നൂതന, ക്ഷേമ, ഉൽപാദന പദ്ധതികളുമായി മലപ്പുറം ജില്ല പഞ്ചായത്ത് ബജറ്റ്
text_fieldsമലപ്പുറം: ഉൽപാദന മേഖല, വിദ്യാഭ്യാസം, പട്ടികജാതി-വര്‍ഗം, ആരോഗ്യം, വനിതകളുടെ ഉന്നമനം, ഭിന്നശേഷി, മാലിന്യ സംസ്കരണം തുടങ്ങിയവയില്‍ ഊന്നി 2022-23 വര്‍ഷത്തെ ജില്ല പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡൻറ് ഇസ്മായിൽ മൂത്തേടം അവതരിപ്പിച്ചു. 1,96,41,18,002 രൂപ വരവും 1,94,83,35,000 രൂപ ചെലവും 1,57,83,002 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണിത്. ജനറല്‍ വിഭാഗത്തില്‍ 53,68,44,000 രൂപയും എസ്.സി.പിയില്‍ 23,26,83,000 രൂപയും ബേസിക് ഗ്രാന്‍ഡ് വിഭാഗത്തില്‍ 8,65,54,000 രൂപയുമുണ്ട്. നഗര സഞ്ചയ പദ്ധതിയില്‍ 40 കോടി, റോഡ് വികസനത്തിന് 6.71 കോടി, റോഡിതരത്തില്‍ 26.81 കോടി, സംസ്ഥാനാവിഷ്കൃത പദ്ധതിയില്‍ അഞ്ചുകോടി, കേന്ദ്രാവിഷ്കൃത ഫണ്ട് അഞ്ചുകോടി, സംയുക്ത പദ്ധതിയില്‍ 30 ലക്ഷവും അടക്കമാണിത്. കാര്‍ഷിക മേഖലക്കും പട്ടികജാതി-വര്‍ഗ മേഖലക്കും മികച്ച പരിഗണന ബജറ്റിലുണ്ട്. ക്ഷീര കര്‍ഷകര്‍ക്ക് സബ്സിഡി, വെറ്റില-നെല്‍കൃഷി, മത്സ്യകൃഷി, കോഴി വളര്‍ത്തല്‍ അടക്കം പ്രത്യേക ഫണ്ട് മാറ്റിവെച്ചു. വിദ്യാഭ്യാസ രംഗത്തെ ആധുനികവത്കരണത്തിനുള്ള സമഗ്ര പദ്ധതികള്‍ക്കും ബജറ്റില്‍ പ്രാമുഖ്യമുണ്ട്.
ഉൽപാദന മേഖലക്ക് 19 കോടി രൂപ
കാർഷിക അഭിവൃദ്ധിക്കുവേണ്ടി ജലസേചന കനാലുകളും തോടുകളും നവീകരിക്കുകയും ആവശ്യമായ സ്ഥലങ്ങളിൽ പുതിയ തടയണകൾ നിർമിക്കുകയും നിലവിലുള്ളവ നവീകരിക്കുകയും ചെയ്യുന്നതിന് ആറുകോടിയും നെൽകൃഷിക്ക് കൂലിച്ചെലവ് നൽകി ഉൽപാദന വർധന സാധ്യമാക്കുന്നതിന് ഒരുകോടിയും ഭൗമസൂചിക പദവി നേടിയ തിരൂർ വെറ്റില ഉൾപ്പെടെ ജില്ലയിലെ വെറ്റില കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനും കയറ്റുമതി വർധിപ്പിക്കുന്നതിനുമായി 75 ലക്ഷവും സംരക്ഷണ മേഖലയുടെ പരിപോഷണത്തിന് ആറുകോടിയും ക്ഷീരകർഷകർക്ക് പാലിന് സബ്സിഡി നൽകുന്നതിന് 25 ലക്ഷവും വകയിരുത്തി.
മത്സ്യകൃഷിക്ക് 1.75 കോടി രൂപ
ആഭ്യന്തര ഉൽപാദനത്തിന് മുതൽ കൂട്ടാകുന്നതിനും വേണ്ടി പുരയിട മത്സ്യകൃഷി ഉൾപ്പെടെ പ്രോത്സാഹിപ്പിക്കുന്നതിനും 25 ലക്ഷവും ജില്ലയില്‍തന്നെ ലഭ്യമാകുന്ന കടൽ മത്സ്യങ്ങൾ സൂക്ഷിക്കുന്നതിന് സൗകര്യം ഒരുക്കുന്നതിന് 50 ലക്ഷവും തീരദേശ മേഖലയില്‍ ഫിഷ് പ്ലാൻറിങ് സെൻറർ നവീകരിക്കുന്നതിന് 50 ലക്ഷവും ആഴക്കടലില്‍ മത്സ്യ ബന്ധനത്തിന് പോകുന്ന തൊഴിവാളികൾക്ക് ദിശ സൂചിക വിളക്കുകള്‍ സ്ഥാപിക്കുന്നതിന് 50 ലക്ഷവും വകയിരുത്തി.
കുടിവെള്ള വിതരണത്തിന് ആറുകോടി
ജില്ലയിലെ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന മുഴുവൻ പ്രദേശങ്ങളിലും ശുദ്ധജലം എത്തിക്കുന്നതിനും എസ്.സി കോളനികളിലും ഗോത്രവർഗ മേഖലകളിലും ശുദ്ധ ജലലഭ്യത ഉറപ്പുവരുത്തുന്നതിനുമായി 6.75 കോടി രൂപ വകയിരുത്തി. സമഗ്ര കുടിവെള്ള പദ്ധതിയായ ജലജീവൻ മിഷനുമായി സഹകരിച്ചുകൊണ്ടും ജലജീവൻ മിഷൻ പദ്ധതി ഫലപ്രദമായി നടപ്പാക്കാൻ കഴിയാത്ത ഉയർന്ന നിരപ്പിലുള്ളതോ ഭൂമിശാസ്ത്രപരമായ വ്യത്യസ്തതകളുള്ളതോയായ മേഖലകളിൽ മിനികുടിവെള്ള പദ്ധതികൾക്ക് ധനകാര്യ കമീഷൻ പ്രത്യേക ഗ്രാന്റും നീക്കിവെച്ചു.
വിദ്യാഭ്യാസ മേഖലക്ക് 22 കോടി രൂപ
വിദ്യാഭ്യാസ രംഗത്തെ ആധുനികവത്കരണത്തിനുള്ള സമഗ്ര പദ്ധതികൾക്ക് 22 കോടിവകയിരുത്തി. 'വിജയഭേരി'പദ്ധതിയുടെ പുതിയ വേർഷൻ രൂപപ്പെടുത്തിയെടുക്കുന്നതിനും സയൻസ് വിഷയങ്ങളുടെ പഠനത്തിനും സാങ്കേതിക വിദ്യാപഠനത്തിനും മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാലയാന്തരീക്ഷം ജില്ലയിലെ മുഴുവൻ സ്കൂളുകളിലും യഥാർഥ്യമാക്കുന്നതിന് വേണ്ടിയുമാണ് ലക്ഷ്യമിടുന്നത്. ജില്ലയിൽ രണ്ട് കേന്ദ്രങ്ങളിൽ ഐ.എ.എസ് അക്കാദമി സ്ഥാപിക്കുന്നതിന് മുൻവർഷം വിഭാവനം ചെയ്തിരുന്ന പദ്ധതി യഥാർഥ്യമാക്കുന്നതിന് 20 ലക്ഷം, സർക്കാർ പ്ലസ് ടു അഡീഷനൽ ബാച്ച് അനുവദിച്ചുതന്ന സ്കൂളുകൾക്ക് പുതിയ ക്ലാസ് മുറികൾ നിർമിക്കുന്നതിന് അഞ്ചുകോടി, സ്കൂളുകളിൽ ഫർണിച്ചർ സൗകര്യം വർധിപ്പിക്കുന്നതിന് ഒരുകോടി രൂപ, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ ഭൗതിക സൗകര്യം വർധിപ്പിക്കുന്നതിന് 75 ലക്ഷം, സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ലൈബ്രറികൾ വിപുലപ്പെടുത്തുന്നതിന് ഒരുകോടി രൂപ, സ്റ്റുഡന്റസ് പൊലീസ് കാഡറ്റുകൾക്ക് സിവിൽ സർവിസ്/ഐ.പി.എസ് പരിശീലനം നൽകുന്നതിന് 10 ലക്ഷം വിജയഭേരിയുടെ തുടർ പ്രവർത്തനങ്ങൾക്ക് 25 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
പ്രവാസം അവസാനിപ്പിച്ച് വരുന്നവർക്ക് മൂന്നുകോടി
പ്രവാസ ലോകത്തുനിന്ന് മടങ്ങിയെത്തിയവരുടെ സംരംഭം എന്ന നിലയിൽ ഒരു പി.പി.പി മോഡൽ വ്യവസായ എസ്റ്റേറ്റ് സ്ഥാപിക്കുന്നതിന് ലക്ഷ്യമിടുന്നു. ഇതിനായി രണ്ടുകോടി രൂപയും ഭക്ഷ്യ ധാന്യങ്ങൾ സാംസ്കരിച്ച് മികച്ച ഉൽപന്നങ്ങളാക്കി വിപണനം ചെയ്യുന്നതിനുവേണ്ടിയുള്ള കമ്പനി സ്ഥാപിക്കുന്നതിന് ഒരുകോടി രൂപ വേറെയും നീക്കി വെച്ചു.
ആരോഗ്യ സൗഖ്യത്തിന് 17 കോടി
ജില്ല പഞ്ചായത്തിന് കീഴിലുള്ള തിരൂർ, പെരിന്തൽമണ്ണ, നിലമ്പൂർ ജില്ല ആശുപത്രികൾ, വളവന്നൂരിലെ ജില്ല ആയുർവേദ ആശുപത്രി, മുണ്ടുപറമ്പ് ജില്ല ഹോമിയോ ആശുപത്രി, വണ്ടൂരിലെ 'ചേതന'ഹോമിയോ കാൻസർ സെന്റർ, ആയുഷ് ഹോളിസ്റ്റിക് സെൻറർ തുടങ്ങിയ ആരോഗ്യ സ്ഥാപനങ്ങളിൽനിന്ന് മികച്ച ചികിത്സയും മരുന്നുകളും ലഭ്യമാക്കുന്നതിനും ഭൗതിക സൗകര്യങ്ങളുടെ വർധനവിനുമായി 13 കോടി. കിഡ്നി രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിന് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുമായി സഹകരിച്ചു ധനസഹായം നൽകുന്നതിന് ജില്ല പഞ്ചായത്ത് വിഭാവനം ചെയ്ത റീനൽ കെയർ പദ്ധതിക്ക് രണ്ടുകോടിയും കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയരായ മുഴുവൻ പേർക്കും തുടർന്നുള്ള മരുന്ന് സൗജന്യമായി നൽകുന്നതിന് ഒരുകോടി രൂപയും. 'സൗഖ്യം'ജീവിത ശൈലീരോഗ വിമുക്ത ജില്ല എന്ന പേരിൽ നൂതന പദ്ധതി ആവിഷ്കരിക്കുന്നതിന് ആരോഗ്യ രംഗത്തെ വിദഗ്ധരുമായി ചർച്ച ചെയ്ത് സമഗ്ര പദ്ധതി രൂപവത്കരിക്കുന്നതിനും 50 ലക്ഷം രൂപയും എയ്ഡ്സ് രോഗികൾക്ക് പോഷകാഹാര വിതരണത്തിന് 25 ലക്ഷവും കോവിഡ് മുക്തരായ പട്ടികവർഗ സ്ത്രീകൾക്ക് പോഷകാഹാര വിതരണത്തിന് 30 ലക്ഷം രൂപയും വകയിരുത്തി.
ഹാപ്പി മിൽക്കിന് 10 ലക്ഷം
ഗുണമേന്മയുള്ളതും നാട്ടിൻപുറങ്ങളിൽനിന്ന് ശേഖരിക്കുന്നതുമായ ശുദ്ധമായ പാൽ ഗുണ നിലവാരം ഉറപ്പുവരുത്തിയശേഷം പാക്ക് ചെയ്ത് ഹാപ്പി മിൽക്ക് എന്ന പേരിൽ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരുകയാണ്. സ്വകാര്യ സംരംഭകരുമായി സഹകരിച്ചുകൊണ്ട് ജില്ല പഞ്ചായത്ത് പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുള്ള ഈ പദ്ധതിക്കായി 10 ലക്ഷം രൂപ വകയിരുത്തി. ജൂൺ ഒന്നിന് ഹാപ്പി മിൽക്ക് വിപണിയിൽ ഇറക്കും.
ആംബുലൻസ് ഡ്രൈവർമാർക്ക് ഇൻഷുറൻസ്
ആംബുലൻസ് ഡ്രൈവർമാർക്ക് ഗ്രൂപ് ഇൻഷുറൻസ് പരിരക്ഷ നടപ്പാക്കുന്നതിനുള്ള പദ്ധതിക്കായി 10 ലക്ഷം രൂപ നീക്കിവെച്ചു. ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുന്നതിന് സർക്കാർ അനുമതിക്ക് വിധേയമായി ടോക്കൺ എമൗണ്ട് എന്ന നിലയിൽ 10 ലക്ഷം രൂപയും നീക്കിവെച്ചു
ഇൻറർനാഷനൽ മൾട്ടി ഫങ്ഷൻ ലൈബ്രറിക്ക് ഒരുകോടി
സി.എച്ച് സ്മാരക ലൈബ്രറി ഇന്റർനാഷനൽ മൾട്ടി ഫങ്ക്ഷൻ ലൈബ്രറിയായി യഥാർഥ്യമാക്കുന്നതിനുവേണ്ടി ഒരുകോടി രൂപ വകയിരുത്തി. ജില്ലക്കകത്തും പുറത്തുമുള്ള വിദ്യാർഥികൾക്കും ഗവേഷകർക്കും തൊഴിലന്വേഷകർക്കും, ചരിത്ര കുതുകികൾക്കും നവ എഴുത്തുകാർക്കും ഒരുപോലെ ഉപയോഗപ്രദമാവുന്ന ഇൻറർനാഷനൽ മൾട്ടി ഫങ്ഷൻ ലൈബ്രറിയാണ് വിഭാവനം ചെയ്യുന്നത്.
നവജ മിഷൻ-മാതൃക ഗ്രാമം പദ്ധതിക്ക് രണ്ടുകോടി രൂപ
ജില്ലയിലെ ഓരോ പഞ്ചായത്തിലും ഓരോ വാർഡുകളെ തെരഞ്ഞെടുത്ത് മാതൃക ഗ്രാമമാക്കി പരിവർത്തിപ്പിക്കുന്ന, 'സാഗി'മാതൃകയിൽ ഇത്തരം ഗ്രാമങ്ങളിൽ വിവിധ വകുപ്പുകളുടെയും ത്രിതല പഞ്ചായത്തുകളുടെയും സഹകരണം ഉറപ്പാക്കി അടിസ്ഥാന സൗകര്യ വികസനം, സേവന സമ്പൂർണത, മാലിന്യ സംസ്കരണ പരിപാടികൾ, മറ്റു പിന്തുണ സംവിധാനങ്ങൾ എന്നിവ കാര്യക്ഷമമാക്കുന്നതിലൂടെ സമഗ്ര വികസനം സാധ്യമാക്കുന്നതിനുള്ള നവജ മിഷൻ പദ്ധതിക്കുവേണ്ടി രണ്ടുകോടി രൂപ.
വനിതകൾക്ക് 'അഭയം'
ജില്ലയിലെ വനിതകളുടെ സാമൂഹികമായ പദവി ഉയർത്തുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് സ്ത്രീകളെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നവീന പദ്ധതികൾക്കായി ഏഴുകോടി രൂപ നീക്കിവെക്കും. വനിതകൾക്ക് സ്വയം തൊഴിൽ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും കുടുംബശ്രീ യൂനിറ്റുകൾക്ക് യന്ത്ര സാമഗ്രികൾ നൽകുന്നതിനും വനിതകളുടെ ശാരീരിക മാനസിക ഉല്ലാസത്തിനും ശാക്തീകരണത്തിനുമായി ജിംനേഷ്യം ഉൾപ്പെടെയുള്ള ഹെൽത്ത് ക്ലബുകളും സ്ഥാപിക്കുന്നതിന് ലക്ഷ്യമിടുന്നു. വനിതകളായ ഉദ്യോഗസ്ഥർക്കും തനിച്ച് ദീർഘ ദൂര യാത്ര ചെയ്യേണ്ടിവരുന്ന സ്ത്രീകൾക്കും സുരക്ഷിതവും ചെലവ് ചുരുങ്ങിയതുമായ താമസം ഉറപ്പാക്കുന്നതിനായി 'അഭയം'മഹിള കേന്ദ്രങ്ങൾ നിർമിക്കുന്നതിന് പൊതു പങ്കാളിത്തത്തോട് കൂടിയുള്ള പ്രത്യേക പദ്ധതിക്കായി രണ്ടുകോടി.
വനിതകൾക്ക് മൃഗപരിപാലന യൂനിറ്റ്
മൃഗപരിപാലന രംഗത്ത് വനിതകളുടെ ഗ്രൂപ്പുകൾക്ക് പ്രത്യേക പ്രോത്സാഹനം നൽകുന്നതിനും ജില്ലയിലെ മാംസ ലഭ്യത വർധിപ്പിക്കുന്നതിനുമായി ചുരുങ്ങിയത് അഞ്ച് വനിതകളുടെ ഗ്രൂപ് രൂപവത്കരിച്ച് അവർക്ക് പോത്തുകുട്ടി, ആട്, കന്നുകുട്ടി വളർത്തുന്നതിനായി അഞ്ചുവീതം കാലികളെ നൽകുകയും അവക്കുള്ള തൊഴുത്തും നിർമിച്ചുനൽകുന്ന പദ്ധതിക്ക് ഒരു കോടി രൂപ വകയിരുത്തി.
അംഗൻവാടികളിൽ 'താരാട്ട്'
ജില്ലയെ സമ്പൂർണ ബാല സൗഹൃദ ജില്ലയാക്കുന്നതിന് കഴിഞ്ഞവർഷം മുതൽ തുടക്കമിട്ട പദ്ധതി പൂർത്തീകരണത്തിലെത്തിക്കുന്നതിനും കുട്ടികളുടെ സുരക്ഷിതത്വവും അതിജീവനവും വികസന പ്രക്രിയകളിലെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമുള്ള പദ്ധതികൾക്കായി 50 ലക്ഷം രൂപ നീക്കിവെച്ചു. സ്കൂളുകളിൽ മതിയായ ടോയ്ലറ്റ് സംവിധാനവും കെട്ടിടം ഉൾപ്പെടെ ഭൗതിക സാഹചര്യങ്ങളും വിപുലീകരിക്കും. അംഗൻവാടികളിൽ കുഞ്ഞുങ്ങൾക്ക് ഉച്ചയുറക്കത്തിന് ബേബി ബെഡുകൾ വിതരണം ചെയ്യുന്നതിന് 'താരാട്ട്'പേരിൽ 10 ലക്ഷം രൂപയുടെ പ്രത്യേക പദ്ധതി നടപ്പാക്കും.
ഭക്ഷ്യ പരിശോധനക്ക് ലാബ്
കുടുംബശ്രീ യൂനിറ്റുകൾ മുഖേന പ്രവർത്തിക്കുന്ന ഫുഡ് പ്രോസസർ യൂനിറ്റുകളുടെ ഭക്ഷണ ഗുണനിലവാര പരിശോധനക്ക് അനലിറ്റിക്കൽ ലാബ് സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപ.
ഭിന്നശേഷി സൗഹൃദത്തിന് 10 കോടി
മലപ്പുറത്തെ സമ്പൂർണ ഭിന്നശേഷി സൗഹൃദ ജില്ലയാക്കി മാറ്റുന്നതിനായി 10 കോടി രൂപ നീക്കിവെച്ചു. സ്പെഷൽ സ്കൂളുകൾക്കും ബഡ്സ് ആൻഡ് റീഹാബിലിറ്റേഷൻ സെന്ററുകൾക്കും പ്രതീക്ഷാലയങ്ങൾക്കും കെട്ടിടങ്ങൾ, വാഹനങ്ങൾ, ഫർണിച്ചറുകൾ, വിദ്യാലയങ്ങളിൽ ഐ.ഇ.ഡി ക്ലാസ് മുറികളിലേക്ക് ഉപകരണങ്ങൾ, ഓഫിസുകൾ ഭിന്ന ശേഷി സൗഹൃദമാക്കൽ തുടങ്ങിയ പദ്ധതികൾക്കാണ് തുക വകയിരുത്തുന്നത്. ഭിന്നശേഷി വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകുന്നതിന് നാല് കോടി, അംഗ പരിമിതർക്ക് സൈഡ് വീലോട് കൂടിയ സ്കൂട്ടർ നൽകുന്നതിന് ഒരുകോടി, അരക്കുതാഴെ തളർന്നവർക്കായി ഇലക്ട്രിക് വീൽ ചെയർ നൽകുന്നതിന് 75 ലക്ഷം, 18 വയസ്സിനുമുകളിലുള്ള ബധിരർക്ക് ഹിയറിങ് എയ്ഡ് നൽകുന്നതിന് 15 ലക്ഷം, പ്രഫഷനൽ കോഴ്സിന് പഠിക്കുന്ന ഭിന്നശേഷിക്കാർക്ക് ലാപ്ടോപ് നൽകുന്നതിന് 50 ലക്ഷം, തീവ്ര വൈകല്യമുള്ള കുട്ടികളുടെ അമ്മമാർക്ക് ഇരുചക്ര വാഹനം നൽകുന്നതിന് 50 ലക്ഷം രൂപ വകയിരുത്തി.
സാന്ത്വന പരിചരണം
'പരിരക്ഷ'ഗൃഹ കേന്ദ്രീകൃത സാന്ത്വന പരിചരണ പദ്ധതി കൂടുതൽ വ്യാപിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി അഞ്ചുകോടി രൂപ വകയിരുത്തി. ജില്ലതലം മുതൽ പ്രാദേശികതലം വരെ പരിശീലന പരിപാടികൾ സംഘടിപ്പിക്കുകയും ജില്ല ആശുപത്രികളിൽ സെക്കൻഡറിതല പാലിയേറ്റിവ് യൂനിറ്റുകൾ ശക്തിപ്പെടുത്തുകയും ചെയ്യും. ആവശ്യമായ രോഗികൾക്ക് ആയുർവേദ, ഹോമിയോ ഹോം കെയറും മരുന്നും ഉറപ്പാക്കുന്ന പദ്ധതിയും ആവിഷ്കരിക്കും.
വയോജനങ്ങൾക്ക് ആദരം
വയോജനങ്ങൾക്ക് സൗജന്യ ഉല്ലാസ യാത്ര നടത്തുന്നതിന് പ്രത്യേക വാഹന സൗകര്യങ്ങൾ ഏർപ്പെടുത്തൽ, 70 കഴിഞ്ഞവരുടെ ക്ഷേമം അന്വേഷിക്കുന്നതിനും പോഷകാഹാര ലഭ്യത ഉറപ്പു വരുത്തുന്നതിനുമായി നിശ്ചിത ദിവസങ്ങളിൽ ഗൃഹ സന്ദർശനം നടത്തുന്നതിനുള്ള 'സ്നേഹസേന'രൂപവത്കരണം എന്നിവക്ക് അഞ്ചുകോടി രൂപ.
കാൽപന്ത് ലഹരി
മലപ്പുറം ജില്ലയെ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ വിമുക്തി മിഷൻ, സാമൂഹിക നീതി വകുപ്പ്, എന്നിവരുമായി സഹകരിച്ച് ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ആവിഷ്കരിച്ച 'കാൽപന്ത് ലഹരി'യുടെ വിജയകരമായ നടത്തിപ്പിനും കൂടുതൽ ചെറുപ്പക്കാരെ ആരോഗ്യകരമായ വിനോദങ്ങളിലേക്കും ലഹരി വിരുദ്ധ ചിന്തകളിലേക്കും ആകർഷിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കും 10 ലക്ഷം രൂപ.
കായിക പ്രോത്സാഹനം
അന്തർദേശീയ കായിക മത്സരങ്ങളിലേക്ക് യോഗ്യരായ താരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഫുട്ബാൾ, ക്രിക്കറ്റ്, അത്ലറ്റിക്സ് പരിശീലനത്തിന് യുവതീയുവാക്കൾക്ക് പ്രത്യേക കോച്ചിങ് സെന്ററുകൾ ആരംഭിക്കുന്നതിനും ഓരോ സ്കൂളുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന താരങ്ങൾക്ക് വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തിൽ തന്നെ മികച്ച പരിശീലനവും പോഷകാഹാരവും നൽകുന്നത്തിനുമുള്ള പദ്ധതിക്ക് ലക്ഷ്യമിടുന്നു. സ്ഥലം ലഭ്യമാവുന്ന പ്രദേശങ്ങളിൽ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുമായി സഹകരിച്ചും തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചു കളിക്കളങ്ങൾ നിർമിക്കുന്നതിനുമായി ആറുകോടി.
ധീരരക്തസാക്ഷികൾക്ക് സ്മാരകം
ജില്ലയിൽ ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണത്തിനും പൈതൃകങ്ങളുടെ വീണ്ടെടുപ്പിനുമായി സമഗ്ര പദ്ധതികളാവിഷ്കരിക്കും. സ്വാതന്ത്ര്യസമര ചരിത്രത്തിൽ വീരേതിഹാസം രചിച്ച വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കും മലബാർ പോരാട്ട രക്ത സാക്ഷികൾക്കും പൂക്കോട്ടൂർ യുദ്ധത്തിന്റെ ദീപ്ത സ്മരണക്കും അനുയോജ്യമായ സ്ഥലം കണ്ടെത്തി പ്രത്യേക സ്മാരകങ്ങൾ നിർമിക്കും. ഇതിന് സ്ഥലം കണ്ടെത്തുന്നതിനായി ഒന്നര കോടിയാണ് നീക്കിവെച്ചു. പുലിക്കോട്ടിൽ ഹൈദർ സ്മാരക കലാപഠന കേന്ദ്രവുമായി സഹകരിച്ചു ജില്ലയിലെ വിദ്യാർഥികൾക്കായി പ്രത്യേക മാപ്പിള കലാ പഠന പദ്ധതിയും ആവിഷ്കരിക്കും.
മാമാങ്കം സ്മാരക സംരക്ഷണം, വ്യാപാര മേള പുനരാവിഷ്കാരം
12 വർഷത്തിലൊരിക്കൽ തിരുനാവായ നിള നദിയുടെ തീരത്ത് നടന്നുവന്നിരുന്ന വ്യാപരോത്സവം വിദേശ വിനോദ സഞ്ചരികളെ ആകർഷിക്കുന്ന വിധത്തിൽ വിപുലമായ വ്യാപാര മേളയായി പുനരാവിഷ്കരിക്കുന്നതിനും തിരുനാവായ മുതൽ തിരുമാന്ധംകുന്ന് ക്ഷേത്രം വരെ വിവിധ സ്ഥലങ്ങളിലുള്ള മാമാങ്ക സ്മാരകങ്ങൾ നവീകരിച്ചു സംരക്ഷിക്കുന്നതിനുമായി 50 ലക്ഷം രൂപ.
മൊഞ്ചുള്ള മലപ്പുറം
തെരുവോരങ്ങളും പാതയോരങ്ങളും ജലാശയങ്ങളുമെല്ലാം മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിനും സ്ഥാപനങ്ങളിൽനിന്നുള്ള മലിനജലം പുറത്തേക്ക് ഒഴുകുന്നത് തടയുന്നതിനുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിനും പ്രാധാന്യം നൽകും. തിരൂർ ജില്ല ആശുപത്രിയിൽ എസ്.ടി.പി യഥാർഥ്യമാക്കും. സ്കൂളുകളിൽ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടോയ്ലറ്റ് സൗകര്യം ഏർപ്പെടുത്തും. ത്രിതല പഞ്ചായത്തുകളുമായി ചേർന്ന് മാലിന്യ സംസ്കരണ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. ഇതിനായി 10 കോടി രൂപ നീക്കിവെച്ചു.
ട്രാൻസ്ജെൻഡേഴ്സിന് 50 ലക്ഷം
സമൂഹത്തിൽ എപ്പോഴും അവഗണനക്കും പരിഹാസങ്ങൾക്കും വിധേയരാവുന്ന ട്രാൻസ് ജെൻഡറുകളെ സ്വഭാവ സവിശേഷതകൾ അറിഞ്ഞു കൊണ്ട് പരിഗണിക്കാനും ആവശ്യമായ പുനരധിവാസ സൗകര്യങ്ങൾ ഒരുക്കുന്നതിനും ചികിത്സ ആവശ്യമുള്ളവർക്ക് പ്രത്യേക മനഃശാസ്ത്ര -വൈദ്യ ക്ലിനിക്കുകൾ ഒരുക്കുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനുമുള്ള സമഗ്രവും നൂതനവുമായ പദ്ധതിക്ക് 50 ലക്ഷം രൂപ നീക്കിവെച്ചു.
പിങ്ക് ടെക്നീഷ്യൻ
ഓരോ വാർഡിൽനിന്ന് നാലുവനിതകളെ തെരഞ്ഞെടുത്ത് അവർക്ക് എ.സി, ഫ്രിഡ്ജ്, മറ്റു ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ റിപ്പയർ ചെയ്യുന്നതിന് അസാപ്പിന്റെ സഹകരണത്തോടെ മൂന്നുമാസത്തെ പരിശീലന കോഴ്സ് നൽകുകയും വിജയകരമായി കോഴ്സ് പൂർത്തീകരിക്കുന്നവർക്ക് സൗജന്യമായി ടൂൾ കിറ്റും നൽകുന്ന പദ്ധതിയാണിത്. ഇവർ പിങ്ക് ടെക്നീഷ്യൻ എന്ന് അറിയപ്പെടും. ഇവർക്ക് പ്രത്യേക യൂനിഫോമും നൽകും. ഇതിനായി 30 ലക്ഷം രൂപ വകയിരുത്തി.
മറ്റു പ്രഖ്യാപനങ്ങൾ
- റോഡുകളുടെ പുനരുദ്ധാരണത്തിന് 9.71 കോടി
- ആതവനാട്ടെ ജില്ല പൗൾട്രി ഫാം പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കി എഗ്ഗർ നഴ്സറിയുടെയും ഹാച്ചറിയുടെയും ഉൽപാദന വിതരണ സംവിധാനങ്ങൾ വിപുലീകരിക്കുന്നതിനും പൗൾട്രി ഫാമിൽ മുയലുകളെ വളർത്തി വിൽപന നടത്തുന്ന പദ്ധതി ആരംഭിക്കുന്നതിനും 1.25 കോടി രൂപ.
- ലൈഫ് ഭവന പദ്ധതിയിലേക്ക് ഗ്രാമ പഞ്ചായത്തുകൾക്ക് വിഹിതം നൽകുന്നതിന് 15 കോടിയും ഭൂരഹിതർക്ക് സ്വന്തമായി ഭൂമി വാങ്ങി നൽകുന്നതിന് 10 കോടിയും എച്ച്.ഐ.വി ബാധിതർക്കും ട്രാൻസ് ജെൻഡേഴ്സിനുമുള്ള പ്രത്യേക ഭവന പദ്ധതിക്ക് ഒരുകോടി രൂപയും.
- ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും കാർഷിക സമ്പത്തിലൂടെ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും സമഗ്ര പുരയിട കൃഷി (ടർഫ് കൃഷി) പദ്ധതിയുടെ ഭാഗമാക്കി മാറ്റുന്നതിന് 50 ലക്ഷം രൂപ.
- വനിതകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സ്വയം പര്യാപ്തരക്കുന്നതിനുമായി ജില്ല പഞ്ചായത്തിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽനിന്ന് കൈമാറിക്കിട്ടിയ നാല് ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ നവീകരണത്തിന് 30 ലക്ഷം രൂപ.
- സർക്കാർ ഉദ്യോഗം ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ പരിശീലനവും പിന്തുണയും നൽകുന്നതിനുമായി വിഭാവനം ചെയ്ത ഉദ്യോഗഭേരി പദ്ധതി നടപ്പാക്കുന്നതിന് 20 ലക്ഷം രൂപ വകയിരുത്തി.
- അനാഥകൾ പഠിക്കുന്ന കേന്ദ്രങ്ങളിൽതന്നെ പ്രത്യേക കൗൺസലിങ് സെന്റർ സ്ഥാപിക്കുന്നതിനും മികച്ച മോട്ടിവേഷൻ നൽകി അവരെ ഉയർത്തിക്കൊണ്ട് വരുന്നതിനുമായി 10 ലക്ഷം രൂപ.
- ഊരകം പഞ്ചായത്തിൽ പ്രവൃത്തി നടന്നു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സ്പോർട്സ് അക്കാദമി നിർമാണം പൂർത്തീകരിക്കുന്നതിന് ഒരുകോടി.
- സ്വയം തൊഴിൽ ചെയ്തും കച്ചവടം ചെയ്തും ജീവിക്കാൻ തയാറുള്ള അംഗ പരിമിതർക്ക് തൊഴിൽ യൂനിറ്റുകൾ സ്ഥാപിച്ചു നൽകുന്നതിന് 50 ലക്ഷം രൂപ.
- എസ്.സി-എസ്.ടി വികസനം 25.5 കോടി
- വീടും സ്ഥലവും ഇല്ലാത്ത എസ്.സി-എസ്.ടിക്കാർക്ക് 4.65 കോടി
- പട്ടികജാതി ഭവന സുരക്ഷക്കായി അഞ്ചുകോടി
- പട്ടികജാതി കോളനികളുടെ സമഗ്ര വികസനത്തിന് 3.5 കോടി
- എസ്.സി-എസ്.ടി കുടിവെള്ള പദ്ധതികള്‍ക്കായി മൂന്നുകോടി
- എസ്.സി-എസ്.ടി വിഭാഗങ്ങള്‍ കറവമാടുകളെ വാങ്ങാന്‍ രണ്ടുകോടി
- എസ്.ടി വിഭാഗങ്ങള്‍ക്ക് വനത്തില്‍നിന്ന് ലഭിക്കുന്ന തേനും മറ്റ് ഔഷധ വസ്തുക്കളും ശേഖരിക്കുന്നതിനും ശുദ്ധീകരിക്കുന്നതിനും ആവശ്യമായ മെഷീനറികളും മറ്റും നല്കുന്ന ഗോത്രാമൃതം പദ്ധതിക്ക് 35 ലക്ഷം
- എസ്.ടിക്കാര്‍ക്ക് ഗര്‍ഭിണികള്‍ക്ക് പോഷകാഹരത്തിന് 50 ലക്ഷം
- എസ്.സി വിദ്യാര്‍ഥികള്‍ക്ക് പി.എസ്. സി/യു.പി.എസ്.സി പരീക്ഷ കോച്ചിങിന് 20 ലക്ഷം
- എസ്.സി-എസ്.ടി വിദ്യാര്‍ഥികള്‍ക്ക് മെറിറ്റോറിയസ് സ്കോളര്‍ഷിപ്പിന് രണ്ടുകോടി
- എസ്.സി-എസ്.ടിക്കാര്‍ക്ക് വിദേശത്ത് തൊഴില്‍ നേടാന്‍ ധനസഹായം 50 ലക്ഷം
- എസ്.സി-എസ്.ടിക്കാര്‍ക്ക് ഹൈസ്കൂള്‍ കുട്ടികള്‍ക്ക് പ്രത്യേക കോച്ചിങ് 10 ലക്ഷം
- എസ്.സി-എസ്.ടിക്കാര്‍ക്ക് യുവതികള്‍ക്ക് മംഗല്യനിധിക്കായി 50 ലക്ഷം
- എസ്.സി-എസ്.ടിക്കാര്‍ക്ക് പഠനമുറിക്ക് ഒരു കോടി
- എസ്.സി-എസ്.ടി വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പിന് 50 ലക്ഷം
- പട്ടികവര്‍ഗ ഭവന പുനരുദ്ധാരണത്തിനും കുടിവെള്ളത്തിനും 1.76 കോടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.