയുടെ പ്രതിനിധിയായി പഞ്ചായത്ത്, മുനിസിപ്പൽ, യൂനിറ്റ് കമ്മിറ്റികൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുകയാണ് മോണിറ്ററിങ് ഓഫിസറുടെ (എം.ഒ) ദൗത്യം.
കൃത്യമായ ഇടവേളകളിൽ മോണിറ്ററിങ് ഓഫിസർമാർ കീഴ്ഘടകങ്ങളിൽ എത്തിച്ചേരും. തദ്ദേശ സ്ഥാപനങ്ങളിൽ 106 പേരെ ഇതിന് തെരഞ്ഞെടുത്തു. ഇതിന്‍റെ ഭാഗമായി നിയോജക മണ്ഡലം തലങ്ങളിൽ റീജനൽ ഓഫിസറെയും (ആർ.ഒ), ജില്ല തലത്തിൽ ഡിസ്ട്രിക്ട് ഓഫിസറെയും (ഡി.ഒ) നിയമിക്കും. യൂനിറ്റ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിർദേശങ്ങൾ കൈമാറാനും മൊബൈൽ ആപ്ലിക്കേഷനുമുണ്ട്.
യൂനിറ്റ് ഭാരവാഹികളുടെയും കമ്മിറ്റികളുടെയും പ്രകടനം ആപ്ലിക്കേഷന്‍റെ സഹായത്തോടെ നിരീക്ഷിച്ച് ഭാരവാഹികൾക്കും കമ്മിറ്റികൾക്കും ഗ്രേഡിങ്ങ് സിസ്‌റ്റം കൊണ്ടുവരും. ഇവ വിലയിരുത്തി സംഘടന തലത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യും. എം.എസ്.എഫ് സംസ്ഥാന കൺവീനർ ഫവാസ് പനയത്തിലാണ് ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്തത്. പാർട്ടി യോഗങ്ങൾക്ക് ഏകീകൃത സ്വഭാവം നടപ്പാക്കും. എല്ലാ മാസത്തിലെയും രണ്ടാം ശനിയാഴ്ച ജില്ല പ്രവർത്തകസമിതി യോഗവും ഞായർ, തിങ്കൾ ദിവസങ്ങളിൽ മണ്ഡലം പ്രവർത്തകസമിതിയും ചൊവ്വ, ബുധൻ ദിവസങ്ങളിൽ പഞ്ചായത്ത് കമ്മിറ്റിയും വ്യാഴം, വെള്ളി ദിവസങ്ങളിൽ യൂനിറ്റ് കമ്മിറ്റികളും യോഗം ചേരും.
ജില്ല കമ്മിറ്റിയിൽ നടന്ന പ്രധാന ചർച്ചകളും പ്രമേയങ്ങളും താഴെതട്ടിൽ വരെ ചർച്ച ചെയ്യുകയും സംഘടനയെ വ്യവസ്ഥാപിത രൂപത്തിൽ കൊണ്ടുവരികയുമാണ് ലക്ഷ്യമെന്ന് ജില്ല പ്രസിഡന്‍റ് ശരീഫ് കുറ്റൂർ അറിയിച്ചു. തുടർന്ന് ആറ് മാസം നീണ്ടുനിന്ന ചിറക് സംഘടന ശാക്തീകരണ കാമ്പയിനിലൂടെ രൂപപ്പെടുത്തിയ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക അജണ്ടകളടങ്ങിയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിസ്ട്രിക്ട് ഓഫിസറായി ജില്ല സെക്രട്ടറി നിസാജ് എടപ്പറ്റയെയും റീജനൽ ഓഫിസർമാരായി യൂത്ത് ലീഗിന്റെ സഹഭാരവാഹികളെയുമാണ് തെരഞ്ഞെടുത്തത്.
യൂത്ത് ലീഗ് ശിൽപശാല
മലപ്പുറം: സംഘടന ശാക്തീകരണ ദൗത്യം ലക്ഷ്യമിട്ട് മുസ്ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റിക്ക് കീഴിൽ രൂപപ്പെടുത്തിയ മോണിറ്റിങ് ഓഫിസർമാർക്കുള്ള ശിൽപശാല മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് രൂപപ്പെടുത്തിയ ആപ്ലിക്കേഷൻ ലോഞ്ചിങ്ങും കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. മോണിറ്ററിങ് ഓഫിസർമാർക്കുള്ള ഐ.ഡി കാർഡ് വിതരണം ജില്ല ജനറൽ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ് നിർവഹിച്ചു.
ജില്ല പ്രസിഡന്‍റ് ശരീഫ് കുറ്റൂർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സലീം കുരുവമ്പലം, ജില്ല ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുല്ലത്തീഫ്, ട്രഷറർ ബാവ വിസപ്പടി, ഭാരവാഹികളായ എൻ.കെ. ഹഫ്സൽ റഹ്മാൻ, മുനീർ കുരിക്കൾ, ശരീഫ് വടക്കയിൽ, നിസാജ് എടപ്പറ്റ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.