വേണം, മലപ്പുറം ജില്ലക്ക് സ്വന്തം നീന്തൽക്കുളം
text_fieldsമലപ്പുറം: സംസ്ഥാനത്ത് പ്ലസ്വൺ പ്രവേശനത്തിന് നീന്തൽ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കാൻ വിദ്യാർഥികളുടെ നെട്ടോട്ടം. സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ രണ്ട് പോയൻറ് അധികം ലഭിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ കത്തുമായി വിദ്യാർഥികൾ അപേക്ഷ നൽകുന്നത്. തുടർന്ന് ജില്ല സ്പോർട്സ് കൗൺസിൽ വഴി ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടത്.
എന്നാൽ കുട്ടികൾക്ക് നീന്തൽ അറിയുമോ എന്ന് പരിശോധിക്കാൻ സ്പോർട്സ് കൗൺസിലിന് കീഴിൽ സംവിധാനമില്ല. കുളത്തിലോ പുഴകളിലോ നീന്താൻ സൗകര്യമൊരുക്കുകയാണ് വേണ്ടത്. ജില്ല സ്പോർട്സ് കൗൺസിലിന് കീഴിൽ സ്വന്തമായി നീന്തൽക്കുളമില്ല. പുഴകളിൽ കുട്ടികളെ നീന്തിക്കുന്നത് അപകടകരവുമാണ്. ജില്ല സ്പോർട്സ് കൗൺസിൽ നടത്തുന്ന ട്രയൽസിലൂടെ 10 മീറ്റർ നീന്തുന്നവർക്കാണ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. കോവിഡ് പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ തദ്ദേശ സ്ഥാപനങ്ങളിലെ സ്പോർട്സ് കൗൺസിലുകൾ നീന്തൽ പരിശീലനം നൽകി ജില്ല സ്പോർട്സ് കൗൺസിലുകൾക്ക് നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്നാണ് നിർദേശം.
തദ്ദേശ സ്ഥാപനങ്ങളിൽ സ്പോർട്സ് കൗൺസിൽ രൂപവത്കരിച്ചിട്ടില്ലെങ്കിൽ ജില്ല സ്പോർട്സ് കൗൺസിൽ നീന്താൻ കഴിയുമെന്ന് പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകണം. ഒട്ടുമിക്ക തദ്ദേശ സ്ഥാപനങ്ങളിലും സ്പോർട്സ് കൗൺസിൽ രൂപവത്കരിച്ചിട്ടില്ല. സ്പോർട്സ് കൗൺസിൽ അംഗീകരിച്ച ഏതെങ്കിലും നീന്തൽ മത്സരങ്ങളുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാലും സർട്ടിഫിക്കറ്റ് ലഭിക്കും. പ്രളയത്തിലും മറ്റു പ്രകൃതി ദുരന്തങ്ങളിലും രക്ഷനേടാൻ പ്രാപ്തരാണ് എന്ന് തെളിയിക്കാനാണ് നീന്തൽ സർട്ടിഫിക്കറ്റ്.
നിലവിൽ പഞ്ചായത്ത് അംഗം നൽകുന്ന സർട്ടിഫിക്കറ്റിൽ സ്പോർട്സ് കൗൺസിൽ കൗണ്ടർ സൈൻ ചെയ്യുക മാത്രമാണ് ചെയ്യുന്നത്. മുൻസിപ്പാലിറ്റി/പഞ്ചായത്ത് പരിശീലകനിൽനിന്ന് ലഭിച്ച സർട്ടിഫിക്കറ്റ് ജില്ല സ്പോർട്സ് കൗൺസിലിൽ സെക്രട്ടറിയുടെ കൗണ്ടർ െസെൻ ലഭിക്കുന്നതിന് സത്യപ്രസ്താവന സമർപ്പിക്കണം. സർട്ടിഫിക്കറ്റിെൻറ പൂർണ ഉത്തരവാദിത്തം വിദ്യാർഥിക്കും സർട്ടിഫിക്കറ്റുകൾ അനുവദിച്ചവർക്കുമാണെന്നും സ്പോർട്സ് കൗൻൺസിലിന് ഉത്തരവാദിത്വമില്ലെന്നുമുള്ള സത്യപ്രസ്താവനയാണ് വിദ്യാർഥികൾ ഒപ്പിട്ട് നൽകേണ്ടത്. കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് സ്പോർട്സ് കൗൺസിലിന് സ്വന്തമായി നീന്തൽക്കുളമുണ്ട്. ഇവിടെങ്ങളിൽ കുട്ടികളിൽനിന്ന് ഒരാൾക്ക് 100 രൂപ ഈടാക്കി നീന്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ജില്ലയിൽ രണ്ട് സ്വകാര്യ സ്കൂളുകളിൽ നീന്തൽക്കുളമുണ്ടെങ്കിലും കോവിഡ് നിയന്ത്രണം കാരണം മറ്റുള്ളവർക്ക് അനുമതി നൽകുന്നില്ല. പൊന്നാനി, എടപ്പാൾ, നിലമ്പൂർ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽനിന്ന് വിദ്യാർഥികൾ സർട്ടിഫിക്കറ്റിന് ദിവസവും എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.