കലൂരിന്റെ ഖൽബിലും മൊഞ്ചാണ് മലപ്പുറം
text_fieldsമലപ്പുറം: സൂപ്പര്‍ ലീഗ് കേരളയില്‍ പന്തുതട്ടിയ മലപ്പുറത്തിന്റെ സ്വന്തം മലപ്പുറം എഫ്.സിക്കായി ഗാലറിയില്‍ ഓളം തീര്‍ത്ത് ആരാധക കൂട്ടായ്മയായ അൾട്രാസ്. ശനിയാഴ്ച കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിൽ അരങ്ങേറിയ എം.എഫ്.സി ഉദ്ഘാടന മത്സരത്തിനിറങ്ങിയ മലപ്പുറം എഫ്.സിക്ക് വേണ്ടി ആർപ്പുവിളിക്കാൻ അൾട്രാസിന് കീഴിലെ നാലു ബസ്സുകളിലായി ഇരുനൂറിലധികം ആരാധകരാണ് കൊച്ചിക്ക് പുറപ്പെട്ടത്. ഫോഴ്സാ കൊച്ചിയുടെ തട്ടകത്തിൽ ആദ്യമത്സരത്തിനിറങ്ങിയ മലപ്പുറം എഫ്.സിക്ക് മികച്ച സ്വീകരണമാണ് അൾട്രാസ് സമ്മാനിച്ചത്. കളിയിൽ ഉടനീളം ആധിപത്യം പുലർത്തി എതിരാളികളെ മലർത്തിയടിക്കാൻ മലപ്പുറത്തിന് കരുത്തായതും ഈ ആരാധക പിന്തുണ കൊണ്ടാണ്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ആതിഥേയരെ മലപ്പുറം തകർത്തത്.
ജില്ലയിൽ നിന്നും പുറപ്പെട്ട നാല് ബസുകളിൽ രണ്ടെണ്ണം മഞ്ചേരിയിൽ നിന്നും ഓരോന്ന് വീതം പെരിന്തൽമണ്ണ, തിരൂർ എന്നിവിടങ്ങളിൽ നിന്നുമായിരുന്നു. ഇന്നലെ രാവിലെ 8.30 നാണ് ബസുകൾ പുറപ്പെട്ടത്. ബസിന് പുറമെ സ്വകാര്യ വാഹനങ്ങളിലും ട്രെയിനിലുമായി ധാരാളം ആരാധകർ വേറെയും കൊച്ചിയിലെത്തിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും കേരളത്തിന് പുറത്തുമായി ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമായ ധാരാളം മലപ്പുറം എഫ്.സി ഫാൻസും ഗാലറിയിലെത്തി.
കൊച്ചിയിലെ എവേ മത്സരം കാണാൻ അൾട്രാസ് ബസ് ഒരുക്കുന്നുണ്ടെന്ന് പ്രഖ്യാപിച്ചതോടെ സീറ്റുറപ്പിക്കാൻ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ സീറ്റുകളെല്ലാം ഫുൾ. ഇതോടെ നാലാമത്തെ ബസ്സും പ്രഖ്യാപിച്ചു. ടിക്കറ്റും ജഴ്സിയും സ്കാഫും ബോട്ടിൽ വെള്ളവും ഓരോരുത്തർക്കും നൽകി. തങ്ങളുടെ ടീമിനുവേണ്ടി തയ്യാറാക്കിയ ചാന്റുകൾ ആലപിച്ചായിരുന്നു ബസ്സിലെ യാത്ര.
ഉച്ചക്ക് ഒരു മണിക്ക് ചാവക്കാട് ബീച്ചിൽ നാലു ബസ്സിലെയും ആരാധകർ ഒരുമിച്ചുകൂടി. അവിടെ വെച്ച് ടീം ജേഴ്സിയും സ്കാർഫും ധരിച്ച് രാജകീയമായി സ്റ്റേഡിയത്തിലേക്ക്. വൈകിട്ട് അഞ്ചോടെയാണ് സ്റ്റേഡിയത്തിൽ എത്തിയത്. കളിക്കാൻ എത്തിയ ഇരുടീമുകളെയും മലപ്പുറം ഫുട്ബാൾ ക്ലബ് ആരാധക കൂട്ടായ്മയായ അൾട്രാസ് ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.
കളി തുടങ്ങിയതോടെ പ്രത്യേകം ബാനറുകളും ചാന്റും മറ്റുമായി വെസ്റ്റ് ഗ്യാലറി ഒന്നടങ്കം കളറാക്കി. മലപ്പുറത്തിന്റെ ഓരോ മുന്നേറ്റങ്ങൾക്കും ആരാധകരുടെ വലിയ ആർപ്പുവിളികളായിരുന്നു.
എവേ മത്സരം കളറാക്കിയ ആവേശത്തിൽ തന്നെ പന്താട്ടത്തിന്റെ പറുദീസയായ പയ്യനാട് ഹോം ഗ്രൗണ്ടിലും മനോഹരമായ അരങ്ങൊരുക്കാനാണ് മലപ്പുറം ആരാധകരുടെ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.