മലപ്പുറം ജില്ല പഞ്ചായത്ത് യോഗം; പ്ലാൻ ഫണ്ട് രണ്ടാംഗഡു വൈകുന്നു; പദ്ധതി പ്രവർത്തനം പ്രതിസന്ധിയിൽ
text_fieldsമലപ്പുറം: പ്ലാൻ ഫണ്ടിന്റെ രണ്ടാംഗഡു ലഭിക്കാത്തതിനാൽ ജില്ല പഞ്ചായത്തിന്റെ പദ്ധതി പ്രവർത്തനം പ്രതിസന്ധിയിൽ. ട്രഷറി നിയന്ത്രണം വീണ്ടും കടുപ്പിച്ചത്മൂലം ബില്ലുകൾ പാസാക്കാൻ പറ്റുന്നില്ലെന്ന് ജില്ല പഞ്ചായത്ത് യോഗത്തിൽ പ്രസിഡന്റ് എം.കെ. റഫീഖ പറഞ്ഞു. ജില്ല പഞ്ചായത്തിന് ലഭിച്ച ഒന്നാംഗഡു ഓണത്തിന് മുമ്പ് തന്നെ ചെലവഴിച്ചിരുന്നു. ആഗസ്റ്റിൽ ലഭിക്കേണ്ട രണ്ടാംഗഡു സർക്കാർ നൽകിയിട്ടില്ല. രണ്ടാംഗഡുവായി 17 കോടി രൂപ കിട്ടാനുണ്ട്. റോഡ് മെയിന്റനൻസ് ഗ്രാന്റ് ഓണത്തിന് ശേഷം നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ലഭിച്ചില്ല. പലതിനും അനിവാര്യമായി കൊടുക്കേണ്ട പണംപോലും നൽകാനാവുന്നില്ല. ലൈഫ് ഭവന പദ്ധതിക്ക് പോലും കൊടുക്കാൻ പണമില്ലെന്ന് പ്രസിഡന്റ് പറഞ്ഞു. പദ്ധതി വിഹിതം ചെലവഴിച്ചതിൽ മലപ്പുറം ജില്ല പഞ്ചായത്ത് സംസ്ഥാന തലത്തിൽ ഒന്നാംസ്ഥാനത്താണ്. 32.92 ശതമാനം തുക ചെലവഴിച്ചു.
എൻ.എം.എം.എസ് സ്കോളർഷിപ് പരീക്ഷക്ക് രജിസ്റ്റർ ചെയ്ത മുഴുവൻ കുട്ടികൾക്കും ജില്ല പഞ്ചായത്ത് പഠനസഹായി വിതരണം ചെയ്യും. 19ന് കാരക്കുന്ന് സ്കൂളിൽ പഠനസഹായിയുടെ ജില്ലതല വിതരണോദ്ഘാടനം നടക്കും. എട്ടാംക്ലാസ് വിദ്യാർഥികൾക്കുള്ള എൻ.എം.എം.എസ് സ്കോളർഷിപ് പരീക്ഷക്ക് 14നകം രജിസ്റ്റർ ചെയ്യണം. നവംബർ ആദ്യ വാരത്തിലാണ് പരീക്ഷ. പരീക്ഷയിൽ വിജയിക്കുന്ന വിദ്യാർഥികൾക്ക് ഒമ്പതാംക്ലാസ് മുതൽ പ്ലസ്ടു വരെ പ്രതിവർഷം 12,000 രൂപ വീതം സാമ്പത്തിക സഹായം ലഭിക്കും.
അന്തർദേശീയ കാർഷിക പ്രദർശനം ജനുവരി രണ്ടുമുതൽ ആറുവരെ ചുങ്കത്തറ ജില്ല വിത്തുകൃഷിത്തോട്ടത്തിൽ നടത്താൻ യോഗം തീരുമാനിച്ചു. എസ്.സി വകുപ്പിൽനിന്ന് 53 പദ്ധതികൾക്ക് മാത്രമേ ഫീസിബിലിറ്റി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളൂ. 97 പദ്ധതികൾ ഫീസിബിലിറ്റി ലഭിക്കാൻ ബാക്കിയുണ്ട്. ജോബ് ഫെയറുമായി ബന്ധപ്പെട്ട ആലോചന യോഗം ഒക്ടോബർ അഞ്ചിന് രാവിലെ 10.30ന് ജില്ല പഞ്ചായത്തിൽ ചേരും. മുചക്ര വാഹന വിതരണത്തിനുള്ള ടെൻഡർ നടപടികൾ വേഗത്തിലാക്കും. ഗുണഭോക്താക്കളെ കണ്ടെത്താൻ ക്യാമ്പ് സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.