പയ്യനാട്ട് പന്താരവം
text_fieldsമലപ്പുറം: മലപ്പുറത്തുനിന്ന് സൂപ്പർ ലീഗ് കേരള ഫുട്ബാൾ ലീഗിലേക്ക് മലപ്പുറം ഫുട്ബാൾ ക്ലബ് വരുമ്പോൾ ഹോം ഗ്രൗണ്ടാകുക പയ്യനാട് സ്റ്റേഡിയം. ആഗസ്റ്റ് 31 മുതൽ നവംബർ രണ്ട് വരെ നടക്കുന്ന മത്സരത്തിന്റെ അന്തിമ ഷെഡ്യൂൾ ഉടൻ പുറത്തുവരും. ടീമംഗങ്ങളെ തെരഞ്ഞെടുക്കാൻ നടപടികൾ പുരോഗമിക്കുകയാണ്. ആഗസ്റ്റ് ഒന്നാകുമ്പോഴേക്ക് അന്തിമ ടീമിനെ പ്രഖ്യാപിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ക്ലബ്. തുടർന്ന് ഒരു മാസത്തോളം നീളുന്ന പരിശീലനവും സൗഹൃദ മത്സരങ്ങളുമുണ്ടാകും.
കാലിക്കറ്റ് സർവകലാശാല മൈതാനമാണ് പരിശീലനത്തിനും സൗഹൃദ മത്സരത്തിനും വേദിയാകുക. ടീമംഗങ്ങൾക്കും പരിശീലകർക്കും സർവകലാശാല പരിസരത്ത് തന്നെ താമസ സൗകര്യമൊരുക്കാനുള്ള ഒരുക്കത്തിലാണ് ക്ലബ്. മികച്ച നിലവാരത്തിലേക്ക് ക്ലബിനെയും കളിക്കാരെയും ഉയർത്തുകയാണ് ലക്ഷ്യം. ആദ്യഘട്ടങ്ങളിൽ പയ്യനാടും സർവകലാശാലയും പ്രയോജനപ്പെടുത്തുമെങ്കിലും തുടർന്ന് സ്വന്തം നിലയിൽ മൈതാനം ഒരുക്കാനാണ് അധികൃതരുടെ ശ്രമം. വാഴക്കാടായിരിക്കും മൈതാനം സജ്ജമാക്കുക.
ഇംഗ്ലണ്ടിലെ ജോൺ ചാൾസ് ഗ്രിഗറിയാണ് ടീമിന്റെ മുഖ്യ പരിശീലനാകുക. ഇതിന് ഏകദേശ ധാരണയായിട്ടുണ്ട്. ജൂലൈ 26ന് നടക്കുന്ന ക്ലബ് ലോഞ്ചിങ് ചടങ്ങിൽ പരിശീലകൻ പങ്കെടുക്കും. 2017-‘19ൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ചെന്നൈയിൻ എഫ്.സിയുടെ മുൻ പരിശീലകൻ കൂടിയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തിൽ ടീം തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അടുത്ത ഘട്ടം മുതൽ പ്രാദേശികമായി കളിക്കാരെ കണ്ടെത്താനും ക്ലബിന് പദ്ധതിയുണ്ട്. ഇത് യാഥാർഥ്യമായാൽ മലപ്പുറത്തെ നിരവധി കളിക്കാർക്ക് പ്രയോജനകരമാകും.
വീണ്ടും പന്തുരുളും
മലപ്പുറം: ഇടവേളക്ക് ശേഷം പയ്യനാട്ടിൽ പന്തുരുളും. ഐ ലീഗ് ഫുട്ബാൾ നടന്നശേഷമാകും മൈതാനം വീണ്ടും കളി ആരവത്തിലേക്ക് വരുക. 2022-‘23 വർഷത്തിൽ ഗോകുലം എഫ്.സിയുടെ ഹോം ഗ്രൗണ്ടായി പരിഗണിച്ചാണ് ഐ ലീഗ് മത്സരം അരങ്ങേറിയത്. 2022ൽ സന്തോഷ് ട്രോഫി മത്സരവും നടന്നു. അന്ന് മൈതാനം നിറഞ്ഞ് കവിയുന്ന സ്ഥിതിയുമുണ്ടായി. കേരളം-പശ്ചിമ ബംഗാൾ ഫൈനൽ മത്സരം നേരിട്ട് കാണാൻ കഴിയാതെ നിരവധി പേരാണ് നിരാശരായി മടങ്ങേണ്ടി വന്നത്. തുടർന്ന് ഏറെ കാലം മൈതാനം കാര്യമായ മത്സരങ്ങൾ നടക്കാതെ അടഞ്ഞ് കിടക്കുകയാണ്. ഈ പ്രശ്നം സൂപ്പർ ലീഗ് കേരള വരുന്നതോടെ മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.