മലപ്പുറം ജില്ലക്ക് വേണം, പാത്തോളജി ലാബ്
text_fieldsമലപ്പുറം: രോഗനിർണയത്തിനുള്ള അന്തിമ പരിശോധനക്ക് പാത്തോളജി ലാബില്ലാതെ ജില്ല. പദ്ധതി വന്നാൽ ജില്ലയിൽ ആരോഗ്യ മേഖലക്കും രോഗ നിർണയത്തിനും കരുത്താകും. രോഗസ്വഭാവം, ലക്ഷണങ്ങൾ, കാരണങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുന്ന സംവിധാനമാണ് പാത്തോളജി. മഞ്ചേരി മെഡിക്കൽ കോളജിൽ നിലവിൽ പാത്തോളജി ലാബ് ഉണ്ടെങ്കിലും ഇത് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷന്‍ (ഡി.എം.ഇ) കീഴിലാണ് പ്രവർത്തിക്കുന്നത്. ഇക്കാരണത്താൽ ജില്ല ആരോഗ്യവകുപ്പിന് നേരിട്ട് ഇടപെടാനും മഞ്ചേരിയിൽ സാമ്പിളുകൾ പരിശോധന നടത്താനും പരിമിതികളുണ്ട്.
ഇതിന് പരിഹാരം കാണണമെങ്കിൽ ആരോഗ്യ വകുപ്പിന്റെ നിയന്ത്രണത്തിൽ സ്വന്തമായൊരു പാത്തോളജി ലാബ് അത്യാവശ്യമാണ്. കൂടാതെ ജില്ലയിൽ നടന്നുവരുന്ന കാൻസർ കെയർ പദ്ധതിക്കും സംവിധാനം ഗുണകരമാകും. ഇതിനായി പ്രത്യേക ലാബ് സൗകര്യം ഒരുക്കാൻ രണ്ട് കോടിയോളം രൂപയാണ് ചെലവുവരുക. അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരുടെ വേതനവുമടക്കമാണ് ഇത്രയും തുക വേണ്ടി വരിക.
പദ്ധതി സംബന്ധിച്ച് പ്രാഥമിക പഠനം ജില്ല ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. പദ്ധതി ആരംഭിക്കാൻ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ പണം വകയിരുത്തുകയാണെങ്കിൽ വേഗത്തിൽ നടപ്പാക്കാൻ കഴിയുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. 94 ഗ്രാമപഞ്ചായത്തുകളും 12 നഗരസഭകളുമായി ചേർന്ന് വാർഷിക പദ്ധതിയിൽ കുറഞ്ഞ തുക വകയിരുത്തിയാൽ തന്നെ മികച്ച രീതിയിൽ സംവിധാനം നടപ്പാകും. തൃശൂർ, കോട്ടയം ജില്ലകളിൽ ഈ വിധത്തിൽ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ തുക വകയിരുത്തിയാൽ നിലമ്പൂർ ജില്ല ആശുപത്രിയിലോ പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലോ സംവിധാനം ആരംഭിക്കാനാകും. നിലമ്പൂർ ജില്ല ആശുപത്രിയിൽ ഹബ് ലാബ് ഒരുക്കാനുള്ള തയാറെടുപ്പുകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ഇതിനോടനുബന്ധിച്ച് പാത്തോളജി ലാബ് തുടങ്ങിയാൽ ഗുണകരമാകുമെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തൽ.
നെറ്റ് വർക്ക് റെഡി
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സി.എച്ച്.സികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചെയ്യാന്‍ സാധിക്കാത്ത നൂതന രോഗനിര്‍ണയ പരിശോധനകള്‍ക്കുള്ള സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കാൻ നെറ്റ് വർക്ക് സംവിധാനം ആരംഭിച്ചിട്ടുണ്ട്. സാമ്പിളുകള്‍ ജില്ല ആശുപത്രി, ജനറല്‍ ആശുപത്രി തുടങ്ങിയവയില്‍ ഒരുക്കുന്ന ഹബ് ലാബില്‍ എത്തിച്ച് പരിശോധനാഫലം രോഗിക്ക് അതത് ആരോഗ്യ സ്ഥാപനങ്ങളിലൂടെ തന്നെ ലഭ്യമാക്കുകയാണ് ചെയ്യുക. ഇതുവഴി രോഗികള്‍ക്ക് അകലെയുള്ള ലാബുകളില്‍ നേരിട്ടെത്തി സാമ്പിള്‍ നല്‍കേണ്ട സാഹചര്യം ഒഴിവാകും. നിലമ്പൂർ ജില്ല ആശുപത്രിയിലെ ലാബാണ് ആദ്യഘട്ടത്തിൽ ഹബ് ലാബായി പ്രവർത്തിക്കുക. ശേഖരിച്ച സാമ്പിളുകൾ എത്തിക്കാൻ സാമ്പിള്‍ ട്രാന്സ്പോര്ട്ടേഷന് വാഹനം പ്രവർത്തനം തുടങ്ങി.ലാബ് വന്നാൽ നല്ലത്
പത്തോളജി ലാബ് വരുകയാണെങ്കിൽ ആരോഗ്യ മേഖലക്ക് നല്ല കാര്യമാണ്. ജില്ലയിൽ കാൻസർ രോഗം മുൻകൂട്ടി കണ്ടെത്തി പ്രതിരോധിക്കാൻ ഏർലി കാൻസർ ഡിറ്റക്ഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആശ വർക്കർമാരെ പ്രയോജനപ്പെടുത്തി ശൈലി ആപ് വഴി ആരോഗ്യ വകുപ്പ് സർവേ നടത്തുന്നുണ്ട്. ഇതിലൂടെ കണ്ടെത്തുന്നവരുടെ രോഗനിർണയം പ്രധാനഘടകമാണ്. ഇതിന് ഏറ്റവും മികച്ച മാർഗമാണ് പാത്തോളജി ലാബ്. വിഷയത്തിൽ എല്ലാവരുടെയും പിന്തുണ ലഭിച്ചാൽ ഗുണം ചെയ്യും.
ഡോ. വി. ഫിറോസ് ഖാൻ, ആർദ്രം നോഡൽ ഓഫിസർ
പദ്ധതി പരിഗണനയിൽ
ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ പാത്തോളജി ലാബ് ഒരുക്കുന്ന കാര്യം പരിഗണനയിലുണ്ട്. 2023-24 സാമ്പത്തിക വർഷ പദ്ധതിക്കായി തുക വകയിരുത്താനാകുമെന്നാണ് പ്രതീക്ഷ. ഇതുസംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടന്ന് കഴിഞ്ഞു. ജില്ല ആരോഗ്യ വകുപ്പിനോട് വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
എം.കെ. റഫീഖ ജില്ല പഞ്ചായത്ത് അധ്യക്ഷ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.