മുണ്ടുപറമ്പിൽ വീണ്ടും പന്തുരുളും
text_fieldsമലപ്പുറം: മുണ്ടുപറമ്പിൽ സ്ഥിതി ചെയ്യുന്ന മലപ്പുറം ഗവ. കോളജ് മൈതാനം തുടർന്നും നാട്ടുകാർക്ക് കളിക്കാനായി തുറന്നുനൽകണമെന്ന് സർക്കാർ പ്രിൻസിപ്പലിന് നിർദേശം നൽകി. മൈതാനത്തിന് സമീപം വനിത ഹോസ്റ്റൽ വന്നതോടെ സുരക്ഷപ്രശ്നങ്ങൾ കണക്കിലെടുത്ത് ഇവിടെനിന്ന് നാട്ടുകാരെ കോളജ് അധികൃതർ വിലക്കിയിരുന്നു. വർഷങ്ങളായി കളിക്കുന്ന മൈതാനം വിലക്കിയത് വലിയ പ്രതിഷേധത്തിന് കാരണമായെങ്കിലും കോളജ് അധികാരികൾ തീരുമാനത്തിൽനിന്ന് പിന്മാറിയില്ല. തുടർന്ന് മുണ്ടുപറമ്പ് യുവജനക്കൂട്ടായ്മ പി. ഉബൈദുല്ല എം.എൽ.എക്ക് നിവേദനം നൽകുകയും അദ്ദേഹം പ്രശ്നം സർക്കാറിൽ ഉന്നയിക്കുകയുമായിരുന്നു. ഇതോടെ ക്ലാസ് സമയങ്ങളിലൊഴികെ രാവിലെയും വൈകീട്ടും നാട്ടുകാർക്ക് കളിസ്ഥലം മുമ്പുള്ളതുപോലെതന്നെ ഉപയോഗിക്കാൻ വിട്ടുനൽകണമെന്ന് സർക്കാർ ഉത്തരവിറക്കി. മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി, കോളജ് പ്രിൻസിപ്പൽ ഡോ. കെ.കെ. ദാമോദരൻ എന്നിവരുടെ നേതൃത്വത്തിൽ വിഷയവുമായി ബന്ധപ്പെട്ട് ചർച്ച നടത്തി.
വനിത ഹോസ്റ്റലിന്റെ പേരിൽ കളിക്കളം നിഷേധിക്കരുതെന്ന നാട്ടുകാരുടെ ആവശ്യത്തോട് അനുകൂല നിലപാടാണ് യോഗത്തിൽ ഭൂരിപക്ഷവും ഉയർത്തിയത്. സുരക്ഷക്കായുള്ള നിർദേശങ്ങൾ നടപ്പാക്കുന്ന മുറക്ക് പൂർണമായിതന്നെ മൈതാനം നാട്ടുകാർക്കും ഉപയോഗിക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.
സുരക്ഷക്കായി ആദ്യഘട്ടത്തിൽ ഹോസ്റ്റൽ പരിസരത്ത് സി.സി ടി.വി കാമറകൾ സ്ഥാപിക്കും. ഇതിന് നടപടി ആരംഭിച്ചു. ഈ മാസം 15ന് മുമ്പ് കാമറകൾ സ്ഥാപിക്കാനാണ് നിർദേശം. ഇവ സ്ഥാപിച്ച് കഴിഞ്ഞാൽ രാവിലെ മാത്രം നാട്ടുകാർക്ക് ഗ്രൗണ്ട് ഉപയോഗിക്കാം. ചുറ്റുമതിൽ സ്ഥാപിക്കലും സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കലും പൂർത്തിയായാൽ വൈകീട്ടും കളിക്കാനായി മൈതാനം വിട്ടുനൽകും. നഗരസഭ പ്രതിപക്ഷ നേതാവ് ഒ. സഹദേവൻ, കൗൺസിലർമാരായ ജുമൈല, സുഹൈൽ, നാട്ടുകാരെ പ്രതിനിധാനം ചെയ്ത് ഷെമീർ, ജലീൽ ഉമ്മാട്ട്, സദ്ദാദ്, ഗഫൂർ നെച്ചിക്കണ്ടൻ എന്നിവരും യോഗത്തിൽ സംബന്ധിച്ചു. മാസങ്ങള്‍ക്ക് മുമ്പ് പ്രധാന കവാടത്തിന് പുറമെ ഗ്രൗണ്ടിലേക്ക് കടക്കാനുള്ള ഏകവഴി മതില്‍കെട്ടി അടച്ചിരുന്നു. ഇതിനെതിരെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.